Top

ഓൺലൈന്‍ വിദ്വേഷ പ്രചാരണത്തിനെതിരെ ഫ്രാൻസിൽ കടുത്ത നിയമം വരുന്നു; കമ്പനികളുടെ ആഗോള വരുമാനത്തിന്റെ 4% വരെ പിഴയീടാക്കും

ഓൺലൈന്‍ വിദ്വേഷ പ്രചാരണത്തിനെതിരെ ഫ്രാൻസിൽ കടുത്ത നിയമം വരുന്നു; കമ്പനികളുടെ ആഗോള വരുമാനത്തിന്റെ 4% വരെ പിഴയീടാക്കും
ഓൺലൈനിൽ വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ഫ്രാൻസിൽ കടുത്ത നിയമം വരുന്നു. സോഷ്യൽ നെറ്റ്‌വർക്കുകളിൽ വംശീയവും സ്വവർഗ്ഗാനുരാഗികളോട് വെറുപ്പ് പ്രകടിപ്പിക്കുന്നതുമായ പോസ്റ്റുകളും ട്രോളുകളും തുടച്ചുനീക്കുകയാണ് ലക്ഷ്യം. യൂറോപ്പിലുടനീളം ഈ നിയമം പ്രാവർത്തികമായേക്കും. 2017-ൽ ഇമ്മാനുവൽ മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയിലൂടെ പാർലമെന്റിൽ എത്തിയ കറുത്ത വര്‍ഗ്ഗക്കാരിയായ ലൊറ്റിറ്റിയ ഏവിയയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിനു പിന്നിൽ.

പാർലമെന്റ് മെംബറായിട്ടും അവർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും വധ ഭീഷണിയും ട്രോളുകളും തുടരുകയാണ്. തെരുവിൽവെച്ച് പറഞ്ഞാൽ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കുന്ന പല കാര്യങ്ങളും ഓൺലൈനിൽ പറഞ്ഞാൽ ശിക്ഷിക്കപ്പെടില്ലെന്ന അവസ്ഥയാണുള്ളത്. 'തെരുവിൽ സഹിക്കാൻ പറ്റാത്തത് പറയുന്നത് ഓൺലൈനിലും സഹിക്കാൻ പറ്റില്ല' ഏവിയ പറയുന്നു. 'നിങ്ങൾ ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ആരെങ്കിലും എഴുന്നേറ്റ് ‘ഡേർട്ടി ബ്ലാക്ക്!’ എന്ന് ആക്രോശിക്കുകയാണെങ്കിൽ, എല്ലാവരും ബസ് ഡ്രൈവറോട് ആ വ്യക്തിയെ ബസിൽ നിന്നും ഇറക്കിവിടാൻ ആവശ്യപ്പെടും. ഈ നിയമം അർത്ഥമാക്കുന്നത് സമൂഹ മാധ്യമങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ വെറുപ്പുളവാക്കുന്ന ഉള്ളടക്കം നീക്കംചെയ്യണം എന്നാണ്'
- അവർ കൂട്ടിചേർത്തു.

ഓൺലൈൻ വിദ്വേഷ ബിൽ അടുത്തയാഴ്ച ഫ്രഞ്ച് പാർലമെന്റ് ചർച്ച ചെയ്യും. ഈ ശരത്കാലത്തിൽ തന്നെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന വിദ്വേഷകരമായ ഉള്ളടക്കങ്ങൾ ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ 24 മണിക്കൂറിനുള്ളിൽ നീക്കംചെയ്യണമെന്ന് കരട് ബില്ലിൽ പറയുന്നു. ഒരാളുടെ വംശം, മതം, ലൈംഗിക ആഭിമുഖ്യം, ലിംഗ വ്യക്തിത്വം അല്ലെങ്കിൽ വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിൽ അയാളുടെ 'അന്തസ്സിന്' എതിരായ ഏതുതരം പ്രവർത്തികളും വിദ്വേഷകരമായ ആക്രമണത്തിന്റെ പരിധിയിൽ വരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ടെക് കമ്പനികളും നിയമം പാലിക്കുന്നില്ലെങ്കിൽ, അവരുടെ ആഗോള വരുമാനത്തിന്റെ 4% വരെ പിഴ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങിനെ വന്നാൽ ദശലക്ഷക്കണക്കിന് യൂറോ പിഴടക്കേണ്ടിവരും.

വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണ സംവിധാനത്തില്‍ ഫ്രാൻസിനെ മുന്നിലെത്തിക്കാനുള്ള മാക്രോണിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ ബിൽ. കഴിഞ്ഞ മാസം, മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വിദ്വേഷ പ്രചരണമെന്ന്‌ സംശയിക്കപ്പെടുന്ന ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ജഡ്ജിമാർക്ക് കൈമാറാൻ ഫേസ്ബുക്കിന്റെ മാർക്ക് സുക്കർബർഗ് സമ്മതിച്ചിരുന്നു. ജർമ്മനിയിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ കർക്കശവും വിവാദപരവുമായ നിയമതത്തില്നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രാൻസും ഇത്തരമൊരു നിയമം കുണ്ടുവരുന്നത്. എന്നാൽ, എന്തൊക്കെയാണ് നീക്കം ചെയ്യേണ്ടതെന്ന് കമ്പനികൾ തീരുമാനിക്കുന്ന നിയമം വരുന്നത് ഒട്ടും നല്ലതല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Read More: ഒരു പ്ലാസ്റ്റിക് വേട്ടക്കാരന്‍; കേരളത്തിന്റെ ‘സമുദ്ര ശുചീകരണ’ ഒറ്റയാള്‍പ്പട്ടാളമാണ് ഈ യുവാവ്

Next Story

Related Stories