TopTop

ട്രംപിന്റെ 'ദാക്ഷിണ്യമില്ലായ്മ'യില്‍ കുടുങ്ങിയത് നൂറോളം ഇന്ത്യന്‍ കുട്ടികള്‍

ട്രംപിന്റെ
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ വിവാദമായ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തെ തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചു താമസിപ്പിക്കപ്പെട്ടവരില്‍ നിരവധി ഇന്ത്യക്കാരായ കുട്ടികളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മെക്സിക്കൻ അതിർത്തിയിലൂടെ യു.എസിലേക്ക്‌ അനധികൃതമായി കുടിയേറാൻ ശ്രമിച്ചതിന് അറസ്റ്റിലായ ഇന്ത്യയില്‍ നിന്നുള്ള നൂറോളം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍. സിഖ്, ക്രിസ്ത്യന്‍ മത വിശ്വാസികളാണ് ഇവരില്‍ ഏറെയെന്നും, ഒറിഗണ്‍, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബിൽനിന്നുള്ളവരാണ് ഇവരിലേറെയും.

അമേരിക്കയുടെ തെക്കൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ തടവുകേന്ദ്രത്തിൽ 45 പേരും ഒറിഗനിലെ ഷരിഡനിൽ 52 പേരുമാണ് ഉള്ളത്. ഈ രണ്ടുകേന്ദ്രങ്ങളുമായും ആശയവിനിമയം നടത്തിയതായി യു.എസിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ അയച്ചിട്ടുമുണ്ട്. എന്നാൽ, തടവിലുള്ളവരുമായി സംസാരിക്കാനോ നിയമസഹായം നൽകാനോ അനുമതിയില്ല. മാത്രവുമല്ല, ഇവരില്‍ മിക്കവരും ഇംഗ്ലീഷ് സംസാരിക്കുന്നവരല്ല. പരിഭാഷകരുടെ സഹായത്തോടെയാണ് നിലവില്‍ ആശയവിനിമയം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികളായി കുടിയേറാന്‍ ഇവരില്‍ പലരും പൗരത്വം തെളിയിക്കുന്ന രേഖകള്‍ നശിപ്പിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അനധികൃത കുടിയേറ്റക്കാരെ മോചിപ്പിക്കുന്നതില്‍ ഇന്ത്യക്ക് പരിമിതികളുണ്ടെന്നുമാണ് എംബസ്സി അധികൃതരുടെ പക്ഷം. എങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എംബസി അറിയിച്ചു.

ന്യൂമെക്സിക്കോയിലുള്ള ഒരു ഡസനിലേറെ ഇന്ത്യക്കാർ ഒരു മാസമായി തടവിലാണ്. മറ്റു ഇന്ത്യക്കാരെ ഒരാഴ്ചയ്ക്കു മുൻപാണ് അവിടെയെത്തിച്ചത്. നേരത്തേ ഒറിഗനിൽനിന്നുള്ള ഡെമോക്രാറ്റിക് അംഗങ്ങൾ അവിടത്തെ തടവുകേന്ദ്രം സന്ദർശിക്കുകയും തടവുകാർ നേരിടുന്ന മനുഷ്യത്വരഹിതമായ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു. നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ അമേരിക്കയിലെ ‘ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്’ വഴി ശേഖരിച്ച വിവരങ്ങൾ പ്രകാരം 2013-നും 2015-നും ഇടയിൽ 27,000-ൽ അധികം ഇന്ത്യക്കാരെ അമേരിക്കൻ അതിർത്തിയിൽവച്ച് പിടികൂടിയിട്ടുണ്ട്. അതിൽ 4,000-ത്തിലധികം സ്ത്രീകളും 350 കുട്ടികളുമുണ്ട്.

http://www.azhimukham.com/explainer-us-immigration-policy-mexico-border/

അതേസമയം, പഞ്ചാബില്‍ നിന്നും ആളുകളെ അമേരിക്കയിലേക്ക് കടത്തുന്ന വന്‍ മാഫിയാ സംഘങ്ങള്‍ തന്നെയുണ്ടെന്നാണ് പറയപ്പെടുന്നത്. ‘യുവാക്കളെയടക്കം മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ വാങ്ങി അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിലേക്കയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ ഇന്ത്യയില്‍ സജീവമാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂടുതലും ഇരകളാകുന്നത് പഞാബികളാണ്. സമ്പന്നമായ രാജ്യങ്ങളിലേക്ക് ചെക്കേറാനുള്ള ഈ അതിമോഹമാണ് മാഫിയകള്‍ മുതലെടുക്കുന്നത്’ നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ മെമ്പറായ സത്നം സിംഗ് ചഹാൽ പറയുന്നു.

35 മുതല്‍ 40 ലക്ഷം രൂപവരെ വാങ്ങിയാണ് മനുഷ്യക്കടത്തുകാര്‍ ആളുകളെ കയറ്റി അയക്കുന്നതെന്ന് ഇമിഗ്രേഷൻ അറ്റോർണിയായ അഘൻഷ കല്‍റ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞിരുന്നു. ഇത്തരത്തില്‍ അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പഞ്ചാബിലും ഗുജറാത്തിലും നിന്നുള്ളവരാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

'2011 മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ മതിയായ രേഖകള്‍ ഇല്ലാത്ത അതിവേഗത്തില്‍ വളരുന്ന ജനസമൂഹം ഇന്ത്യക്കാരുടെതാണ്' എന്നു കുടിയേറ്റ സാമൂഹ്യ പ്രവര്‍ത്തകനായ ചിരായു പട്ടേല്‍ പറഞ്ഞു.

അതിര്‍ത്തിയിലെ സുരക്ഷ മുന്‍നിര്‍ത്തി അനധികൃത കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്ന സംഘങ്ങളിലെ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി പ്രത്യേകം ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ലോകമൊന്നടങ്കം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടപടികളില്‍ അയവുവരുത്താന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/world-trump-policy-of-detaining-children-world-need-to-listen-to-these-wails/


http://www.azhimukham.com/foreign-mexico-us-border-trump-separation-policy/

Next Story

Related Stories