TopTop
Begin typing your search above and press return to search.

ഇറാനുമായി ട്രംപ് കളിക്കാന്‍ പോകുന്ന കളികള്‍ ജയിക്കാന്‍ പോകുന്നില്ല

ഇറാനുമായി ട്രംപ് കളിക്കാന്‍ പോകുന്ന കളികള്‍ ജയിക്കാന്‍ പോകുന്നില്ല
യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി കുഴപ്പം പിടിച്ച കളികളാണ് കളിക്കുന്നത്. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ഒരു രാഷ്ട്രവുമായി ഏറ്റുമുട്ടുമ്പോള്‍ ചെയ്യുന്ന പതിവ് കളിയാണ് ട്രംപ് ഇപ്പോള്‍ ആലോചിക്കുന്നത്: സര്‍ക്കാരിനെ മാറ്റുക. മെയ് 8-നു ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും യു എസ് ഏകപക്ഷീയമായി പിന്‍വാങ്ങുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം ഈ തോന്നലിന് ആക്കം കൂട്ടുന്നു.

മെയ് 21-നു യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ നടത്തിയ ഒരു പ്രസംഗത്തില്‍ ഇറാന്‍ ചെയ്യേണ്ട 12 കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞു. ഫലത്തില്‍ യു എസിന്റെയും അതിന്റെ സന്തത സഹചാരി ഇസ്രയേലിന്റെയും ആവശ്യങ്ങള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ്ണ വിധേയത്വമായിരുന്നു അതില്‍ ആവശ്യപ്പെട്ടത്.

യു എസിന്റെ സൂചനകള്‍ പിടിച്ചെടുത്തിട്ടെന്നോണം ഒരു 'മുന്‍ മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന്‍' ഹൈം ടോമര്‍ The Jerusalem Post നോട് പറഞ്ഞു, "ഇറാനിലെ ഭരണമാറ്റത്തിന് യു എസ്, ഇസ്രയേല്‍, സൌദി അറേബ്യ എന്നിവര്‍ക്ക് രഹസ്യമായി സഹായിക്കാനാകും" എന്ന്. ശരി, എങ്ങനെയാണ് ഈ ‘ഭരണമാറ്റം’ സംഭവിക്കുക? “അത് വളരെ എളുപ്പമാണ് എന്നു ഞാന്‍ പറയുന്നില്ല. ഇറാന്‍ വിപ്ലവ ഗാര്‍ഡ് സേനയും ബസിജി സായുധ സേനകളും വളരെ ശക്തമാണ്... ഭരണമാറ്റം വിജയിച്ചില്ലെങ്കില്‍ക്കൂടി...ഇറാന്‍കാര്‍ തമ്മില്‍ത്തല്ലുന്നത് നല്ലതാണ്,” ടോമര്‍ പറഞ്ഞു.

ഈ ‘മുന്‍ മൊസാദ്’ കക്ഷിയും മൈക് പോംപിയോയും പറഞ്ഞതിനും അപ്പുറത്ത്, ഇസ്രയേല്‍-സൌദി പിന്തുണയോടെ ട്രംപ് ഇറാന്‍ ആണവ കരാര്‍ ലംഘിക്കുന്നതിനും വളരെ മുമ്പുതന്നെ ‘ഇറാനിലെ ഭരണ മാറ്റം’ ഒരു അജണ്ടയാണ്. Foundation for Defense of Democracies (FDD) CEO മാര്‍ക് ഡുബോവിറ്റ്സും FDD മേധാവി റെയോള്‍ മാര്‍ക് ഗെരേച്ടും ഏറെക്കാലമായി പറയുന്നത്, “ആണവ നിര്‍വ്യാപനമല്ല, ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യമാക്കേണ്ടത് എന്നാണ്.”

ഇറാനുള്ള പോംപിയോ അനുശാസനങ്ങള്‍ പുറപ്പെടുവിച്ച് അധികം വൈകാതെ, കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഭരണ മാറ്റ വ്യാമോഹം എന്താണ് കൊണ്ടുവരികയെന്നും. യു എസ്-ഇസ്രയേല്‍-സൌദി സഖ്യം എങ്ങനെയാണ് ഈ ഭരണമാറ്റം നടപ്പാക്കാന്‍ പോകുന്നതെന്ന് CNN-നു വേണ്ടി എഴുതിയ വില്ല്യം ഡി ഹാര്‍ടങ് ചോദിച്ചു. “സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ മുട്ടുമടക്കിക്കും എന്ന പോംപിയോയുടെ ഭീഷണി എന്തായാലും ഇത് നേടിത്തരാന്‍ പോകുന്നില്ല, പ്രത്യേകിച്ചും ഇറാന്‍ ആണവ കരാറില്‍ നിന്നും പിന്‍മാറിക്കൊണ്ട് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളെ ട്രംപ് സര്‍ക്കാര്‍ അകറ്റിയതിന് ശേഷം.

