TopTop
Begin typing your search above and press return to search.

സഞ്ചരിച്ചത് ആറു രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് മൈലുകൾ; എങ്ങനെയാണ് കിം ജോങ് ഉന്‍ മെഴ്‌സിഡസ് ബെന്‍സുകള്‍ സ്വന്തമാക്കിയത്?

സഞ്ചരിച്ചത് ആറു രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് മൈലുകൾ; എങ്ങനെയാണ് കിം ജോങ് ഉന്‍ മെഴ്‌സിഡസ് ബെന്‍സുകള്‍ സ്വന്തമാക്കിയത്?

2018 ജൂൺ 14-നാണ് ഡച്ച് തുറമുഖമായ റോട്ടർഡാമിൽ നിന്ന് രണ്ട് മെഴ്‌സിഡസ്-മേബാക്ക് എസ് 600 ഗാര്‍ഡ് കാറുകള്‍ കയറ്റി അയക്കുന്നത്. ആറു രാജ്യങ്ങളിലൂടെ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചുള്ള സുദീര്‍ഘമായ യാത്ര. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഓരോ സ്റ്റോപ്പുകള്‍ക്കു ശേഷം അത് അവസാനമെത്തിയത് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങില്‍. അവിടെ 500,000 ഡോളർ വീതം വിലമതിക്കുന്ന രണ്ട് കാറുകളും ആവശ്യമുള്ള ഒരേയൊരാള്‍ മാത്രമേയുള്ളൂ. ഉത്തര കൊറിയന്‍ രാഷ്ട്രതലവന്‍ കിം ജോങ് ഉന്‍.

ഉത്തരകൊറിയയുടെ ആണവായുധ വികസനത്തിനെതിരേയുള്ള കര്‍ശന നടപടിയെന്നോണം ഐക്യരാഷ്ട്രസഭ പാസാക്കിയ ഉപരോധം കമ്പനികളെയും വ്യക്തികളെയും അവിടേക്ക് ആഡംബര വസ്തുക്കള്‍ കയറ്റി അയക്കുന്നതില്‍നിന്നും വിലക്കുന്നുണ്ട്. എന്നിട്ടും എങ്ങനെ ഈ വാഹനങ്ങള്‍ അവിടെയെത്തി എന്നതു സംബന്ധിച്ച വിവരങ്ങള്‍ C4ADS എന്ന എന്‍.ജി.ഒ ആണ് പുറത്തുവിട്ടിരിക്കുന്നത്.

2015 മുതൽ 2017 വരെ ഉത്തര കൊറിയ കുറഞ്ഞത് 191 മില്യൺ ഡോളർ വിലവരുന്ന ആഡംബര ഉല്‍പ്പന്നങ്ങളെങ്കിലും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് C4ADS കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഉപരോധം ലംഘിച്ച് ‘90 രാജ്യങ്ങളിൽ’ നിന്നുള്ള സാധനങ്ങള്‍ അവിടെ എത്തിയത്രേ. ആഡംബരം എന്ന വാക്കിന് വ്യക്തമായ നിര്‍വ്വചനം നല്‍കാത്തതും, വളരെ രഹസ്യമായാണ് ഉത്തരകൊറിയ അത്തരം ഇനങ്ങൾ‌ ഇറക്കുമതി ചെയ്യുന്നത് എന്നതുകൊണ്ടും കൃത്യമായ കണക്കുകള്‍ പുരത്തുവിടുകയെന്നത് പ്രയാസകരമാണെന്ന് C4ADS പറയുന്നു.

ആഡംബരത്തിന്‍റെ മറുവാക്കാണ്‌ മെഴ്‌സിഡസ്-മേബാക്ക് എസ് 600 ഗാര്‍ഡ്. വിആര്‍-10 പ്രൊട്ടക്ഷന്‍ സംവിധാനമാണ് പ്രധാന പ്രത്യേകത. അതായത് വെടിയുണ്ടകളില്‍ നിന്നുള്ള സംരക്ഷണത്തേക്കാള്‍ ഉപരിയായി സ്ഫോടനം, തീപിടിത്തം, റോക്കറ്റ്, ഗ്രനേഡ് ആക്രമണം തുടങ്ങിയ സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാനുള്ള കരുത്തുണ്ട് ആ കാറുകള്‍ക്ക്. ഒപ്പെക്ക് റോളര്‍, ഹീറ്റഡ് വിന്‍റ്സ്ക്രീന്‍, പാനിക് അലാറം സിസ്റ്റം, ഓട്ടോമാറ്റിക്കല്‍ ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍, ഹൈഡ്രോളിക് പവര്‍ വിന്‍ഡോ തുടങ്ങി സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും പ്രൌഡി ഒട്ടും കുറയാതെയുമാണ് വാഹനത്തിന്‍റെ രൂപകല്‍പ്പന.

