Top

ഇന്ത്യ-കാനഡ ബന്ധം സിഖ് തീവ്രവാദ നിഴലില്‍ നിന്ന് പുറത്തുകടക്കുമോ?

ഇന്ത്യ-കാനഡ ബന്ധം സിഖ് തീവ്രവാദ നിഴലില്‍ നിന്ന് പുറത്തുകടക്കുമോ?
ഇന്ത്യ-കാനഡ ബന്ധത്തിന്റെ സാധ്യതകള്‍ ആരും നിസാരമായി കാണില്ല. യാഥാര്‍ത്ഥ്യം പക്ഷേ അത്ര മെച്ചമല്ല. ഉഭയകക്ഷി വ്യാപാരം 8 ബില്ല്യണ്‍ ഡോളറാണ്. നല്ല ആഭ്യന്തര വിളവെടുപ്പുണ്ടാവുകയും പയറുവര്‍ഗങ്ങളുടെ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ്ക്കുകയും ചെയ്‌താല്‍ ആ നിസാര തുക തന്നെ ഇനിയും താഴോട്ടുപോയേക്കും. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോള്‍ ചില സാമ്പത്തിക കരാറുകള്‍ ഒപ്പുവെയ്ക്കാനുള്ള സാധ്യതയും കച്ചവടക്കണക്കുപോലെ നേര്‍ത്തതാണ്.

എന്നാല്‍ മറ്റ് ചിലയിടത്താണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. കനേഡിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതലായി നിക്ഷേപം നടത്തുന്നു. 1,00,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. യു എസിലെ വിസ, ഗ്രീന്‍ കാര്‍ഡ് അനിശ്ചിതത്വങ്ങള്‍ സിലിക്കോണ്‍ വാലിയുടെ വലിയ ആകര്‍ഷണീയത പതുക്കെ ചോര്‍ത്തിയതോടെ ഇന്ത്യന്‍ വിവര സാങ്കേതിക വിദഗ്ദ്ധരും പുതു സംരഭകരും കാനഡയിലേക്ക് തിരിയുന്നുമുണ്ട്.

ഈ ബന്ധങ്ങള്‍ സര്‍ക്കാര്‍ തലത്തിലെ അലസമായ ബന്ധങ്ങളെപ്പോലെയല്ല. ഇതിന്റെ സാധ്യതകള്‍ ഒട്ടാവയും ന്യൂഡല്‍ഹിയും ഉപയോഗപ്പെടുത്തിയിട്ടുമില്ല. പ്രധാന പ്രശ്നം, സിഖുകാര്‍ക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടുള്ള ഖാലിസ്ഥാന്‍ പ്രശ്നമാണ്. അക്രമത്തിലാണ്ടുപോയ ഒരു മുന്നേറ്റമായിരുന്നു ഇത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരവാദ ആക്രമണവും അതുമായി ബന്ധപ്പെട്ടതാണ്. 1985-ല്‍ എയര്‍ ഇന്ത്യ വിമാനം-182 ബോംബ് വെച്ചു തകര്‍ത്തപ്പോള്‍ കൊല്ലപ്പെട്ട 329 പേരില്‍ ഭൂരിഭാഗവും കനേഡിയന്‍ പൌരന്മാരോ അവിടെ താമസിക്കുന്നവരോ ആയിരുന്നു.

അതേസമയം, കാനഡയില്‍ താവളമടിച്ചിട്ടുള്ള സിഖ് തീവ്രവാദികളോട് അവിടുത്തെ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന മൃദുസമീപനത്തെ ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്. ഈ വിഭാഗങ്ങള്‍ കാണ്ടയിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ, പ്രത്യേകിച്ചും ട്രൂഡോയുടെ ലിബറല്‍ കക്ഷിയുടെ, പിന്തുണയോടെ സജീവമാകുന്നു എന്ന് ഇന്ത്യ ആശങ്കപ്പെടുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയനിഘണ്ടുവിലെ ഒരു വാക്ക് കാനഡയിലേക്ക് മാറിയതാണ്: വോട്ടുബാങ്ക് രാഷ്ട്രീയം.

http://www.azhimukham.com/foreign-low-key-welcome-justin-trudeau-india/

പക്ഷേ ഖാലിസ്ഥാനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കാനഡയില്‍ ഉച്ചത്തിലാവുകയും ഒട്ടാവയുടെ ഉദ്ദേശത്തില്‍ ഇന്ത്യ ആശങ്കയും സംശയവും പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നു എന്നാണ് കാനഡയുടെ വാദം. ഒരു സമ്മര്‍ദ്ദ ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ഇന്ത്യക്കു മേല്‍ വംശഹത്യ ആരോപിക്കുന്ന നിയമനിര്‍മ്മാണസഭ പ്രമേയം അംഗീകരിക്കല്‍, ഇന്ത്യന്‍ അധികൃതരെ ചില ഗുരുദ്വാരകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കല്‍ തുടങ്ങി, തീവ്രവാദികള്‍ക്ക് സ്വാധീനം ചെലുത്താനാകുന്നു എന്നതിന്റെ ചില സൂചനകളാണ് ഇത്.

ഈ ഉഭയകക്ഷി ഭിന്നത മൂന്നു പതിറ്റാണ്ടു മുമ്പ് നടന്ന സംഭവങ്ങളെ ആധാരമാക്കിയാണ്. പക്ഷേ ആ അസംതൃപ്തികള്‍ ഇപ്പൊഴും പുകഞ്ഞുകൊണ്ടിരിക്കുന്നു. പക്വത നേടിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയ്ക്ക് ഇന്ത്യയും കാനഡയും ഈ ഭൂതകാല തടസങ്ങളെ മറികടന്നു മുന്നോട്ടുള്ള വഴി തെളിക്കേണ്ടതുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സുസ്ഥിര ചലനാത്മകത നല്കാന്‍ അതിനേ കഴിയൂ.

ഇരു രാജ്യങ്ങളും 1980-കള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കേണ്ട കാലമായി. ട്രൂഡോ പറഞ്ഞപോലെ, ഒരു 'ഐക്യ ഇന്ത്യ'ക്ക് വേണ്ടിയുള്ള ഉറച്ച പിന്തുണ അദ്ദേഹം നല്‍കേണ്ടതുണ്ട്, "കാരണം ഇത് 2018-ആണ്".

Next Story

Related Stories