TopTop
Begin typing your search above and press return to search.

ഡെമോക്രാറ്റുകള്‍ക്ക് വന്‍ കുതിപ്പ്; ഇത് ട്രംപിന്റെ പടിയിറക്കമോ?

ഡെമോക്രാറ്റുകള്‍ക്ക് വന്‍ കുതിപ്പ്; ഇത് ട്രംപിന്റെ പടിയിറക്കമോ?
ഡെമോക്രാറ്റുകള്‍ കൊട്ടിഘോഷിച്ചതുപോലെ ഒരു നീല തരംഗം ഉണ്ടായില്ലെങ്കിലും വാഷിംഗ്ടണിനു മേലുള്ള ഒറ്റ കക്ഷി നിയന്ത്രണം അവസാനിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനകളാണ് അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് നല്‍കുന്നത്. ഗ്രാമീണ മേഖലയില്‍ ട്രംപിന്റെ നിയന്ത്രണം ഉറപ്പായപ്പോള്‍ നഗര മേഖലകളിലുള്ള വോട്ടര്‍മാര്‍ വ്യക്തമായ സന്ദേശമാണ് വൈറ്റ് ഹൌസിന് നല്‍കുന്നത്; പ്രസിഡന്‍റിനു ഒരു തിരുത്തല്‍ വേണം.

പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം പ്രകാരം നിലവില്‍ ജന പ്രതിനിധി സഭയില്‍ 218 സീറ്റുകള്‍ നേടി ഡെമോക്രാറ്റ് നിയന്ത്രണം പിടിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 26 സീറ്റുകള്‍ നഷ്ടപ്പെട്ട് 192 സീറ്റാണ് ലഭിച്ചത്. എന്നാല്‍ സെനറ്റില്‍ മുന്‍തൂക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. അവര്‍ക്ക് 51 സീറ്റ് ലഭിച്ചപ്പോള്‍ മൂന്ന് സീറ്റ് നഷ്ടത്തില്‍ 44 സീറ്റാണ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചത്. അതേസമയം ഗവര്‍ണ്ണര്‍ തെരഞ്ഞെടുപ്പില്‍ ആറിടങ്ങളില്‍ വിജയിച്ച് 21 ഗവര്‍ണര്‍മാരാണ് ഡെമോക്രാറ്റ്സിന് കിട്ടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍മാര്‍ 25ഉം.

ഈ ജനുവരിയില്‍ കോണ്‍ഗ്രസ്സ് സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വരുന്നതോടെ ഭരണത്തിലുള്ള ട്രംപിന്റെ അധികാരത്തെ നിയന്ത്രിക്കാനും ട്രംപും സംഘവും നടത്തി എന്നു ആരോപിക്കപ്പെടുന്ന വഴിവിട്ട കാര്യങ്ങളിലുള്ള അന്വേഷണത്തിന് വേണ്ടി മുറവിളി കൂട്ടാനും ഡെമോക്രാറ്റുകള്‍ക്ക് സാധിക്കും.

ഗവണ്‍മെന്‍റ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം എന്നും, എന്താണ് ജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നതിന്റെയും വ്യക്തമായ സന്ദേശമാണ് അമേരിക്കന്‍ ജനത നല്‍കിയിരിക്കുന്നത് എന്നു ഡെമോക്രാറ്റ് പ്രതിനിധി ജെറോള്‍ഡ് നാഡ്ലര്‍ ട്വീറ്റ് ചെയ്തു. പ്രസിഡന്റിന് ഇത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നതല്ല പ്രശ്നം. അയാളും അയാളുടെ ഭരണകൂടവും രാജ്യത്തെ നിയമങ്ങള്‍ക്കും ജനങ്ങള്‍ക്കും വിധേയപ്പെട്ട് നില്‍ക്കേണ്ടവരാണ് എന്നതാണ്.

ഇടക്കാല തിരഞ്ഞെടുപ്പ് എപ്പോഴും പ്രസിഡന്‍റിനുള്ള ഹിതപരിശോധന ആയിരിക്കും. ഇത്തവണ അത് കുറച്ചു തീവ്രമായിരിക്കും എന്നു തന്നെയാണ് താന്‍ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് എന്ന ട്രംപിന്റെ പ്രസംഗങ്ങളും സൂചിപ്പിച്ചത്. ആദ്യ ഇടക്കാല തിരഞ്ഞെടുപ്പില്‍ അധികാരത്തിന് പുറത്തുള്ള പാര്‍ട്ടി സീറ്റ് നില വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതുവരെയുള്ള ചരിത്രം.

എന്നാല്‍ ഡെമോക്രാറ്റുകള്‍ക്ക് ആഹ്ലാദം പകരുന്ന കാര്യം അവരുടെ പരമ്പരാഗത മേഖലകളില്‍ മാത്രമല്ല, അവര്‍ അത്ര ശക്തരല്ലാത്ത ഇടങ്ങളിലും മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. ന്യൂയോര്‍ക്കില്‍ ഒരു ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവും മുതിര്‍ന്ന സൈനികനുമായ മാക്സ് റോസ് റിപ്പബ്ലിക്കന്‍ മെമ്പറായ ഡാന്‍ ഡോണോവനെ പരാജയപ്പെടുത്തിയത് ഇതിന്റെ സൂചനയാണ്. ടെക്സാസില്‍ ഡെമോക്രാറ്റിന്റെ കോളിന്‍ ആല്‍റെഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലവിലുള്ള പ്രതിനിധി പെറ്റെ സെഷന്‍സിനെ പരാജയപ്പെടുത്തി. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള ഇല്ലിനോയിസിലും വേര്‍ജീനിയയിലും ഡെമോക്രാറ്റ് പാര്‍ട്ടിക്കാണ് വിജയം.

വംശീയ വേര്‍തിരിവ് തിരഞ്ഞെടുപ്പ് അജണ്ടയായി കൊണ്ടുവന്ന ട്രംപിന്റെ തന്ത്രത്തെ വ്യത്യസ്ഥ തലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചുകൊണ്ടാണ് ഡെമോക്രാറ്റ്സ് നേരിട്ടത്. ഇവരില്‍ പലരും പാര്‍ട്ടിയുടെ പുരോഗമന വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇത് വിജയം കാണുന്നു എന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള സോഷ്യലിസ്റ്റ് അലെക്സാണ്ടര്‍ ഒക്കെഷിയ കോര്‍ടസ്, മാസാച്ചുസെട്സില്‍ നിന്നുള്ള അയണ പ്രേസ്സ്ലി എന്നിവര്‍ ലിബറല്‍ അജണ്ട മുന്നോട്ട് വെച്ചു പ്രവര്‍ത്തിക്കുന്നവരാണ്.

ഹൌസ് ഓഫ് കോമണ്‍സില്‍ ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ കുറേകാലമായി നടപടിയില്ലാതെ നിശ്ചലമായി കിടക്കുന്ന പല നിയമ നിര്‍മ്മാണങ്ങളും കൊണ്ടുവരനുള്ള നീക്കം ഡെമോക്രാറ്റ്സ് നടത്തും എന്നതുറപ്പാണ്. കാരണം ഇത് അവരുടെ വോട്ടര്‍ സ്വാധീന മേഖലയില്‍ വലിയ ചലനം ഉണ്ടാക്കും എന്നത് തന്നെ. തോക്ക് നിയമ നിര്‍മ്മാണം, ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന കുടിയേറ്റക്കാരുടെ മക്കളുടെ പൌരത്വം, എല്‍ ജി ബി ടി വിഭാഗതില്‍ പെട്ടവരുടെ പൌരാവകാശ സംരക്ഷണം ഒക്കെ ഇതില്‍ മുന്‍ഗണനയില്‍ പെടും.

അതേസമയം ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റ്സ് മുന്നോട്ട് പോയാല്‍ അത് വേണ്ടത്ര ഗുണം ചെയ്യില്ല എന്ന വിലയിരുത്തലും ഉണ്ട്. പാര്‍ട്ടിയിലെ പുരോഗമന വിഭാഗം അതിനു വേണ്ടി ശ്രമിക്കും എന്നതുറപ്പാണ്. എന്നാല്‍ രാഷ്ട്രീയ ചുവടുകള്‍ ശ്രദ്ധാപൂര്‍വ്വം കൈക്കൊള്ളണം എന്ന നിലപാടിനാണ് പ്രാമുഖ്യം. കാരണം സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശം തന്നെയാണ് എന്നതു തന്നെ.

https://www.azhimukham.com/news-update-world-republicans-lose-house-in-midterm-elections/

https://www.azhimukham.com/world-first-muslim-women-elected-to-congress-american-mid-term-election/

https://www.azhimukham.com/foreign-us-mid-term-poll-referendum-to-donald-trump-rule/

Next Story

Related Stories