UPDATES

വിദേശം

അഞ്ച് ദിവസത്തിനിടെ രണ്ട് മിസൈല്‍ പരീക്ഷണം: ‘ആര്‍ക്കും സന്തോഷിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്’ ഉത്തര കൊറിയയില്‍ നടക്കുന്നതെന്ന് ട്രംപ്

ഉത്തര കൊറിയയുമായി രണ്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചത് ട്രംപിന്‍റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു

ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തി അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും പരീക്ഷണം നടത്തിയതിലൂടെ ഉത്തര കൊറിയ ‘ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന്’ തനിക്ക് തോന്നുന്നില്ലെന്ന് ഡോണാള്‍ഡ് ട്രംപ്. വിഷയം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും, ആര്‍ക്കും സന്തോഷിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കിം ജോങ് ഉൻ സർക്കാരുമായുള്ള ബന്ധം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് കിമ്മുമായി മൂന്നാമതൊരു കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ഉത്തര കൊറിയക്കുമേലുള്ള ഉപരോധം പിൻവലിക്കുന്നതിന്‍റെ മുന്നോടിയായി അവരുടെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചർച്ചകൾക്കും യുഎസുമായുള്ള കൂടിയാലോചനകൾക്കും തടസ്സം സൃഷ്ടിക്കുന്ന നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഉത്തര കൊറിയയുമായി രണ്ട് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചത് ട്രംപിന്‍റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, വടക്കന്‍ കൊറിയയെക്കൊണ്ട് ആണവനിരായുധീകരണം സാധ്യമാക്കുവാനോ, അവര്‍ക്കുമേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കുവാനോ ഇതുവരെ സാധിച്ചിട്ടില്ല.

ചര്‍ച്ചകള്‍ നടക്കുമെന്ന ശുഭപ്രതീക്ഷകള്‍ക്കിടയിലാണ് മറ്റൊരു വാര്‍ത്ത കൂടെ അമേരിക്കയില്‍ നിന്നും പുറത്തു വരുന്നത്. യുഎൻ ഉപരോധത്തെ മറികടന്നുകൊണ്ട് റഷ്യയിൽ നിന്ന് കൽക്കരി കടത്തുന്നു എന്ന് ആരോപിച്ച് വടക്കൻ കൊറിയയുടെ ഒരു ചരക്ക് കപ്പൽ യു.എസ് പിടിച്ചെടുത്തതായി യു.എസ്സിലെ സാമൂഹികനീതി വകുപ്പ് സ്ഥിരീകരിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 2018 ഏപ്രിലിൽ ഇന്തോനേഷ്യൻ അധികൃതർ ഇതേ കപ്പൽ പിടികൂടിയിരുന്നു.

മോക്ക് ഡ്രില്ലിന്‍റെ ഭാഗമായിട്ടാണ് ശനിയാഴ്ച മൾട്ടിപ്പിൾ ലോങ്റേഞ്ച് മിസൈൽ റോക്കറ്റ് ലോഞ്ചറുകളും ജിപിഎസ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് കൃത്യമായി ലക്ഷ്യസ്ഥാനം ഭേദിക്കാവുന്നവയും ഉത്തരകൊറിയ പരീക്ഷിച്ചത്. വടക്കൻ കൊറിയയിലെ അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീഫൻ ബീഗൺ ദക്ഷിണ കൊറിയയിലെത്തിയ സമയത്തുതന്നെയാണ് പരീക്ഷണം നടന്നത് എന്നതും ശ്രദ്ധേയമാണ്. പരീക്ഷണത്തിനെതിരെ രംഗത്തുവന്ന ദക്ഷിണ കൊറിയയെ രൂക്ഷമായി പരിഹസിക്കുവാനും ഉത്തരകൊറിയ മറന്നില്ല.

മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ യുഎസുമായുള്ള ബന്ധം തകരുന്ന രീതിയില്‍ കിം ജോങ് ഉന്‍ ഒന്നും ചെയ്യില്ല എന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരകൊറിയയുമായി ശാശ്വതസമാധാനത്തിന് ഇനിയയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

Also Read-  കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