ഉപരോധം പിന്‍വലിച്ചു 2015-ലെ ആണവ കരാറിലേക്ക് യു.എസ് മടങ്ങിയെത്തിയാൽ ചർച്ചക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. ‘ഞങ്ങൾ എല്ലായ്പ്പോഴും ചർച്ചകളിൽ വിശ്വസിക്കുന്നു... അവർ ഉപരോധം പിന്‍വലിച്ചാല്‍, അടിച്ചേൽപ്പിച്ച സാമ്പത്തിക സമ്മർദ്ദം അവസാനിപ്പിച്ച് കരാറിലേക്ക് മടങ്ങിവന്നാല്‍, അമേരിക്കയുമായി ഇറാന്, ഈ നിമിഷം, എവിടെവച്ചു വേണമെങ്കിലും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്’ എന്നാണ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ റൂഹാനി വ്യക്തമാക്കിയത്.
എന്നാൽ 2018 മെയ് മാസത്തിൽ ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറുന്നതിന് മുമ്പ് ഇറാന് എത്രത്തോളം എണ്ണ കയറ്റി അയച്ചിരുന്നുവോ അത്രത്തോളം തുടര്‍ന്നും കയറ്റി അയക്കാന്‍ കഴിഞ്ഞാലേ ചര്‍ച്ചയ്ക്കുള്ളൂ എന്ന നിബന്ധനയും രൂഹാനി മുന്നോട്ടു വച്ചു. റഷ്യ, ചൈന, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അമേരിക്ക കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. കൂടാതെ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഉപരോധത്തോടുള്ള പ്രതികരണമെന്നോണം ആണവക്കരാറിലെ ഓരോ വ്യവസ്ഥകളില്‍നിന്നും ഇറാന് പിന്നോട്ടു പോവുകയായിരുന്നു. ഉടമ്പടി പൂർണമായും പാലിക്കണമെന്ന യൂറോപ്യൻ പാർട്ടികളുടെ മുന്നറിയിപ്പിനെ ധിക്കരിച്ചുകൊണ്ട് അനുവദിച്ച 3.67 ശതമാനത്തിനേക്കാള്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള നടപടികള്‍ ഇറാന് ആരംഭിച്ചു.
അമേരിക്കന്‍ ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കരാറില്‍ അവശേഷിക്കുന്ന കക്ഷികൾ, പ്രത്യേകിച്ചും യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങള്‍ കൂടുതൽ ഒന്നും ചെയ്യാത്തിടത്തോളം കാലം കരാറിലെ ചില വ്യവസ്ഥകള്‍ അവഗണിക്കുമെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
ടെഹ്റാനിലെ എണ്ണ കയറ്റുമതിയിൽ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കരാറിലെ മറ്റു കക്ഷികളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവർ സാമ്പത്തികവുമായി മുന്നോട്ട് വരികയാണെമെങ്കിൽ ആണവ കരാർ പഴയപടിയാക്കുമെന്നാണ് ഇറാന്റെ വാദം.
അതേസമയം സിറിയയിലേക്ക് പോകുകയായിരുന്ന ഇറാന് ഓയില്‍ ടാങ്കര്‍ ബ്രിട്ടന് തടഞ്ഞതിനെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കില്‍ രൂപപ്പെട്ട സംഘര്‍ഷം അവസാനിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ബ്രിട്ടന്റെ മൂന്ന് കപ്പലുകള്‍ തടയാ ഇറാന് ശ്രമിച്ചിരുന്നു.
സിറിയയിലേയ്ക്ക് പോകില്ലെന്ന് ഉറപ്പ് നല്കിയാല് ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗ്രേസ് 1 എന്ന എണ്ണ കപ്പലാണ് ബ്രിട്ടന്റെ കസ്റ്റഡിയിലുള്ളത്.