TopTop
Begin typing your search above and press return to search.

ഹോങ്കോങ് പ്രക്ഷോഭം: നിയമനിര്‍മ്മാണ സഭയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി

ഹോങ്കോങ് പ്രക്ഷോഭം: നിയമനിര്‍മ്മാണ സഭയിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനൽകാനുള്ള ബില്ലിനെതിരെ ഹോങ്‌കോങ്ങിൽ ആരംഭിച്ച ജനകീയപ്രക്ഷോഭത്തിന്‍റെ ഗതി മാറുന്നു. നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയ ഒരു ചെറിയ സംഘം ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന്‍റെ ചില്ലുവാതിലുകൾ തകര്‍ത്തു. അകത്ത് ഇടിച്ചുകയറിയവർ പാർലമെന്റിൻറെ സെൻട്രൽ ചേംബറില്‍ സ്പ്രേ പേയിന്‍റ്കൊണ്ട് മുദ്രാവാക്യങ്ങളെഴുതി. നഗരത്തെ 1997-ൽ ചൈനയുടെ കീഴിലേക്കു മടക്കിക്കൊണ്ടുവന്നതിന്‍റെ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനങ്ങളാണ് ചിലയിടങ്ങളില്‍ അക്രമാസക്തമായത്.

സായുധരായ പ്രതിഷേധക്കാരില്‍ ചിലര്‍ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ വാതിലുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ അവരോട് അനുഭാവമുള്ള ചില മുതിര്‍ന്ന രാഷ്ട്രീയക്കാർ പിന്‍മാറാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രധിഷേധക്കാര്‍ കൂട്ടാക്കിയില്ല. ഇതോടെ മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്.

നേതാക്കള്‍ ഇല്ലാതെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു പ്രക്ഷോഭകര്‍. എൻക്രിപ്റ്റുചെയ്‌ത സന്ദേശങ്ങള്‍ കൈമാറിയാണ് അവര്‍ പരസ്പരം ആളെകൂട്ടിയിരുന്നത്. എന്നാല്‍, സർക്കാർ നിലപാട് കർശനമാക്കുമ്പോഴും സമരത്തിന്‍റെ ലക്ഷ്യങ്ങളോടും തന്ത്രങ്ങളോടും ചിലര്‍ വിയോജിച്ചു നില്‍ക്കുന്നു. ചര്‍ച്ചകളില്‍ സ്ഥിരമായൊരു നിലപാടെടുക്കാന്‍ കഴിയാതെ വരുന്നു. ‘ഇപ്പോൾ കൂടുതൽ വിട്ടുവീഴ്ചയില്ലാ മനോഭാവത്തോടെ പ്രതികരിക്കാന്‍ ചൈനക്ക് കുറെ ന്യായീകരണങ്ങള്‍ ഉണ്ടായി’ എന്ന് ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സർവകലാശാലയിലെ രാഷ്ട്രതന്ത്ര അദ്ധ്യാപകന്‍ ജീൻ പിയറി കാബസ്റ്റൻ പറയുന്നു.

സമൂഹ മാധ്യമങ്ങള്‍ നിറയെ പ്രതിഷേധക്കാര്‍ അഹിംസാത്മക രീതികളിലേക്ക് മടങ്ങിവരണമെന്ന അഭ്യർത്ഥനകൾ നിറയുകയാണ്. അക്രമത്തെ അപലപിച്ച ഹോങ് കോങ് ഭരണാധിപ കാരി ലാം പോലീസ് സ്വീകരിച്ച സംയമനത്തെ അഭിനന്ദിച്ചു. ഇന്നലെ, പ്രക്ഷോഭകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അവരുടെ ആശങ്കകൾക്കു പരിഹാരം ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നും ചൈനയുടെ പാവയായ കാരി ലാം രാജിവയ്ക്കണമെന്നുമാണ് സമരക്കാർ ആവശ്യപ്പെടുന്നത്.

ബില്ലിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് ആഴ്ചകളായി. കഴിഞ്ഞമാസം 12-ന് നടന്ന വൻപ്രക്ഷോഭത്തിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രക്ഷോഭകർക്കു നേരെ അന്ന് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിക്കുകയും ചെയ്തു.

Read More: രാജ് കുമാറിന്റെ കസ്റ്റഡി മരണം; ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ഹരിത ഫിനാന്‍സും പട്ടം കോളനി സഹകരണ ബാങ്കും തമ്മിലെന്ത്? ആരോപണങ്ങള്‍ നിഷേധിച്ച് ബാങ്ക് പ്രസിഡന്റ്

Next Story

Related Stories