ഈ പരസ്യ പദ്ധതിയിലെ അടുത്ത വ്യാമോഹം, യു എസിനും അതിന്റെ സൌദി-സയണിസ്റ്റ് സഖ്യത്തിനും വേണ്ടി മുജാഹിദ്ദീന്‍-ഇ-ഖല്‍ക്ക് (MEK) ഈ പണി ചെയ്യുമെന്നാണ്. ഈ സ്വപ്നത്തിന് മറുപടിയായി ഹാര്‍ടങ് ഇങ്ങനെ പറയുന്നു, “ന്യൂ യോര്‍ക് ടൈംസ് ഒരു ‘ചെറു വിമതസംഘം’ എന്നു വിശേഷിപ്പിച്ച ഒരു സംഘടനയ്ക്ക് ഇറാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതുന്നത് വെറും സ്വപ്നമാണ്.”

അപ്പോള്‍, യു എസിന്റെ നേരിട്ടുള്ള സൈനിക നടപടിക്കോ, ഇസ്രായേലും സൌദി അറേബ്യയുമായി ചേര്‍ന്നുള്ള എന്തെങ്കിലും സാഹസത്തിനോ ഇറാനില്‍ ഭരണമാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് മിക്കയാളുകളും കരുതുന്നില്ല. റൂഡി ഗിലിയാനിയും ജോണ്‍ ബോള്‍ട്ടനും പോലുള്ള MEK യുടെ സ്ഥിരം അപ്പൊസ്തലന്മാരെപ്പോലുള്ള ഒരു ചെറുവിഭാഗം മാത്രമാണ് ‘ഇറാനിലെ ഭരണമാറ്റത്തിനായി’ അലമുറയിടുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ഒരു ലേഖനത്തില്‍ ഇഷാന്‍ തരൂര്‍ ചൂണ്ടിക്കാണിക്കുന്നു, “ബോള്‍ടന്‍, ഗിലിയാനി തുടങ്ങിയ ഇരുകക്ഷികളിലും പെട്ട ഒരു പറ്റം രാഷ്ട്രീയക്കാര്‍ MEK യുമായി ബന്ധപ്പെട്ട സംഘങ്ങളെ പിന്തുണയ്ക്കുകയും-മിക്കവാറും പണം കൈപ്പറ്റുകയും- ചെയ്തിട്ടുണ്ട്. ഗിലിയാനിക്കു അവര്‍ ധാരാളം പണം വര്‍ഷങ്ങളോളം നല്കി-20,000 ഡോളറും അതിലേറെയും- തങ്ങളുമായി ബന്ധപ്പെടാനും വിദേശകാര്യ വകുപ്പിന്റെ വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനായി സമ്മര്‍ദം ചെലുത്താനുമായിരുന്നു ഇത്.”

ഈ വിശകലനങ്ങളിലെല്ലാം കാണാതെ പോകുന്നത് ഇറാനെയാണ്, അവിടുത്തെ ജനങ്ങളെ, അതിന്റെ രാഷ്ട്രീയ സംസ്കാരത്തെ, അതിന്റെ ചരിത്രപരമായ അനുഭവങ്ങളെ- അതിന്റെ ദേശ-രാഷ്ട്ര ധ്രുവീകരണങ്ങളെയാണ്. ഇതുവരെയും ഇറാനിലെ ഭരണമാറ്റ ആവശ്യക്കാര്‍, കുറച്ച് സൌദി രാജകുമാരന്മാരും, സയണിസ്റ്റ് തീവ്രവാദികളും, അവര്‍ വിലയ്ക്കുവാങ്ങിയ കുറച്ചു യു എസ് രാഷ്ട്രീയക്കാരുമായിരുന്നു.

ഇറാനിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിച്ചു നിര്‍ത്തുന്നതിന് അവര്‍ക്കെല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്. തന്റെ ഭരണ പരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും, ഇടിയുന്ന ജനസമ്മിതി പിടിച്ച് നിര്‍ത്തുന്നതിനും വീണ്ടും തെരഞ്ഞെടുക്കപ്പെടാനും കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ സ്വാധീനം നിലനിര്‍ത്താനും ട്രംപിന് ഒരു യുദ്ധം അത്യാവശ്യമാണ്. അല്ലെങ്കില്‍ 2018-ലെ ഇടക്കാല തെരഞ്ഞെടുപ്പിലോ 2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലോ ഇത്തരമൊരു ആക്രമണത്തിനുള്ള സുവര്‍ണാവസരമാണ്. സൌദി-സയണിസ്റ്റ് സഖ്യം ഇത്തരത്തിലൊരു സമയക്രമത്തിന് അനുകൂലവുമാണ്.

