സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന ഇറാന്റെ ഭീമന് കപ്പലായ (സൂപ്പര്‍ ടാങ്കര്‍) ദ ഗ്രേസ് 1 ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാൾട്ടറിൽ തടഞ്ഞു. ഇതോടെ യു.കെയും ഇറാനും തമ്മിലുള്ള ബന്ധവും കൂടുതല്‍ വഷളായി. ജിബ്രാൾട്ടേറിയൻ പോലീസും 30 പേരടങ്ങുന്ന ബ്രിട്ടീഷ് സൈനികരുമാണ് 2 മില്ല്യന്‍ ബാരല്‍ ഇന്ധനവുമായി പോവുകയായിരുന്ന എണ്ണക്കപ്പല്‍ പിടിച്ചിട്ടത്.
യു.കെ-യുടെ നടപടി ‘തീര്‍ത്തും നിയമ വിരുദ്ധമാണെന്ന്’ പറഞ്ഞ ഇറാന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബ്രിട്ടിഷ് അംബാസിഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തി. ബാഷർ അൽ അസദിന്റെ ഭരണകൂടത്തിനെതിരെ യൂറോപ്യൻ യൂണിയൻ (ഇ.യു) പ്രഖ്യാപിച്ച ഉപരോധം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും, ജിബ്രാൾട്ടേറിയൻ അധികൃതരുടെ ഈ ഉറച്ച നടപടിയെ യു.കെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് അംബാസഡർ റോബ് മക്കെയർ യോഗത്തിൽ പറഞ്ഞത്. ഇ.യു സിറിയക്കുമേൽ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം ആദ്യമായാണ് ഇത്തരം സംഭവം. ഈ പ്രദേശം സർക്കാർ അധീനതയിലായതിനാലാണ് കപ്പൽ തടഞ്ഞതെന്നാണ് ബ്രിട്ടന്റെ വാദം.
എന്നാല്‍ അമേരിക്കയുടെ നിര്‍ദേശ പ്രകാരമാണ് യു.കെ കപ്പല്‍ പിടിച്ചിട്ടതെന്ന് സ്പെയിനിന്റെ ആക്ടിംഗ് വിദേശകാര്യ മന്ത്രി ജോസെപ് ബോറെൽ പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ ബ്രിട്ടനുള്ള അവകാശം സ്പെയിന് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്പെയിന് നടത്തിയ പരാമര്‍ശങ്ങള്‍ക്കും വലിയ രാഷ്ട്രീയ മാനമുണ്ട്.
വൈൽഡ്കാറ്റ് ഹെലികോപ്റ്ററിൽ നിന്നും 42 കമാൻഡോകള്‍ കപ്പലിന്റെ ഡെക്കിൽ ഇറങ്ങുകയും, കുറച്ചു പേര് സ്പീഡ് ബോട്ടില്‍ കപ്പലിനെ പിന്തുടര്ന്നുമാണ് ഗ്രേസ് 1-നെ തടഞ്ഞുനിര്‍ത്തിയത്. ജിബ്രാൾട്ടേറിയൻ കടലിലൂടെ കിഴക്കോട്ട് പോകുന്ന കപ്പലിനെ ഹെലികോപ്റ്റർ പിന്തുടരുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. കപ്പലിന്റെ ഉടമാവകാശം ആർക്കാണെന്നതിനെപ്പറ്റി വ്യക്തമായ സൂചനയില്ല. എന്നാല്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം അതിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗള്‍ഫ് കടലില്‍ എണ്ണക്കപ്പലുകള്‍ക്കെതിരായ ആക്രമണത്തോടെയാണ് ഇറാന്-അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന് വെടിവെച്ചിട്ടതോടെ യുദ്ധം ആസന്നമായ പ്രതീതി സൃഷ്ടിച്ചു. ഇതിനോടുള്ള പ്രതികരണമായി ഉപരോധങ്ങള്‍ അമേരിക്ക കൂടുതല്‍ ശക്തമാക്കി. അതോടെ ഇറാന് യുറേനിയം സംപുഷ്ടീകരണം വര്‍ധിപ്പിച്ചു. പശ്ചിമേഷ്യ ഒരു യുദ്ധത്തിന്റെ വക്കിലാണ്.
Read More: ശബരിമലയ്ക്കും കണ്ണൂര്‍ ‘കലാപ’ങ്ങള്‍ക്കുമിടയില്‍ സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