കഴിഞ്ഞ വര്‍ഷം ലോകം ചര്‍ച്ച ചെയ്ത ചിത്രങ്ങളിലൊന്നായിരുന്നു കിമ്മിന്‍റെ കാറും അതിന് ചുറ്റും ഓടുന്ന സുരക്ഷാഭടന്മാരും. നിരവധി രാജ്യത്തലവന്മാര്‍ ഉപയോഗിക്കുന്ന മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് ആണ് അന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആ വാഹനത്തിനും ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍, ചെറു മിസൈലുകള്‍ എന്നിവയെ ചെറുക്കാനുള്ള ശേഷിയുണ്ട്. കഴിഞ്ഞ വർഷം ഒരു റോൾസ് റോയ്‌സ് കാറും അദ്ദേഹം ഉപയോഗിച്ചിരുന്നു.

അതേസമയം ഈ വാഹനങ്ങളെല്ലാം എങ്ങിനെയാണ് കിമ്മിന് ലഭിച്ചതെന്ന് അറിയില്ലെന്നാണ് മെഴ്‌സിഡസിന്‍റെ ഉടമസ്ഥരായ ഡൈംലര്‍ കമ്പനി പറയുന്നത്. ‘കമ്പനിക്ക് 15 വർഷത്തിലേറെയായി ഉത്തര കൊറിയയുമായി യാതൊരു ബിസിനസ്സ് ബന്ധങ്ങളുമില്ല. യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും വിലക്കുകള്‍ ഞങ്ങള്‍ കർശനമായി പാലിക്കുന്നുണ്ട്. ഉത്തരകൊറിയയിലേക്കും ലോകമെമ്പാടുമുള്ള അവരുടെ എംബസികളിലേക്കുമുള്ള ഡെലിവറികൾ തടയുന്നതിന് സമഗ്രമായ കയറ്റുമതി നിയന്ത്രണ പ്രക്രിയ ഡൈംലര്‍ നടപ്പാക്കിയിട്ടുണ്ട്. അത് ഉചിതവും ഫലപ്രദവുമാണെന്നാണു ഞങ്ങൾ കരുതുന്നത്’- കമ്പനി സി‌.എൻ‌.എന്നിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.

മൂന്നാം കക്ഷികളുടെ വാഹനങ്ങളുടെ വിൽ‌പന, പ്രത്യേകിച്ച് ഉപയോഗിച്ച വാഹനങ്ങൾ‌, ഞങ്ങളുടെ നിയന്ത്രണത്തിനും ഉത്തരവാദിത്തത്തിനും അതീതമാണെന്നും, ഫോട്ടോകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാറുണ്ടെങ്കിലും അതിന്‍റെ തിരിച്ചറിയൽ നമ്പറുകൾ ഇല്ലാതെ കൃത്യമായി ഒന്നും പറയാന്‍ കഴിയില്ല എന്നും ഡൈംലര്‍ വിശദീകരിക്കുന്നു.

ആഗോള കയറ്റുമതി നിയന്ത്രണങ്ങൾ‌ക്കിടയിലും ആഡംബര ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉത്തരകൊറിയ സങ്കീർ‌ണ്ണവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ‌ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടെന്നാണ് C4ADS അനുമാനിക്കുന്നത്. 2015 മുതൽ 2017 വരെ 803 ആഡംബര വാഹനങ്ങള്‍ പ്യോങ്‌യാങ് ഇറക്കുമതി ചെയ്തതായും അതില്‍ ഭൂരിപക്ഷവും റഷ്യൻ കമ്പനികളിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എട്ടുമാസത്തെ തീവ്രമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കസ്റ്റംസ് റെക്കോർഡുകൾ, ഷിപ്പിംഗ് ഡാറ്റ, ലാൻഡിംഗ് ബില്ലുകൾ, മറ്റ് ഓപ്പൺ സോഴ്‌സ് രേഖകൾ എന്നിവ ശേഖരിച്ചതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ലൂക്കാസ് കുവോ പറയുന്നു.


Next Story

Related Stories