പലസ്തീന്‍ അധിനിവേശത്തെയും കീഴടങ്ങാത്ത പലസ്തീന്‍ ചെറുത്തുനില്‍പ്പിനെയും ഈയടുത്ത് ഗാസയില്‍ നടത്തിയ പോലുള്ള പലസ്തീന്‍കാരുടെ കൂട്ടക്കൊലകള്‍ക്കെതിരായ ആഗോള പ്രതിഷേധത്തെയും മറച്ചുപിടിക്കാന്‍ ഇസ്രായേലിന് ‘ഭരണമാറ്റ’ പദ്ധതി അത്യാവശ്യമാണ്.

സയണിസ്റ്റുകള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തുന്തോറും-ആദ്യം അറബ് രാജ്യങ്ങളെ പൊതുവായി, ഇപ്പോള്‍ ഇറാനില്‍, മിക്കവാറും അടുത്തതായി പാകിസ്ഥാനിലും തുര്‍ക്കിയിലും- അവര്‍ കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കും. ലോകത്തിന്റെ കണ്‍മുന്നില്‍ തെളിഞ്ഞുകിടക്കുന്ന സത്യത്തെ അവര്‍ക്ക് മൂടിവെക്കാം-അതായത്, മറ്റ് ചിലരുടെ ജന്മനാട്ടിലെ ഒരു യൂറോപ്യന്‍ അധിനിവേശ കുടിയേറ്റ കോളനിയാണ് ഇസ്രയേല്‍ എന്ന്. തന്റെ ഗോത്രത്തിന്റെ ഭീമമായ സൈനികവത്കരണത്തില്‍ നിന്നും അത് യമനില്‍ നടത്തുന്ന കൂട്ടക്കൊലകളില്‍ നിന്നും ശ്രദ്ധ തിരിക്കാനും അറബ് ജനമുന്നേറ്റങ്ങള്‍ക്കെതിരായ പ്രതിവിപ്ലവങ്ങളുടെ വിജയമെന്ന അയാളുടെ ആഗ്രഹങ്ങള്‍ക്കും വേണ്ടി സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാനും ഇറാനെ നശിപ്പിക്കേണ്ടത് ആവശ്യമാണ്.

അപ്പോള്‍, ഒരു യുദ്ധം ഈ പിന്തിരിപ്പന്‍ ശക്തികളെയെല്ലാം അവരുടെ കയ്യിലുള്ള യഥാര്‍ത്ഥ പ്രശ്നങ്ങളെ മൂടിവെയ്ക്കാന്‍ സഹായിക്കും-അറബുകള്‍, ഇറാന്‍കാര്‍, തുര്‍ക്കികള്‍, കൂര്‍ദുകള്‍ എന്നിവരെല്ലാം പലസ്തീന്‍കാരുടെ സ്വാതന്ത്ര്യപ്പോരാട്ടത്തെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ റിയാദിലും ടെല്‍ അവീവിലും നിന്നു ഈ പ്രതിവിപ്ലവ നീക്കം നടത്തുന്ന സൌദി-സയണിസ്റ്റ് സഖ്യവും ആ പാവകളിയുടെ ഉടമ യു എസും മേഖലയിലെ എല്ലാ പിന്തിരിപ്പന്‍ ഭരണകൂടങ്ങളുടെയും സംരക്ഷകരാണ്.

ഇത് നമ്മളെ നിര്‍ണ്ണായകമായ ചോദ്യത്തിലേക്ക് മടക്കികൊണ്ടുവരുന്നു: ഏതാണ്ട് 40 വര്‍ഷമായി അവരെ ഭരിക്കുന്ന ഒരു ജീര്‍ണിച്ച മതഭരണത്തെ കുടഞ്ഞുകളയാന്‍ യു എസ്-സൌദി-ഇസ്രയേല്‍ സഖ്യം അവരെ സഹായിച്ചാല്‍ ഇറാന്‍കാര്‍ ഒരു ഭരണമാറ്റത്തെ സ്വാഗതം ചെയ്യില്ലെ? ഇതിനുള്ള ‘ഇല്ല’ എന്ന ഉത്തരത്തിനുള്ള കാരണങ്ങള്‍ പറയാം.

