TopTop

കലാവസ്ഥാ വ്യതിയാനം ചര്‍ച്ചയായപ്പോള്‍ യൂറോപ്യൻ യൂണിയന്‍ തെരഞ്ഞെടുപ്പിൽ ഗ്രീന്‍ പാര്‍ട്ടിയുടെ തേരോട്ടം

കലാവസ്ഥാ വ്യതിയാനം ചര്‍ച്ചയായപ്പോള്‍ യൂറോപ്യൻ യൂണിയന്‍ തെരഞ്ഞെടുപ്പിൽ ഗ്രീന്‍ പാര്‍ട്ടിയുടെ തേരോട്ടം
യൂറോപ്യൻ യൂണിയന്‍ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ശക്തികൾക്ക‌് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കിങ് മെക്കറാവാന്‍ പോവുകയാണ് ഗ്രീന്‍സ് പാര്‍ട്ടി. കഴിഞ്ഞ തവണ 52 സീറ്റുകൾ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ 71 സീറ്റുകളുമായി വമ്പന്‍ വിലപേശല്‍ ശക്തിയായി മാറിയിരിക്കുന്നത്.

‘ഇത് കാലാവസ്ഥാ സംരക്ഷണത്തിനും, ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കുന്ന യൂറോപ്പിനും, കൂടുതല്‍ ജനാധിപത്യത്തിനും, ശക്തമായ ഭരണനിയമങ്ങൾക്കും വേണ്ടി ലഭിച്ചിട്ടുള്ള ജനവിധിയാണെന്ന്’ യൂറോപ്യന്‍ ഗ്രീന്‍സിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായ സ്കോ കെല്ലർ പറഞ്ഞു. ഗ്രീൻസിന്‍റെ പിന്തുണ ആഗ്രഹിക്കുന്ന ഏതൊരു പാർലമെന്‍ററി ഗ്രൂപ്പും തങ്ങുടെ ‘മൂന്ന് പ്രധാന തത്വങ്ങൾ’ അംഗീകരിക്കണമെന്ന് അവര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനം, പൌര സ്വാതന്ത്ര്യവും, സാമൂഹ്യ നീതിയും ഉറപ്പുവരുത്തണം എന്നിവയാണ് അവ.

751 അംഗ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ മുഖ്യകക്ഷികളായ മധ്യ വലതുപക്ഷ - മധ്യ ഇടതു പാർട്ടികൾക്ക് സംയുക്ത ഭൂരിപക്ഷം നഷ്ടമായി. 40 വർഷത്തിനിടെ ആദ്യമായാണ് ഈ സഖ്യത്തിന് ഭൂരിപക്ഷം നേടാനാകാതെവരുന്നത്. ഇതോടെ വോട്ടുവിഹിതം മെച്ചപ്പെടുത്തിയത് തീവ്ര ദേശീയപാർട്ടികളാണ്. മധ്യ വലതുപക്ഷ കക്ഷിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇ.പി.പി)-ക്ക് 180 സീറ്റാണ് നേടാനായത്. മധ്യ ഇടതുപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് (എസ്.ഡി.) 146 സീറ്റ് ലഭിച്ചു. ഇരുകൂട്ടര്‍ക്കുമായി മുന്‍തവണത്തെ അപേക്ഷിച്ച് എണ്‍പതിലധികം സീറ്റുകളുടെ കുറവ്.

ജർമ്മനിയിലാണ് ഗ്രീന്‍സ് പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. അവിടെ ആഞ്ചല മെർക്കലിന്‍റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും, ഗ്രീന്‍സ് പാര്‍ട്ടി രണ്ടാമതെത്തുകയും ചെയ്തു. 16% വോട്ടുമായി ഫിൻലൻഡില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പോർച്ചുഗീസ് ഗ്രീൻ പാർട്ടി ആദ്യ യൂറോപ്യൻ പാർലമെന്ററി സീറ്റ് നേടി. അയർലൻറിന്റെ ഗ്രീൻസ് പാർട്ടി അവരുടെ വോട്ടുവിഹിതം മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചു.

ഡെൻമാർക്ക്, സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ ഗ്രീൻസ് പാര്‍ട്ടിയും ഉയർന്ന വോട്ടുവിഹിതം നേടി. കുടിയേറ്റവുമായി ബന്ധപ്പെട്ട മാനുഷിക സമീപനം, കാലാവസ്ഥാ പ്രതിസന്ധിയും സുസ്ഥിരതയും പോലുള്ള അസ്ഥിത്വ പ്രതിസന്ധികളില്‍ എടുക്കുന്ന ശക്തമായ നിലപാടുകള്‍ എന്നിവയൊക്കെയാണ് ഗ്രീന്‍സ് പാര്‍ട്ടിക്ക് യൂറോപ്പില്‍ സ്വീകാര്യത നേടിക്കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ആര് സഹകരണമഭ്യര്‍ത്ഥിച്ച് വന്നാലും ഇക്കാര്യങ്ങള്‍ സമ്മതിപ്പിച്ചേ മുന്നോട്ടു പൊകൂ എന്ന് ഗ്രീന്‍സ് പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കുന്നു.

Read More: യൂറോപ്യന്‍ യൂണിയനില്‍ തീവ്രവലതുപക്ഷത്തിനും ഗ്രീന്‍ പാര്‍ട്ടിക്കും മുന്നേറ്റം; യുകെയില്‍ ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി

Next Story

Related Stories