TopTop
Begin typing your search above and press return to search.

ഇറാനെതിരെ കടുത്ത നടപടിക്ക് അമേരിക്ക; കൂടുതല്‍ പുതിയ ഉപരോധങ്ങളെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനെതിരെ കടുത്ത നടപടിക്ക് അമേരിക്ക; കൂടുതല്‍ പുതിയ ഉപരോധങ്ങളെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനുമേല്‍ കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താന്‍ അമേരിക്ക ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മർദ്ദത്തിൽ നിന്ന് ഇറാനെ രക്ഷിക്കാന്‍ യൂറോപ്പ് ഒന്നും ചെയ്തില്ലെങ്കിൽ ആണവ പദ്ധതികള്‍ വർദ്ധിപ്പിക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് ഇറാനും തിരിച്ചടിച്ചു. സംഘർഷം കനത്തതോടെ പ്രശ്​നത്തിന്​ രാഷ്​ട്രീയ പരിഹാരമാണ്​ വേണ്ടതെന്ന ആവശ്യവുമായി യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ്​ രാജ്യങ്ങൾ രംഗത്തു വന്നു.

ഉപരോധങ്ങളിൽ നിന്നുള്ള നിരന്തരമായ സാമ്പത്തിക സമ്മർദ്ദം മൂലമാണ് ഇറാൻ ചർച്ചകള്‍ നടത്താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അത് തള്ളിക്കളഞ്ഞ ഇറാന്‍ ഉപരോധം നിലനിൽക്കെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും പറഞ്ഞു. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.

ഇന്നലെ, തെക്കൻ സൗദി അറേബ്യയിലെ അഭാ വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂദി വിമതര്‍ അക്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പത്തു ദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് അഭാ എയര്‍പ്പോര്‍ട്ട് ആക്രമിക്കപ്പെടുന്നത്. തെക്ക്-പടിഞ്ഞാറൻ സൗദി തീരത്തുള്ള ജിസാനിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തിയതായും അവര്‍ അവകാശപ്പെടുന്നുണ്ട്.

ഇറാൻ മേഖലയിൽ നടത്തുന്ന ​ഇടപെടൽ അവസാനിപ്പിക്കാൻ തങ്ങൾ പ്രതിജ്​ഞാബദ്ധമാണെന്നും അമേരിക്കയുടെ ക്ഷമയെ ദൗർബല്യമായി ഇറാൻ കാണരുതെന്നും യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്​ പോംപിയോ പറഞ്ഞു. അതിനിടെ ഇറാനു നേരെ സൈബർ ആക്രമണവും ഉണ്ടായിട്ടുണ്ട്. മിസൈൽ നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു സൈബർ ആക്രമണം എന്നാണ്​ അമേരിക്ക വിശദീകരിക്കുന്നത്​. എന്നാൽ സൈബർ ആക്രമണം ഇറാനെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം വ്യക്​തമല്ല.

ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇറാന്‍ മാറുമെന്നും, അമേരിക്കന്‍ പ്രസിഡന്‍റ് ഇറാന്‍റെ മികച്ച സുഹൃത്തായിരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍


Next Story

Related Stories