Top

പാരീസില്‍ കലാപം പടരുന്നു; അടിയന്തരാവസ്ഥയും പരിഗണനയില്‍

പാരീസില്‍ കലാപം പടരുന്നു; അടിയന്തരാവസ്ഥയും പരിഗണനയില്‍
പാരീസില്‍ കലാപം ശക്തമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ഫ്രഞ്ച് ഗവണ്‍മെന്റ്. സമാധാനപരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവരുമായി ഗവണ്‍മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവണ്‍മെന്റ് വക്താവ് അറിയിച്ചു. നഗരത്തിന്റെ മധ്യഭാഗത്ത് മുഖംമൂടികള്‍ ധരിച്ച യുവാക്കള്‍ അക്രമാസക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടി വരും എന്ന് ഗവണ്‍മെന്റ് വക്താവായ ബെഞ്ചമിന്‍ ഗ്രിവോകസ് യൂറോപ്പ് വണ്‍ റേഡിയോയോട് പറഞ്ഞു. പ്രസിഡന്റും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാ വശങ്ങളും പരിശോധിച്ചും ചര്‍ച്ച ചെയ്തും ഉചിതമായ തീരുമാനമെടുക്കുമെന്നും ഗവണ്‍മെന്റ് വക്താവ് അറിയിച്ചു. രണ്ടാഴ്ചയായി പാരീസില്‍ പ്രക്ഷോഭം തുടങ്ങിയിട്ട്. ഇന്ധന നികുതി വര്‍ദ്ധന അടക്കമുള്ള വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് കലാപം. പ്രധാന ഇടങ്ങളിലൊന്നായ ചാംപ്‌സ് ഏലീസസ് ആണ് പ്രതിഷേധങ്ങളുടെ മുഖ്യ കേന്ദ്രം.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പാരീസിലുണ്ടായ ഏറ്റവും വലിയ കലാപമാണിത്. മക്രാണ്‍ രാജി വയ്ക്കുക എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഫ്രഞ്ച് ദേശീയ ഗാനം പാടിയുമാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. വീടുകള്‍ക്കും ബാങ്കുകള്‍ക്കും തീ വച്ചു. അക്രമം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചു. മുതിര്‍ന്ന മന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കുമെന്ന് മക്രോണ്‍ പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനയിലായിരുന്ന മക്രോണ്‍ ഫ്രഞ്ച് ഇന്ന് രാവിലെയാണ് പാരീസില്‍ തിരിച്ചെത്തിയത്. പൊലീസിനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ആക്രമിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് മക്രോണ്‍ പറഞ്ഞു. വലിയ തോതില്‍ ജനസ്വീകാര്യത നേടുന്ന ജിലെറ്റ് ജോനസ് പ്രതിഷേധം പ്രസിഡന്റ് മക്രോണിന് തലവേദനയായിരിക്കുകയാണ്. സംഘര്‍ഷങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. 250ലധികം പേരെ അറസ്റ്റ് ചെയ്തു. ജിലെറ്റ്‌സ് ജോനസ് (മഞ്ഞക്കുപ്പായക്കാര്‍) എന്ന പേരിലുള്ള സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സമാധാനപരമായി തുടങ്ങിയ ജിലെറ്റ്‌സ് ജോനസ് പ്രതിഷേധം പിന്നീട് വ്യാപക അക്രമത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

തീവ്ര വലതുപക്ഷക്കാരും തീവ്ര ഇടതുപക്ഷക്കാരുമാണ് കലാപത്തിന് പിന്നിലെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. പാരീസില്‍ മാത്രമല്ല ഫ്രാന്‍സിന്റെ മറ്റ് പ്രദേശങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. 75,000ത്തിലധികം ജിലെറ്റ്‌സ് ജോനസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റോഡ് തടഞ്ഞും ടോള്‍ ബൂത്തുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചും സമര രംഗത്തിറങ്ങിയത്. നാന്റസ് എയര്‍പോര്‍ട്ടില്‍ റണ്‍വേയിലേയ്ക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളിലായി 580 ഇടങ്ങളിലാണ് പ്രതിഷേധക്കാര്‍ ഗതാഗത തടസമുണ്ടാക്കിയത്.

https://www.azhimukham.com/world-french-protests-turn-violent-on-the-streets-of-paris/

Next Story

Related Stories