TopTop
Begin typing your search above and press return to search.

വടക്കന്‍ കൊറിയയുടെ ആണവ നിരായുധീകരണം വ്യാമോഹം മാത്രമോ? ട്രംപ്-കിം കൂടിക്കാഴ്ച ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

വടക്കന്‍ കൊറിയയുടെ ആണവ നിരായുധീകരണം വ്യാമോഹം മാത്രമോ? ട്രംപ്-കിം കൂടിക്കാഴ്ച ഉയര്‍ത്തുന്ന പ്രതീക്ഷകള്‍
വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോങ് ഉന്നുമായി യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സിംഗപ്പൂരില്‍ ചൊവ്വാഴ്ച്ച നടത്തുന്ന കൂടിക്കാഴ്ചയുടെ ഫലം എന്താകുമെന്നതില്‍ വലിയ കണക്കുകൂട്ടലുകളാണ് നടക്കുന്നത്.

ഈ ഉച്ചകോടി തന്നെ വലിയ വഴിത്തിരിവാണ്. ഒരു യു എസ് പ്രസിഡണ്ട് ഇതിന് മുമ്പൊരിക്കലും ഒരു വടക്കന്‍ കൊറിയന്‍ ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. സാങ്കേതികമായി നോക്കിയാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ യു എസുമായി ഏറ്റവും കൂടുതല്‍ കാലം യുദ്ധത്തില്‍ ഏര്‍പ്പെട്ട രാജ്യമാണ് വടക്കന്‍ കൊറിയ. 1950-53-ലെ കൊറിയന്‍ യുദ്ധം ഒരു താത്ക്കാലിക വെടിനിര്‍ത്തലിലാണ് അവസാനിച്ചത്.

എന്തു സംഭവിച്ചാലും കൂടിക്കാഴ്ച്ച ഒരു വിജയമാണെന്ന് പ്രഖ്യാപിക്കാന്‍ ഇരുനേതാക്കള്‍ക്കും തങ്ങളുടേതായ ശക്തമായ കാരണങ്ങളുണ്ട്. ചെറിയ മുഖം മിനുക്കലുകളെ നിര്‍ണായക വഴിത്തിരിവുകളായി കാണിക്കാനും അവര്‍ക്ക് കാരണങ്ങളുണ്ട്. ഒരു ആദ്യ കൂടിക്കാഴ്ചയുടേതിനേക്കാള്‍ എത്രയോ അധികമാണ് ഇതിനുള്ള പ്രാധാന്യം.

പെരുപ്പിച്ചുകാട്ടലില്‍ നിന്നും യഥാര്‍ത്ഥ പുരോഗതി മനസിലാക്കാന്‍ എന്താണ് വഴി?

യഥാര്‍ത്ഥ വിജയത്തിനു വേണ്ട ചില പ്രധാന സംഗതികള്‍- പക്ഷം പിടിച്ചുള്ള അവകാശവാദങ്ങളല്ലാതെ-എന്താണെന്ന് ചുരുക്കത്തില്‍ നോക്കാം.

നേട്ടങ്ങള്‍

ട്രംപും കിമ്മും ചര്‍ച്ചയെ ഗൌരവത്തോടെയാണ് കാണുന്നതെങ്കില്‍ മറുകക്ഷിക്ക് ആവശ്യമുള്ള എന്തെങ്കിലുമായിട്ടാകണം അവര്‍ ചര്‍ച്ചയ്ക്കെത്തേണ്ടത്.

ഇരുകൂട്ടരും വലിയ പ്രകടനാത്മകളുടെ രീതികള്‍ കൊണ്ടുനടക്കുന്നതിനാല്‍, കിം തന്റെ ചില ആണവായുധങ്ങളും ആണവ വസ്തുക്കളും ചില മിസൈലുകള്‍ തന്നെയും കൈമാറാനും ട്രംപ് ഒരു സമാധാന പ്രഖ്യാപനം നടത്താനും സാധ്യതയുണ്ടെന്ന് പലരും കരുതുന്നു. ഇതിലേത് സംഭവിച്ചാലും അത് നിലവിലെ സാഹചര്യത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ളതാണ്.

പക്ഷേ ഒരിക്കല്‍ മാത്രമുള്ള സാധ്യതയെക്കുറിച്ച് ജാഗ്രതവേണം. അവിടെയാണ് ഈ ഉച്ചകോടി ഒരു നാടകീയ ശ്രദ്ധ തിരിക്കല്‍ മാത്രമായി മാറുക. ചില കൃത്യമായ കാമ്പുള്ള നടപടികള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെങ്കിലും അടിയന്തര പരിഹാരങ്ങള്‍ ആവശ്യപ്പെടുന്നത് യുക്തിസഹമല്ല. ഉടന്തടിയുള്ള നടപടികള്‍ പ്രതികൂലഫലങ്ങളാകും ചിലപ്പോള്‍ ഉണ്ടാക്കുക. ഇത്തരത്തിലുള്ള ഒരു ഉച്ചകോടിയുടെ വിജയം ഒരു ദിവസംകൊണ്ടല്ല അളക്കേണ്ടത്. അതൊരു പ്രക്രിയയാണ്.

തീര്‍ച്ചയായും, അത് പരാജയപ്പെടുന്നില്ലെങ്കില്‍ മാത്രം.