അവരുടെ അതിദീര്‍ഘമായ ചരിത്രാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍- അവര്‍ക്ക് നീണ്ടകാലത്തെ ചരിത്രപരമായ ഓര്‍മ്മകളുണ്ട്, 330 ബി സിയില്‍ തങ്ങളുടെ നാട്ടിലേക്ക് അലക്സാണ്ടര്‍ നടത്തിയ അധിനിവേശത്ത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നപോലെയാണ് അവര്‍ ഓര്‍ക്കുന്നത്- ഇറാന്‍കാര്‍ തങ്ങളുടെ നാട്ടില്‍ വിദേശ ഇടപെടലുകളെ വെറുക്കുന്നു.

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലായി തങ്ങള്‍ത്തന്നെ തങ്ങളുടെ ഇടപെടലുകളിലൂടെ ഭരണമാറ്റം നടത്തുന്നു എന്ന ലളിതമായ കാരണത്താല്‍, അത് 40 കൊല്ലം മുമ്പ് ഇസ്ലാമിക് റിപ്പബ്ലിക്കായും, മറ്റാരെങ്കിലും തങ്ങള്‍ക്ക് വേണ്ടി ഭരണമാറ്റം നടത്തുന്നതിന് അവര്‍ ആഗ്രഹിക്കുന്നില്ല. ഭരണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ആകാശത്തുനിന്നും പൊട്ടിവീണതല്ല. പലസ്തീനിലേക്ക് അധിനിവേശം നടത്തി അതിലെ യഥാര്‍ത്ഥ അവകാശികളില്‍ നിന്നും ആ ഭൂമി തട്ടിപ്പറിച്ചെടുത്ത യൂറോപ്യന്‍ സയണിസ്റ്റുകളുടെ സംഘം പോലെയല്ല അത്.

ഖമേനിയും അയാളുടെ മുരടന്‍ സംഘവും അവരുടെ സായുധ സംഘങ്ങളും ഇറാന്‍കാരാണ്, നാട്ടില്‍ വളര്‍ന്നവരാണ്, ഇറാന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും സംസ്കാരത്തിലും വേരുറപ്പിച്ചവരാണ്.

1977-1979-ലെ ഇറാന്‍ വിപ്ലവം ഇറാന്റെ ചരിത്രത്തിലെ ഒരു വലിയ രാഷ്ട്രീയ മാറ്റമായിരുന്നു. ഇറാന്‍കാര്‍ തങ്ങളുടെ രാഷ്ട്രീയ സംസ്കാരത്തിലെ ഒരു ധ്രുവത്തെ (പൌരോഹിത്യം) മറ്റൊരു ധ്രുവത്തിനെതിരായി (രാജാധിപത്യം) ഉപയോഗിച്ചു. പക്ഷേ പൌരോഹിത്യ ഷിയാവാദം (വിപ്ലവ ഷിയാവാദത്തില്‍ നിന്നും അതിനെ വേര്‍തിരിച്ചു കാണണം) പഹ്ലാവി രാജാധിപത്യത്തിന് പകരം വന്നതു മുതല്‍, ഇറാന്‍കാര്‍ ക്രമമായും തുടര്‍ച്ചയായും തങ്ങളുടെ ഭരണകൂടത്തെ വെല്ലുവിളിക്കുകയും മാറ്റുകയും ചെയ്യുന്നുണ്ട്.

പഹ്ലാവികള്‍ക്കെതിരായ വിപ്ലവമുന്നേറ്റത്തില്‍ ഖമേനി വിഭാഗം അധികാരം പിടിക്കുന്നത് 1979 ഫെബ്രുവരി 11-നാണ്. മാര്‍ച്ച് 8, 1979 (അന്താരാഷ്ട്ര വനിതാ ദിനം)ആയപ്പോഴേക്കും-ഖമേനി ഫ്രാന്‍സില്‍ നിന്നും ഇറാനിലെത്തിയിട്ട് ഒരു മാസം തികഞ്ഞില്ല-ഹിജാബ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഇറാന്‍ സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി തെരുവിലിറങ്ങി. 1979-ലെ ആ ദിവസം മുതല്‍ 2018 ജനുവരിയിലെ വ്യാപകമായ പ്രതിഷേധം വരെയും ഇറാന്‍കാര്‍ തങ്ങളുടെ ഭരണത്തെ തുടര്‍ച്ചയായി വെല്ലുവിളിക്കുകയും മാറ്റുകയുമാണ്.

