TopTop
Begin typing your search above and press return to search.

പാകിസ്താന്‍ പാര്‍ലമെന്റിലേക്ക് ഒരു കമ്മ്യൂണിസ്റ്റ്: ഇമ്രാന്‍ ഖാന്റെ ക്ഷണം തള്ളിയ അലി വാസിര്‍

പാകിസ്താന്‍ പാര്‍ലമെന്റിലേക്ക് ഒരു കമ്മ്യൂണിസ്റ്റ്: ഇമ്രാന്‍ ഖാന്റെ ക്ഷണം തള്ളിയ അലി വാസിര്‍

പാകിസ്താന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി. ‘ദ സ്ട്രഗിള്‍’ പാര്‍ടി കേന്ദ്ര കമ്മറ്റി അംഗം അലി വാസിറാണ് 16015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്ക് 7515 വോട്ട് മാത്രം നേടാനേ സാധിച്ചുള്ളൂ. പാകിസ്താനിലെ മറ്റ് ഇടത് പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് രൂപീകരിച്ച ‘ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ടു’മായി സഹകരിച്ചാണ് അലി വാസിര്‍ തന്‍റെ പ്രചരണം നയിച്ചത്. ഇമ്രാൻ ഖാൻ നേരത്തേ തന്‍റെ പാർടിയായ പിടിഐയിൽ അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അലി വാസിർ അത് നിഷേധിച്ചാണ് ഇടതുപക്ഷ കൂട്ടായ്മയുടെ ബാനറില്‍ മത്സരിച്ചത്.

‘പഷ്തൂണ്‍ തഹ്ഫാസ്’ പ്രസ്ഥാനത്തിന്‍റെ (പിടിഎം) മുന്‍നിര നേതാവാണ് അലി വാസിര്‍. 'ഭീകരവാദത്തോട് യുദ്ധം' എന്നതാണ് അവരുടെ മുദ്രാവാക്യം. ഇതിനൊരു കാരണമുണ്ട്, മതതീവ്രവാദികള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് അദ്ദേഹത്തിന്‍റെ ജന്മനാടായ വസീറിസ്താന്‍. വാസിറിന്‍റെ പിതാവും രണ്ടു സഹോദരങ്ങളും ഉള്‍പ്പെടെ ബന്ധുക്കളായ 16 പേരെയാണ് ഭീകരര്‍ ഇതുവരെ കൊന്നൊടുക്കിയത്. കൂടാതെ വീടും പെട്രോൾപമ്പും അടക്കം എല്ലാം ഭീകരവാദികൾ തകർത്തു. പക്ഷേ, ഇതിലൊന്നും തളരാതെ ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്തും ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയുമാണ്‌ വസീര്‍ വിജയക്കൊടി പാറിച്ചത്.

പിടിഎമ്മിന്‍റെ രണ്ടു സ്ഥാനാര്‍ഥികള്‍ കൂടി മത്സരരംഗത്തുണ്ടായിരുന്നു. അതില്‍ മോഹ്സിൻ ജാവേദ് ദാവർ 16,526 വോട്ടുകൾ നേടി വിജയിച്ചു. മുഫ്തി മിസ്ബഹുദ്ദീന്‍ 15,363 വോട്ടുകളോടെ ശക്തമായ മത്സരം കാഴ്ച്ചവക്കുകയും ചെയ്തു. മതഭ്രാന്തന്മാരുടെ അധീനതയിലുള്ള വസീറിസ്താനിൽ നിന്ന് തന്നെയാണ് ഇരുവരും മത്സരിച്ചത്. ഒരു ഭീഷണികയേയും വകവയ്ക്കാതെയാണ് പഷ്തൂണ്‍ ജനത അവര്‍ക്ക് വോട്ടുചെയ്തത്.

തീവ്രവാദി പ്രസ്ഥാനങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരയായവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടും കുറ്റവാളികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ആവശ്യപ്പെട്ടും പാകിസ്താനിലെ പ്രധാന നഗരങ്ങളായ ലാഹോർ, കറാച്ചി, പെഷവാർ, സ്വാത് എന്നിവിടങ്ങളിൽ അലി വാസിറിന്‍റെ നേതൃത്വത്തില്‍ ബഹുജന റാലികൾ നടന്നിരുന്നു. അധികാരികൾ അത് ഔദ്യോഗികമായി അനുവദിച്ചിരുന്നില്ല. പ്രചാരണത്തിനോ, പോസ്റ്ററുകളോ സ്റ്റിക്കറുകളോ പതിക്കുന്നതിനുപോലും അനുമതിയില്ലായിരുന്നു.

ബഹുജന റാലിയുടെ തലേന്ന് രാത്രി അലി വാസിറിനേയും ഏഴുപേരടങ്ങുന്ന കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, പതിനായിരക്കണക്കിന് ആളുകള്‍ അതിനെതിരെ അണിനിരന്നതോടെ പോലീസ് മുട്ടുമടക്കി അവരെ വിട്ടയക്കുകയായിരുന്നു. ഈ വർഷം ജൂണിൽ അലി വാസിറിനുനേരെ സർക്കാർ അനുകൂല തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിലെ പത്തുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

‘കഴിഞ്ഞ ഏതാനും മാസങ്ങൾ എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. ഞാൻ അനുഭവിച്ച വേദനകളും ഭീഷണികളും സംശയചര്യകളും ആരോപണങ്ങളും അനിശ്ചിതാവസ്ഥകളുമെല്ലാം ഇപ്പോള്‍ ലഭിക്കുന്ന സ്നേഹവും പിന്തുണയും ആദരവുംകൊണ്ട് മറികടക്കാന്‍ കഴിയും. ഭീകരതയുടെ ഇരകളെ അണിനിരത്തി കഴിഞ്ഞ ഫെബ്രുവരി മുതല്‍ പഷ്തൂണ്‍ മേഖലകളില്‍ ഞങ്ങള്‍ നടത്തിയ റാലികളില്‍നിന്നും ഞാന്‍ മനസിലാക്കിയ ഏറ്റവും വലിയ കാര്യം പാക്കിസ്ഥാനിലെ സാധാരണക്കാരുടെ ഇച്ചാശക്തിയാണ്. മാറ്റത്തിന് വേണ്ടിയുള്ള അവരുടെ ദാഹം സമാധാനപരമായ, സമ്പന്നമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ പ്രചോദനമാകും’, ഒരിക്കലും തളരാത്ത പോരാളിയുടെ ആത്മവിശ്വാസം അലി വാസിറിന്‍റെ വാക്കുകളില്‍ കാണാം.

വായനയ്ക്ക്: https://goo.gl/rNykGm

https://www.azhimukham.com/vayicho-trump-us-socialism/

Next Story

Related Stories