TopTop
Begin typing your search above and press return to search.

ഇറാന്‍ ആണവ പ്രതിസന്ധി വഷളാക്കിയത് അമേരിക്കയെന്ന് ചൈനയും റഷ്യയും

ഇറാന്‍ ആണവ പ്രതിസന്ധി വഷളാക്കിയത് അമേരിക്കയെന്ന് ചൈനയും റഷ്യയും
ആണവ കരാര്‍ പ്രതിസന്ധിയില്‍ നില്‍ക്കെ 2015 കരാര്‍ പ്രകാരമുള്ള യുറേനിയം സംപുഷ്ടീകരണ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള ഭേദഗതി ഇറാന്‍ പാസാക്കി. അനുവദനീയ പരിധിയായ 3.67 ശതമാനത്തില്‍ നിന്ന് 4.5 ആക്കിയാണ് പരിധി ഉയര്‍ത്തിയത് എന്ന് ഇറാനിയന്‍ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജന്‍സി (ഐഎസ്എന്‍എ) റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞ വര്‍ഷത്തെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ആണവകരാറിലെ കക്ഷികളായ രാജ്യങ്ങള്‍ ഇറാന് വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന പരാതികള്‍ക്കിടെയാണ് ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനം വന്നത്.

അതേസമയം ഇറാനുമായുള്ള പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത് അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടലുകളാണെന്ന ആരോപണവുമായി ചൈന രംഗത്ത്. ‘ഇറാനിൽ അമേരിക്ക ചെലുത്തിക്കൊണ്ടിടിക്കുന്ന കടുത്ത സമ്മര്‍ദ്ദമാണ് ആണവ പ്രതിസന്ധിയുടെ മൂലകാരണമെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് ബെയ്ജിങ്ങിൽ പറഞ്ഞു. റഷ്യയും യു.എസിനെയാണ് പഴി ചാരുന്നത്. കരാറിൽ നിന്നും പിന്മാറിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെകുറിച്ച് റഷ്യ മുന്നറിയിപ്പ് നല്‍കിയതാണെന്നും കരാർ സംരക്ഷിക്കാൻ ആവശ്യമായ നയതന്ത്ര ശ്രമങ്ങൾ നടത്തുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.

കരാർ സംരക്ഷിക്കാൻ ചില രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ ഇറാൻ വിലമതിക്കുന്നുണ്ടെങ്കിലും ‘ഒരു രാജ്യത്തിന്‍റെയും കാര്യത്തിൽ പ്രതീക്ഷയോ വിശ്വാസമോ ഇല്ല’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൌസവി വ്യക്തമാക്കി. ‘എന്നാൽ നയതന്ത്രത്തിന്‍റെ വാതിൽ തുറന്നുതന്നെ ഇരിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ മുതിർന്ന സഹായി ഇമ്മാനുവൽ ബോൺ വരും ദിവസങ്ങളിൽ ഇറാൻ തലസ്ഥാനം സന്ദർശിക്കാനിരിക്കുകയായിരുന്നു. ട്രംപ് ഏർപ്പെടുത്തിയ ഉപരോധങ്ങളില്‍ നിന്ന് ഇറാനെ സംരക്ഷിക്കാന്‍ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയ 60 ദിവസത്തെ അന്തിമകാലാവധിയെ കുറിച്ചുള്ള മുന്നറിയിപ്പും അദ്ദേഹം നല്‍കി.

റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. ഇടപാടിൽ അവശേഷിക്കുന്ന രാജ്യങ്ങൾ, പ്രത്യേകിച്ച് യൂറോപ്യന്മാർ, അവരുടെ പ്രതിജ്ഞാബദ്ധത ഗൗരവമായി നിറവേറ്റുന്നില്ലെങ്കിൽ, അത് വെറും സംസാരം മാത്രമായി ചുരുങ്ങിയാല്‍’ ഇറാന്‍റെ മൂന്നാം ഘട്ട നടപടികള്‍ കൂടുതൽ കഠിനവും സ്ഥിരതയുള്ളതും അതിശയകരവുമായിരിക്കുമെന്നും അബ്ബാസ് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ യു.എസ് ഉപരോധത്തെ നേരിട്ട് പിന്തുണയ്ക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയന്റെ വക്താവ് നേരത്തെ പറഞ്ഞിരുന്നു.

2015-ലെ ആണവ കരാറിലെ വ്യവസ്ഥകൾ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സംപുഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ തുടരുകയാണ്. അണുബോംബ് നിര്‍മ്മിക്കില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥകളില്‍ ഒന്ന്. അന്താരാഷ്ട്ര ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിന് പകരമായി ആണവ പദ്ധതികള്‍ വന്‍തോതില്‍ ചുരുക്കുമെന്നും ഇന്‍റര്‍നാഷണല്‍ ആറ്റോമിക് എനർജി ഏജൻസി (ഐ‌എ‌ഇ‌എ)-യുടെ പരിശോധനകൾക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി പറഞ്ഞത്.

Next Story

Related Stories