TopTop
Begin typing your search above and press return to search.

ഞങ്ങളുടെ എഫ് 35 വിമാനങ്ങള്‍ക്ക് അവിടെയെത്താന്‍ അധിക സമയം വേണ്ട: ഇറാന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭീഷണി

ഞങ്ങളുടെ എഫ് 35 വിമാനങ്ങള്‍ക്ക് അവിടെയെത്താന്‍ അധിക സമയം വേണ്ട: ഇറാന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭീഷണി
ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഇസ്രയേലിന്‍റെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഇറാന്‍റെ നടപടികളെന്നും, എഫ് -35 യുദ്ധവിമാനങ്ങള്‍ക്ക് ഇറാനും സിറിയയുമടക്കം മിഡിൽ ഈസ്റ്റിലെ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇസ്രായേലി വ്യോമതാവളത്തില്‍ നിന്നും എഫ് -35 വിമാനങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് നെതന്യാഹു ഇറാനെതിരെ തുറന്നടിച്ചത്.

അമേരിക്ക ഉള്‍പ്പടെയുള്ള വന്‍ ശക്തികള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവക്കരാറില്‍നിന്നും അമേരിക്കയും ഇറാനും പിന്‍വാങ്ങിയാതോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമാണ്. കരാറിലെ വ്യവസ്ഥകൾ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സംപൂഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ തുടരുകയാണ്. അതാണ്‌ ഇസ്രയേൽ പ്രധാനമന്ത്രിയേയും പ്രകോപിപ്പിച്ചത്. തുടക്കം മുതല്‍തന്നെ ഇറാനുമായുള്ള ആണവ  കരാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ആളാണ്‌ നെതന്യാഹു.

റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ ആണവ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അമേരിക്ക കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറി. കൂടാതെ ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അണുബോംബ് നിര്‍മ്മിക്കില്ല എന്നതായിരുന്നു കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥകളില്‍ ഒന്ന്. അന്താരാഷ്ട്ര ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിന് പകരമായി ആണവ പദ്ധതികള്‍ വന്‍തോതില്‍ ചുരുക്കുമെന്നും ഇന്‍റര്‍നാഷണല്‍ ആറ്റോമിക് എനർജി ഏജൻസി (ഐ‌എ‌ഇ‌എ)-യുടെ പരിശോധനകൾക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.

കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയപ്പോഴും ഇറാന്‍ അത് പിന്തുടര്‍ന്നിരുന്നുവെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ട്രംപ് ഉപരോധത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതോടെയാണ്‌ ഇറാനും ശക്തമായി പ്രതികരിക്കാന്‍ തയ്യാറായത്. ഇപ്പോള്‍ ആയുധ നിർമാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി വ്യക്തമാക്കിയിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ അത് ഇറാന് കനത്ത തിരിച്ചടിയാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇറാനുമായുള്ള പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത് അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടലുകളാണെന്ന ആരോപണവുമായി ചൈനയടക്കമുള്ള രാജ്യങ്ങള്‍ ഇതൊനോടകം രംഗത്തെത്തിയിട്ടുണ്ട്.

Next Story

Related Stories