വിദേശം

‘അല്‍ ജസീറ’യെ ഇസ്രയേല്‍ പുറത്താക്കുന്നു; മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കും

അതേസമയം പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യം എന്ന് അവകാശപ്പെടുന്ന ഇസ്രയേല്‍ ഇത്തരത്തില്‍ പെരുമാറുന്നത് അപലപനീയമാണെന്ന് അല്‍ ജസീറ പ്രതികരിച്ചു.

അല്‍ ജസീറ ചാനലിന്റെ ജറുസലേമിലെ ഓഫീസ് അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ തീരുമാനം. അല്‍ജസീറയുടെ ഭാഗമായ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം റദ്ദാക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷന്‍ മന്ത്രി അയോബ് കാരയാണ് വാര്‍ത്താസമ്മേളനത്തില്‍ ഗവണ്‍മെന്റ് തീരുമാനം അറിയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അല്‍ ജസീറ അക്രമപ്രവര്‍ത്തനങ്ങളും ഭീകരതയും അഴിച്ചുവിടുന്ന സംഘടനകളുടെ കയ്യിലെ ഉപകരണമാണെന്ന് അയോബ കാര ആരോപിച്ചു. സുന്നി അറബ് രാജ്യങ്ങള്‍ അല്‍ ജസീറയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് തങ്ങളുടെ നടപടിയെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റ് ഇതിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അയോബ് കാര പറഞ്ഞു.

എപ്പോഴാണ് പുതിയ തീരുമാനം അംഗീകാരത്തിനായി ഗവണ്‍മെന്റ് പാര്‍ലമെന്റിലെത്തിക്കുക എന്നത് വ്യക്തമല്ല. അല്‍ ജസീറ ചാനലിന്റെ സംപ്രേഷണവും നിരോധിക്കാനാണ് ഇസ്രയേല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നത്. കേബിള്‍ സാറ്റലൈറ്റ കണക്ഷനുകള്‍ തടയും. അല്‍ ജസീറ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പല തവണ ഭീഷണി മുഴക്കിയിട്ടുള്ളതാണ്.

അതേസമയം പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യം എന്ന് അവകാശപ്പെടുന്ന ഇസ്രയേല്‍ ഇത്തരത്തില്‍ പെരുമാറുന്നത് അപലപനീയമാണെന്ന് അല്‍ ജസീറ പ്രതികരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിയമനടപടികളെ പറ്റി ആലോചിക്കുമെന്നും അല്‍ ജസീറ വ്യക്തമാക്കി. ഇസ്രയേല്‍ അധിനിവേശം നടത്തി കൈവശം വച്ചിരിക്കുന്ന പാലസ്തീന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പടെ റിപ്പോര്‍ട്ടിംഗ് തുടരും. അന്താരാഷ്ട്ര ഏജന്‍സികള്‍ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഇത്. ഗവണ്‍മെന്റ് തീരുമാനം നിയമവിരുദ്ധമാണെന്നും സുപ്രീംകോടതിയില്‍ ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയും തീരുമാനം റദ്ദാക്കപ്പെടുകയും ചെയ്യപ്പെടുമെന്നും ദ ലീഗല്‍ സെന്റര്‍ ഫോര്‍ അറബ് മൈനോറിറ്റി റൈറ്റ്‌സ് ഇന്‍ ഇസ്രയേല്‍ (അദാല) അഭിപ്രായപ്പെട്ടു.

ഇസ്രയേല്‍ തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ദ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്്‌സ് (സിപിജെ) ഇസ്രയേല്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് സിപിജെ മിഡില്‍ ഈസ്റ്റ ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാം കോഡിനേറ്റര്‍ ഷെരിഫ് മന്‍സൂര്‍ കുറ്റപ്പെടുത്തി. അല്‍ ജസീറയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നും സിപിജെ ആവശ്യപ്പെട്ടു. ഖത്തറിനെ ഒറ്റപ്പെടുത്തുന്ന നീക്കം സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ നടത്തുകയും സൗദിയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തര്‍ ചാനലായ അല്‍ ജസീറയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തതിന് പിന്നാലെയാണ് ഇസ്രയേലിന്റെ തീരുമാനം. യുഎഇയും അല്‍ ജസീറയുടെ സിഗ്നലുകള്‍ തടഞ്ഞിരുന്നു. ഈജീപ്റ്റും നേരത്തെ അല്‍ സീറയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