UPDATES

വിദേശം

ബുര്‍ക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഞായറാഴ്ച കുര്‍ബാനക്കിടയില്‍ ഭീകരാക്രമണം; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു

തോക്കുധാരികൾ പള്ളിക്ക് തീവെക്കാന്‍ ശ്രമിച്ചു

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം. ഞായറാഴ്ച കുര്‍ബാനക്കിടെയാണ് സംഭവം. ഒരു പുരോഹിതനും അഞ്ച് വിശ്വാസികളുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ‘രാവിലെ 9 മണിക്ക് പ്രാര്‍ത്ഥന നടക്കുമ്പോള്‍ ആയുധധാരികള്‍ അതിക്രമിച്ചുകടന്ന് വെടിയുതിര്‍ക്കുകയായിരുന്നു’ എന്ന് വടക്കൻ പട്ടണമായ ദബ്ലോയുടെ മേയറായ ഔസ്മാൻ സോങ്കോ പറഞ്ഞു.
20-നും 30-നും ഇടയ്ക്ക് പ്രായമുള്ളവരാണ് ആക്രമണകാരികളെന്നും, ചില വിശ്വാസികളെ തടഞ്ഞുനിര്‍‍ത്തി വെടിവെക്കുകയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സോങ്കോ കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥനക്കായ് തടിച്ചുകൂടിയവര്‍ ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തോക്കുധാരികൾ പിന്നീട് പള്ളിക്ക് തീവെക്കാന്‍ ശ്രമിച്ചു. നിരവധി ഷോപ്പുകളില്‍നിന്നും ഒരു ചെറിയ കഫേയില്‍നിന്നും കൊള്ളയടിച്ചു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്കും ഇരച്ചുകയറി അവിടെയുണ്ടായിരുന്ന ഹെഡ് നേഴ്സിന്‍റെ കാര്‍ അഗ്നിക്കിരയാക്കി. നഗരത്തെ ഭീതി ഇപ്പോഴും വിട്ടോഴിഞ്ഞിട്ടില്ലെന്നും സോങ്കോ പറഞ്ഞു. ആളുകൾ അവരവരുടെ വീടുകളിൽ തന്നെ കഴിയുകയാണെന്നും, നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മേയര്‍ വ്യക്തമാക്കി.

കടകളും സ്റ്റോറുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. ദബ്ലോയിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള ബര്‍സൊലോഗോ എന്ന പട്ടണത്തില്‍ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്നത്. രണ്ടു ദിവസം മുന്‍പ് ഫ്രഞ്ച് സ്പെഷ്യൽ സൈന്യം നാല് വിദേശ ബന്ദികളെ ഒറ്റരാത്രി കൊണ്ട് വിട്ടയച്ചിരുന്നു. അതിനു ശേഷം ഒരു റെയ്ഡിനിടെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികരുടെ ജീവൻ നഷ്ടമായി. മെയ് 1-ന് ബെനിനിലെ പെൻഡിജാരി ദേശീയ പാർക്കിൽനിന്നും കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം.

തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ബുര്‍ക്കിന ഫാസോ. അൻസുറുൾ ഇസ്ലാം, ജിഎസ്ഐഎം, ഐസിസ് തുടങ്ങിയ നിരവധി തീവ്രവാദ സംഘടനകളുടെ സാനിധ്യം അവിടെയുണ്ട്. 2015-മുതൽ ഇതുവരെ വ്യത്യസ്ഥ ആക്രമണങ്ങളില്‍ നിന്നായി 400 പേരുടെ ജീവന്‍ അപഹരിക്കപ്പെട്ടിട്ടുണ്ട്. ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ മുസ്ലീം, ക്രൈസ്തവ മതവിഭാഗങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഫ്രാന്‍സ് ഭീകരാക്രമണ സാധ്യത കൂടുതലുള്ള മാലി, ബുർക്കിന ഫാസോ, നൈജർ, ചാഡ് എന്നിവിടങ്ങളിൽ 4,500 സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Read More: കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