TopTop
Begin typing your search above and press return to search.

ഗ്രീൻലാൻഡിനോട് ഇത് ചെയ്യില്ലെന്ന് ട്രംപിന്റെ വാഗ്ദാനം; പക്ഷേ, ഡെന്‍മാര്‍ക്കിന് താത്പര്യമില്ല; യാത്ര റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്‍റ്

ഗ്രീൻലാൻഡിനോട് ഇത് ചെയ്യില്ലെന്ന് ട്രംപിന്റെ വാഗ്ദാനം; പക്ഷേ, ഡെന്‍മാര്‍ക്കിന് താത്പര്യമില്ല; യാത്ര റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്‍റ്

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ വിലക്കുവാങ്ങണമെന്ന ആഗ്രഹം ട്രംപ് ഉപേക്ഷിച്ചിട്ടില്ല. അതിന്‍റെ സാധ്യതകളെ കുറിച്ച് ട്രംപ് തന്റെ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയത് പുറംലോകം അറിഞ്ഞതോടെ അമേരിക്കന്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡെന്‍മാര്‍ക്കും രംഗത്തെത്തിയിരുന്നു. അതിനു ശേഷവും ട്രംപ് പിന്മാറിയില്ല. തന്റെ ഉള്ളിലെ പഴയ റിയല്‍ ഏസ്റ്റേറ്റ് ബിസിനസുകാരന്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞ കാര്യങ്ങള്‍.

ട്രംപ് ടവർ പോലുള്ള ബഹുനില കെട്ടിടങ്ങള്‍ ഗ്രീന്‍ലാന്‍ഡില്‍ നിര്‍മ്മിക്കില്ല എന്നാണ്‌ ട്രംപ് കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്. ഗ്രീന്‍ലാന്‍ഡിലെ മനോഹരമായ ചെറു വീടുകള്‍ക്കിടയില്‍ ഭീമാകാരമായ ട്രംപ് ടവറിന്‍റെ ഫോട്ടോ എഡിറ്റു ചെയ്തു കയറ്റിയാണ് അദ്ദേഹം ‘ഗ്രീൻലാൻഡിനോട് ഇത് ചെയ്യില്ലെന്ന്’ വാഗ്ദാനം നല്‍കുന്നത്. ഡെന്മാര്‍ക്കിന് കീഴില്‍ സ്വതന്ത്ര പദവിയുള്ള പ്രദേശമാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ്. ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് ട്രംപിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

എന്തൊക്കെ ആയാലും ഗ്രീൻലാൻഡിനും ഡെൻമാർക്കിനും ട്രംപിന്‍റെ ഈ ആഗ്രഹങ്ങള്‍ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. വിൽപ്പനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ 'അസംബന്ധം' എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. വ്യവസായരംഗത്ത് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ വില്‍പ്പനയ്ക്കില്ല എന്ന് ഗ്രീന്‍ലാന്‍ഡ് വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിരുന്നു. ‘ഡെൻമാർക്ക് ഞങ്ങളുടെ വളരെ നല്ല സഖ്യകക്ഷിയാണ്, ലോകത്തിന്റെ വലിയ ഭാഗങ്ങൾ സംരക്ഷിക്കുന്നതുപോലെ ഞങ്ങൾ ഡെൻമാർക്കിനെയും സംരക്ഷിക്കുന്നു. ഇപ്പോൾ ഇങ്ങനെയൊരു ആശയം വന്നു, ഞാൻ പറഞ്ഞു’ എന്നുമാത്രം എന്നാണ് അദ്ദേഹം അതിനു മറുപടി നല്‍കിയത്.

എന്നിട്ടും ഒരു ചര്‍ച്ചക്കുപോലും ഗ്രീൻലാൻഡ് തയ്യാറല്ല എന്ന് കണ്ടതോടെ ഡെൻമാർക്കിലേക്ക് നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര ട്രംപ് പൊടുന്നനെ റദ്ദാക്കി. ഇന്നലെ രാത്രിയാണ് അതുസംബന്ധിച്ച് അദ്ദേഹം ട്വീറ്റു ചെയ്തത്. ‘ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെന് ഗ്രീൻ‌ലാൻ‌ഡ് വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍പോലും താല്‍പര്യമില്ല. അതുകൊണ്ട് സന്ദര്‍ശനം മറ്റൊരു സമയത്താകാം’ എന്ന് അദ്ദേഹം പറഞ്ഞു. മാർഗ്രെറ്റ്-II രാജ്ഞിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 2, 3 തീയതികളിലാണ് ട്രംപ് കോപ്പൻഹേഗൻ സന്ദർശിക്കാനിരുന്നത്.

നാറ്റോ അംഗമാണ് ഡെൻമാർക്ക്. അമേരിക്കയെപോലെ മറ്റൊരു അംഗരാജ്യവും സൈനികമായി നാറ്റോയേ ശക്തിപ്പെടുത്തുന്നില്ല എന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. അതുകൊണ്ടുതന്നെ നാറ്റോയുടെ വലിയ വിമർശകനുമാണ് അദ്ദേഹം. മിസൈൽ മുന്നറിയിപ്പുകൾക്കും ബഹിരാകാശ നിരീക്ഷണത്തിനുമായി റഡാറുകളും സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമായ ഗ്രീൻ‌ലാൻഡിലെ തുലെ എയർ ബേസിൽ അമേരിക്കൻ സൈന്യം പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നുണ്ട്.


Next Story

Related Stories