TopTop
Begin typing your search above and press return to search.

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം: ജെറുസലേമില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം: ജെറുസലേമില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍
ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായുള്ള ഒരു പോരാട്ടത്തില്‍ വെള്ളിയാഴ്ച ആറുപേര്‍ കൊല്ലപ്പെട്ടു. ജറുസലേമിന്റെ വിശുദ്ധ സ്ഥാപനത്തില്‍ പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഇസ്രായേലിന്റെ നീക്കമാണ് പോരാട്ടത്തില്‍ കലാശിച്ചത്. ജറുസലേമിലെ പഴയ നഗരത്തിലുള്ള മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആരാധനായലയങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ദേവാലയ-ക്ഷേത്ര കവാടത്തില്‍ മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിച്ച ഇസ്രായേലിന്റെ നടപടിയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന സംഭവത്തില്‍ മൂന്ന് ഇസ്രായേലികള്‍ കത്തിക്കുത്തേറ്റ് മരിച്ചു.

മെറ്റല്‍ ഡിക്ടറ്ററുകള്‍ മാറ്റുന്നത് വരെ ഇസ്രയേലുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും മരവിപ്പിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഉത്തരവിട്ടു. ഉത്തരവില്‍ വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍ ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ സുരക്ഷാ സഹകരണത്തില്‍ മാത്രം ഒതുങ്ങുന്നതാണ്. അല്‍ അഖ്‌സ പള്ളിയില്‍ എടുത്ത നടപടികള്‍ പിന്‍വലിക്കണമെന്നും പുര്‍വസ്ഥിതി നിലനിര്‍ത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി പാര്‍പ്പിട കേന്ദ്രമായ നെവെ ത്സുഫിലാണ് മൂന്ന് ഇസ്രയേലികള്‍ കുത്തേറ്റ് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. സുരക്ഷാവേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന സ്ഥലമാണിത്. മരിച്ച മൂന്നുപേരും ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60ഉം 40ഉം വയസുള്ള രണ്ട് പുരുഷന്മാരും 40 വയസുള്ള സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. 68 വയസുള്ള സ്ത്രീയാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇരുട്ടിന്റെ മറവില്‍ പാര്‍പ്പിട സമുച്ചയത്തില്‍ കയറിപ്പറ്റിയ കൊലപാതകി ആക്രമണം നടത്തുകയായിരുന്നു. റാമള്ളയ്ക്ക് സമീപമുള്ള ഘൊബാര്‍ ഗ്രാമത്തില്‍ നിന്നുള്ള പത്തൊമ്പതുകാരനാണ് കൊലപാതകി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നേരത്തെ പലസ്തീന്‍ തീര്‍ത്ഥാടകരും ഇസ്രയേലി സുരക്ഷ സേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലാണ് നടന്നത്. മുസ്ലീങ്ങള്‍ വിശുദ്ധ ദേവാലയമെന്നും ജൂതര്‍ ടെമ്പിള്‍ മൗണ്ട് എന്നും വിളിക്കുന്ന ആരാധനാലയത്തില്‍ ഡിക്ടറ്ററുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍ കല്ലുകളുമായി ഇസ്രായേലി സുരക്ഷസേനകളെ ആക്രമിക്കുകയായിരുന്നു. സുരക്ഷ സേനകള്‍ ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടത്. 17 കാരനായ മുഹമ്മദ് ഷെറഫ്, പ്രായം നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ലാത്ത മുഹമ്മദ് ഹസന്‍ അബു ഘന്നം എന്നിവര്‍ കിഴക്കന്‍ ജെറുസലേമില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മരിച്ച മൂന്നാമത്തെ പലസ്തീനി മുഹമ്മദ് ലാഫി എന്ന പതിനെട്ടുകാരനാണ് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഇസ്രയേലി കുടിയേറ്റക്കാരനാണ് ഷറഫിനെ വെടിവെച്ചതെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകല്‍ പറയുന്നു.ജൂലൈ 14ന് ജറുസലേമിലെ പഴയ നഗരത്തില്‍ രണ്ട് ഇസ്രയേലി പൊലീസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മെറ്റല്‍ ഡിക്ടറ്ററുകള്‍ സ്ഥാപിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. മുസ്ലീങ്ങളുടെ ഏറ്റവും വലിയ മൂന്നാമത്തെ ആരാധനാലയമായ അഖ്‌സ പള്ളി, സുവര്‍ണ താഴികക്കുടം, പാറ എന്നിവയും ജൂതരുടെ പുരാതന ക്ഷേത്രവും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഡിക്ടറ്ററുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിക്കുള്ളില്‍ കയറാന്‍ വിസമ്മതിച്ചു. പള്ളിയോട് ചേര്‍ന്ന് ഇടുങ്ങിയ തെരുവുകളില്‍ അവര്‍ തടിച്ചുകൂടുകയായിരുന്നു. ഇസ്രയേലിന്റെ നിയന്ത്രണങ്ങള്‍ തങ്ങള്‍ തള്ളിക്കളയുകയാണെന്ന് മുസ്ലീം പുരോഹിതന്‍ ഗ്രാന്റ് മുഫ്തി മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഈ ആരാധനാലയ സമുച്ചയം പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 1967ലെ യുദ്ധത്തില്‍ പുരാതന നഗരം ഇസ്രയേല്‍ പിടിച്ചെടുക്കുകയും തങ്ങളുടെ പ്രവിശ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തതിനുശേഷം പാലസ്തീന്‍ ദേശീയതയുടെ ഒരു ചിഹ്നം കൂടിയായി ഈ പ്രദേശം മാറി. ഇത് തങ്ങളുടെ പ്രാര്‍ത്ഥനാ സ്ഥലമാണെന്നും ഇവിടെ തങ്ങള്‍ക്ക് സ്വയംഭരണാവകാശം ഉണ്ടെന്നും പലസ്തീനികള്‍ വാദിക്കുന്നു. മെറ്റല്‍ ഡിക്ടറ്ററുകള്‍ മാറ്റണമെന്ന് ഇസ്രയേലി പ്രസിഡന്റ് റൂവെന്‍ റിവ്‌ലിനോട് തുര്‍ക്കി പ്രസിഡന്റ് തായിപ് എര്‍ദോഗന്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. മധ്യേഷ്യയിലെ യുഎന്‍ സ്‌പെഷ്യന്‍ കോര്‍ഡിനേറ്റര്‍ നിക്കൊളായ് മ്ലാഡെനോവ് സമാധാനം പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു. ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ നഗരത്തിന്റെ കാവല്‍ക്കാരായ ജോര്‍ദ്ദാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ആയുധങ്ങള്‍ രഹസ്യമായി ഉള്ളില്‍ കടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി മെറ്റല്‍ ഡിക്ടറ്റര്‍ നിലനിറുത്താനാണ് ഇന്നലെ അര്‍ദ്ധരാത്രി ചേര്‍ന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പതിനൊന്നംഗ സുരക്ഷാ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്.

Next Story

Related Stories