അവര്‍ക്കെതിരെ നില്‍ക്കുന്നവരും ഭരണത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും ഇറാന്‍കാര്‍ തന്നെയാണ്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ പോരാട്ടങ്ങള്‍ ഇറാന്റെ രാഷ്ട്രീയ സംസ്കാരത്തെ പരിപോഷിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം മുകളില്‍ ഇത് വഞ്ചനാപരമായ വൈദേശിക ഇടപെടലുകള്‍ക്കെതിരെ അതിനു രക്ഷയും നല്കി.

ഈ സമരത്തില്‍ നിന്നും ഒഴിവാവുകയും സദ്ദാം ഹുസൈനുമായി സ്വന്തം ജനതയ്ക്കെതിരെ കൂട്ടുചേരുകയും ചെയ്തതോടെ MEK-ക്കു സകല വിശ്വാസ്യതയും നഷ്ടപ്പെട്ടു. ഇപ്പോളവര്‍ ബെഞ്ചമിന്‍ നെതന്യാഹു, മൊഹമ്മദ് ബിന്‍ സല്‍മാന്‍, റൂഡി ഗിലിയാനി, ജോണ്‍ ബോള്‍ടന്‍ എന്നിവര്‍ക്കൊപ്പമാണ്. ദശലക്ഷക്കണക്കിന് ഇറാന്‍കാര്‍ക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിനെയും ഭരണ സംവിധാനത്തെയും കടുത്ത വെറുപ്പാണ്. എന്നാല്‍ അതൊന്നും തങ്ങളുടെ രാജ്യത്തിന്റെ നാശത്തിന്റെ ചെലവില്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല.

19-ആം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലെ റഷ്യ-പേര്‍ഷ്യന്‍ യുദ്ധങ്ങളുടെ സമയം മുതല്‍ ഇറാന്‍ കൊളോനിയല്‍ വിരുദ്ധ ബോധത്തെ ശക്തമായി നിലനിര്‍ത്തുന്നുണ്ട്. അതേ സമയം ക്വാജര്‍ രാജാധിപത്യം (1789-1926) റഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വ സംഘട്ടനങ്ങളില്‍പ്പെട്ട് തകരുകയായിരുന്നു. 1891-ലെ പുകയില കലാപത്തിനും 1906-ലെ ഭരണഘടന വിപ്ലവത്തിനും ഇടയില്‍, ഇറാന്‍കാര്‍ തങ്ങളുടെ ദേശീയ ആത്മവിശ്വാസവും കൂട്ടായ ബോധവും ആര്‍ജിച്ചെടുത്ത കാലത്ത് ക്വാജര്‍ രാജാധിപത്യം ക്രമേണ തകര്‍ന്നുവീണു.

ക്വാജര്‍ രാജാധിപത്യത്തിന്റെ തകര്‍ച്ചയും പഹ്ലാവികളുടെ (1925-1979) ഇറാന്‍കാരുടെ ഒരു രാജ്യമെന്ന നിലയിലുള്ള സാമൂഹ്യ ശക്തിയും രാഷ്ട്രീയ ചോദനകളും ഒന്നുകൂടി ഉറപ്പിച്ചതേയുള്ളൂ. ഇതുതന്നെയാണ് പഹ്ലാവികളുടെ വീഴ്ചയ്ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഉയര്‍ച്ചക്കും ബാധകമായതും.

ഹോസെയ്ന്‍ മൌസാവിയെപ്പോലുള്ള വിപ്ലവ നേതാക്കള്‍, മൊഹമ്മദ് ഖതാമിയെപ്പോലുള്ള മിതവാദി പരിഷ്ക്കര്‍ത്താക്കള്‍, ഹസന്‍ റൌഹാനിയെപ്പോലുള്ള മിതവാദി രാഷ്ട്രീയക്കാര്‍ എന്നിവരൊക്കെ ശൂന്യതയില്‍ നിന്നും വന്നവരല്ല. അവരെല്ലാം ഇറാന്‍ സമൂഹത്തിനകത്ത് നിന്നുള്ള ആവശ്യങ്ങളോട് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രതികരണങ്ങളായിരുന്നു, അതൊരിക്കലും പൂര്‍ണമായും തൃപ്തികരമല്ലെങ്കിലും. രാജ്യവും ഭരണകൂടവും തമ്മിലുള്ള ആ സംഘര്‍ഷത്തില്‍ യു എസ്, ഇസ്രയേല്‍, സൌദി അറേബ്യ എന്നിവര്‍ ഇറാന്‍ ജനതയുടെ ശത്രുക്കളാണ്, സുഹൃത്തുക്കളല്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories