TopTop

കോംഗോയില്‍ എബോള ആഞ്ഞടിക്കുന്നു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് കലാപകാരികള്‍

കോംഗോയില്‍ എബോള ആഞ്ഞടിക്കുന്നു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് കലാപകാരികള്‍
മധ്യആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള വൈറസ് ബാധ പ്രതിരോധിക്കാനാവാത്ത വിധം പടര്‍ന്നു പിടിക്കുന്നെന്നു റിപ്പോര്‍ട്ട്. 2013-16 കാലയളവില്‍ പടിഞ്ഞാറൻ ആഫ്രിക്കയെ എബോള പിടിച്ചുലച്ചിരുന്നു. സമാനമായ ദുരന്തമാണ് കോംഗോ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറസ് ബാധ ഏല്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ്. ദശകങ്ങളായി തുടരുന്ന അവഗണനയും, സംഘര്‍ഷങ്ങളും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യ സംവിധാനങ്ങളെല്ലാം തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. അതിനിടയിലാണ് സായുധ സംഘങ്ങൾ തീവ്രമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ വൈറസ് ബാധയാണ് ഇതെന്ന് വെൽക്കം ട്രസ്റ്റ് തലവൻ ജെറെമി ഫറാര്‍ പറയുന്നു. ‘ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് പടരുന്നില്ല എന്ന് കാണാം. പക്ഷെ, നിലവില്‍ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. അത് ഭീകരമാംവിധം ഉയരുകയും ചെയ്യുന്നുണ്ട്’ അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ആറു മുതൽ ഒൻപത് മാസം വരെയെങ്കിലും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചാലേ അരോഗ്യ പ്രവര്‍ത്തകര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. യുഎൻ, റെഡ് ക്രോസ് തുടങ്ങിയ സംഘടനകളോട് അതിനായുള്ള ശ്രമങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ജെറെമി ഫറാര്‍ പറഞ്ഞു.

കോംഗോയുടെ വടക്കൻ കിവു മേഖലയിൽ 1,800-ലധികം പേരില്‍ എബോള വൈറസ് സ്ഥിരീകരിച്ചു. ആയിരത്തിലധികം പേർ ഇതിനകം മരിച്ചു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. 10 മാസം മുന്‍പ് എബോള ആദ്യം റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ രോഗബാധയേല്‍ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. 67% എന്ന ചരിത്രത്തിലെ ഏറ്റവും വലിയ മരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ബ്യൂട്ടെന്‍പോയിലെ ചികിത്സാ കേന്ദ്രത്തിന് നേരെ രാജ്യത്തെ വിമത വിഭാഗം സായുധ ആക്രമണം നടത്തി. എബോള രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ള പ്രദേശമാണിത്. ഈ ആഴ്ചയിൽ, കത്വായിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ നടന്ന ആക്രമണത്തില്‍ രണ്ടു രോഗികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുടെ (ഐആര്‍സി) മൂന്ന് ആരോഗ്യ കേന്ദ്രങ്ങളാണ് കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചത്. അതോടെ വടക്കൻ കിവുവിലെ സ്ഥിതി കൂടുതൽ വഷളായി എന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാണെന്നും ഐആര്‍സി തലവന്‍ ഡേവിഡ് മിലിബാൻഡ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കില്‍ രോഗ പ്രതിരോധം ശ്രമകരമായിരിക്കുമെന്ന് ഡബ്യൂ.എച്ച്.ഒയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡബ്യൂ.എച്ച്.ഒയുടെ എപ്പിഡെമിയോളജിസ്റ്റ് കഴിഞ്ഞമാസം പ്രദേശവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങള്‍ മൂലം രണ്ട് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ എബോള ബാധിത മേഖലകളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

കോംഗോയില്‍ ദശാബ്ദങ്ങളായി ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം വിമത ഗ്രൂപ്പുകള്‍ ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൂടാതെ രോഗവ്യാപനം സംബന്ധിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

Read: വായ്പ തീർക്കാൻ വിഷു ബംബര്‍ പൂജയ്ക്ക് വെച്ച് ചന്ദ്രനും കൃഷ്ണമ്മയും, ലേഖ എതിര്‍ത്തു; ജപ്തി ഭീഷണിയും മന്ത്രവാദവും നെയ്യാറ്റിന്‍കരയില്‍ രണ്ടു ജീവനെടുത്തത് ഇങ്ങനെയാണ്

Next Story

Related Stories