ഒത്തുതീര്‍പ്പുകള്‍ക്കുള്ള സന്നദ്ധത

തങ്ങളുടെ ‘പരമാവധി സമ്മര്‍ദം’ ചെലുത്തിയ കര്‍ക്കശ നിയന്ത്രണങ്ങളും രാഷ്ട്രീയ സമ്മര്‍ദവുമാണ് കിമ്മിനെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് വരാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് ട്രംപ് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ സംഭാഷണങ്ങളില്‍ മുന്നോട്ടുപോകണമെങ്കില്‍ പരസ്പരം ഇളവുകള്‍ നല്‍കിയെ തീരൂ.

അന്തിമമായി വാഷിംഗ്ടണിന്റെ ലക്ഷ്യം, വടക്കന്‍ കൊറിയയുടെ “സമ്പൂര്‍ണവും, പരിശോധിക്കാവുന്നതും, തിരിച്ചുപോക്കില്ലാത്തതുമായ ആണവ നിരായുധീകരണമാണ്." അതൊരു വ്യാമോഹത്തോളമെത്തുന്ന ലക്ഷ്യമാണ്. കിം ആ വഴിക്കു നീങ്ങിയാല്‍ പോലും, അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഒട്ടും വ്യക്തമല്ല, അതിനു നിരവധി വര്‍ഷങ്ങളും, പലവട്ട ചര്‍ച്ചകളും എങ്ങനെയാണ് പരിശോധനകളും പ്രക്രിയകളും നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതിനെക്കുറിച്ച് കരാറുകളും വേണ്ടിവരും. അതുകൊണ്ടുതന്നെ തങ്ങളുടെ അന്തിമലക്ഷ്യത്തിലേക്കെത്താനുള്ള സമയത്തില്‍ വാഷിംഗ്ടണ്‍ ഇളവുകള്‍ നല്‍കിയെ മതിയാകൂ.

മറുവശത്ത്, ഇപ്പോഴുള്ള ഈ ചര്‍ച്ചയുടെ അന്തരീക്ഷം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ കിം ചില ഗണ്യമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടിവരും. ഇതിനകംതന്നെ അയാള്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്- മൂന്നു അമേരിക്കന്‍ തടവുകാരെ വടക്കന്‍ കൊറിയ മോചിപ്പിച്ചു, ആണവ പരീക്ഷണ സ്ഥലം അടച്ചു, ആണവ പരീക്ഷണങ്ങള്‍ക്കും ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ക്കും ഏകപക്ഷീയമായി നിര്‍ത്തിവെക്കല്‍ പ്രഖ്യാപിച്ചു. സംഭാഷണങ്ങള്‍ക്കുള്ള വളരെ അനുകൂലമായ നടപടികളാണ് ഇവ. പക്ഷേ അവയും പരമാവധി പകുതിയെ എത്തുന്നുള്ളൂ.

വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയാത്തതോ, ചെയ്താല്‍ തിരിഞ്ഞുപോക്ക് എളുപ്പമല്ലാത്തതോ ആയ ചില സംഗതികള്‍ക്കായി ഇരുഭാഗവും സമ്മതിക്കുകയാണെങ്കില്‍ അത് സ്ഥിതിഗതികളില്‍ പുരോഗതിയുണ്ട് എന്നതിന്റെ ഉറപ്പുള്ള ലക്ഷണമായിരിക്കും.

പ്രതിബദ്ധതയും അടുത്ത നടപടികളും

അവസാന ഘട്ടത്തിലെ സൌഹൃദ വര്‍ത്തമാനങ്ങള്‍ ഉണ്ടെങ്കിലും വാഷിംഗ്ടണും പ്യോങ്യാങിനും ഇടയില്‍ കടുത്ത എതിര്‍പ്പുകളുണ്ട്. അവ പരിഹരിക്കാന്‍ നീണ്ട നാളെടുക്കും.

പുരോഗതി ഉണ്ടാക്കണമെങ്കില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍- അവ ഇരു നേതാക്കളും തമ്മിലാകണമെന്നില്ല- തുടരേണ്ടതുണ്ട്.

മൂര്‍ത്തമായ ഭാവി നടപടികള്‍ പ്രഖ്യാപിക്കുന്ന ഒരു സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്. ട്രംപും കിമ്മും തമ്മിലുണ്ടാക്കുന്ന കരാറുകള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തന തല ചര്‍ച്ചകളാണ് നിര്‍ണ്ണായകം. കാരണം നടത്തിപ്പിലും വ്യാഖ്യാനത്തിലുമാണ് യു എസും വടക്കന്‍ കൊറിയയുമായുള്ള കരാറുകള്‍ തകര്‍ന്നുവീഴാറുള്ളത്.

വടക്കന്‍ കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികളെ അഭിസംബോധന ചെയ്യാതെയുള്ള സംഭാഷണത്തിന് വേണ്ടി മാത്രമുള്ള സംഭാഷണങ്ങള്‍ കിമ്മിന്റെ ഉദ്ദേശങ്ങള്‍ക്ക് പാകമാകുമെങ്കിലും വാഷിംഗ്ടനെ സംബന്ധിച്ചു വലിയ പിഴവാകും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories