UPDATES

വിദേശം

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ സൗദി വധിച്ചു? പിന്നില്‍ സല്‍മാന്‍ രാജകുമാരന്‍? ഗുരുതരാരോപണവുമായി തുര്‍ക്കി

ഖഷോഗിക്ക് എന്ത് സംഭവിച്ചു എന്ന് സൗദി ഗവണ്‍മെന്റ് ഉത്തരം പറയണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യന്‍ കോണ്‍സുലേറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കാണാതായത് ആഗോളതലത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. സൗദി ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം സൗദി സൈനിക ഉദ്യോഗസ്ഥര്‍ ഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായ ജമാല്‍ ഖഷോഗിയെ വധിച്ചതായാണ് തുര്‍ക്കിയുടെ ആരോപണം. സൗദി ഇത് നിഷേധിക്കുന്നു. സൗദി സ്‌പെഷല്‍ ഫോഴ്‌സ്, ഇന്റലിജന്‍സ്, നാഷണല്‍ ഗാര്‍ഡ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയുന്ന തുര്‍ക്കി ഇവരുടെ പേര് വിവരങ്ങള്‍ പുറത്തിടുകയും ചെയ്തു. ഇവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയിലെ അല്‍ സൗദ് രാജകുടുംബവുമായും നിലവില്‍ ഭരണം നിയന്ത്രിക്കുന്ന കിരീടാവകാശി സല്‍മാന്‍ രാജകുമാരനുമായും അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് ഈ ഹിറ്റ് സ്‌ക്വാഡില്‍ ഉള്ളതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ അണ്ടര്‍ഗ്രൗണ്ട് ഗാരേജ് സംബന്ധിച്ച് തുര്‍ക്കി അധികൃതര്‍ അന്വേഷിച്ചുവരുകയാണ്. കോണ്‍സുലേറ്റ് വിട്ടതിന് ശേഷം സംഘത്തിന്റെ കാറുകള്‍ ഇവിടെയെത്തിയിരുന്നു. ഖഷോഗിയുടെ ആപ്പിള്‍ വാച്ച് സംബന്ധിച്ചും തുര്‍ക്കി അന്വേഷിക്കുന്നുണ്ട്. ഇത് ഐ ഫോണുമായി കണക്ട് ചെയ്തിരുന്നു. കോണ്‍സുലേറ്റിന് പുറത്തുണ്ടായിരുന്ന ഖഷോഗിയുടെ പ്രതിശ്രുത വധുവിന്റെ കയ്യിലായിരുന്നു ഐ ഫോണ്‍. കോണ്‍സുലേറ്റിനുള്ളിലേയ്ക്ക് കയറുമ്പോള്‍ ഖഷോഗിയുടെ കയ്യില്‍ വാച്ച് ഉണ്ടായിരുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ വാച്ചില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.

സൗദി ഹിറ്റ്‌ സ്ക്വാഡ് ഇസ്താന്‍ബുള്‍ കോണ്‍സുലേറ്റിനുള്ളില്‍ -വീഡിയോ:

ഖഷോഗിക്ക് എന്ത് സംഭവിച്ചു എന്ന് സൗദി ഗവണ്‍മെന്റ് ഉത്തരം പറയണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. വളരെ ഗൗരവമുള്ള കാര്യമാണിത്. അന്വേഷണത്തില്‍ തുര്‍ക്കിയുമായി സഹകരിക്കുമെന്നും എല്ലാ സഹായവുമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ഖഷോഗിയുടെ കാമുകിയും പ്രതിശ്രുത വധുവുമായ ഹാറ്റിസ് സെന്‍ഗിസിനെ ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, ട്രംപിന്റെ മരുമകന്‍ ജെറാര്‍ഡ് കുഷ്‌നര്‍ എന്നിവര്‍ സല്‍മാന്‍ രാജകുമാരനുമായി സംസാരിച്ചിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ഖഷോഗിയെ സൗദി ഹിറ്റ് സ്‌ക്വാഡ് വധിച്ചു എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തുര്‍ക്കി അധികൃതര്‍. വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം യുഎസ് ഇന്‍ലിജന്‍സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത് കലാപത്തിന്റെ ആസൂത്രകന്‍ സല്‍മാന്‍ രാജകുമാരനാണെന്നാണ്.

ചൊവ്വാഴ്ചയാണ് ജമാൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലേക്ക് ചെന്നത്. ഉച്ചയോടെ അകത്തേക്ക് പോയ ജമാൽ പിന്നീട് തിരിച്ചു വരികയുണ്ടായില്ല. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. അർധരാത്രിയോളം ഇവർ കാത്തു നിന്നിട്ടും ജമാൽ തിരിച്ചെത്തിയില്ല. ഒരു വിവാഹമോചന ഹർജി സമർപ്പിക്കാനാണ് ജമാൽ കോൺസുലേറ്റിലേക്ക് പോയത്. തനിക്ക് സുരക്ഷാ ആശങ്കകളുള്ളതായി ജമാൽ പറഞ്ഞിരുന്നതായി വിവരമുണ്ട്. തുർക്കി പറയുന്നതു പ്രകാരം ജമാൽ കോൺസുലേറ്റിനുള്ളിൽ തന്നെയുണ്ട്. എന്നാൽ സൗദി ഉദ്യോഗസ്ഥർ പറയുന്നത് ജമാൽ കോൺസുലേറ്റ് വളപ്പ് വിട്ടു പോയെന്നാണ്. തുർക്കിക്ക് കോൺസുലേറ്റിൽ പരിശോേധന നടത്താമെന്ന് സൗദി അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സിസിടിവി ഫൂട്ടേജിന്റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. ഒരു പള്‍പ്പ് ഫിക്ഷന്‍ പോലെയാണ് സംഭവം നടന്നത് എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനോടട് പറഞ്ഞത്. ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യം സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ പറയുന്നു.

അറബ് ലോകത്തു നിന്നുള്ള ഏറ്റവും പ്രമുഖരായ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ജമാൽ ഖഷോഗ്ഗി. സൗദി അറേബ്യയുടെ കടുത്ത വിമർശകൻ കൂടിയാണിദ്ദേഹം. രാജ്യത്തിന്റെ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ ധിക്കരിച്ച് നിലപാടെടുത്തിട്ടുള്ള ജമാലിനെ സൗദി നോട്ടമിട്ടിരുന്നുവെന്നാണ് സൂചന. ‘എവിടെ ജമാൽ ഖഷോഗ്ഗി?’ എന്ന തലക്കെട്ടിൽ വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ജമാൽ വെറുമൊരു കമന്റേറ്റർ മാത്രമായിരുന്നില്ലെന്ന് പറയുന്നുണ്ട്. സൗദി രാജകുടുംബ വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള അദ്ദേഹത്തിന് രാജകുടുംബം എന്ത് ചിന്തിക്കുന്നുവെന്നതിനെ കുറിച്ച് മറ്റാരെക്കാളും ധാരണയുണ്ടായിരുന്നെന്നും എഡിറ്റോറിയൽ പറഞ്ഞു. കഴിഞ്ഞ വർഷം കിരീടാവകാശിയായി മാറിയ മൊഹമ്മദ് ബിൻ സൽമാനെയാണ് ജമാലിന്റെ വിമർശനങ്ങള്‍ ഏറെ അസഹിഷ്ണുവാക്കിയിരുന്നതെന്നും എഡിറ്റോറിയൽ പറയുന്നു.

എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതാണ് സൗദി കിരീടാവകാശിയുടെ രീതിയെന്നും ബ്ലോഗർമാരും മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും വാഷ്ങ്ടൺ പോസ്റ്റ് വിമർശനമുന്നയിച്ചു. ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി പോരാടിയ സ്ത്രീകളെ ജയിലിലടച്ചതും സൽമാൻ രാജകുമാരനാണ്. ഡ്രൈവ് ചെയ്യാനുള്ള അവകാശം നൽകിയിട്ടും അവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കാര്യവും പത്രം ചൂണ്ടിക്കാട്ടി. സൗദി സമാനമായ പ്രവർത്തനങ്ങൾ നേരത്തെയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരി സൗദി അറേബ്യൻ സന്ദർശന വേളയിൽ രാജി വെച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇദ്ദേഹത്തെ സൗദി ഭീഷണിപ്പെടുത്തി രാജി വെപ്പിച്ചതാണെന്നാണ് കരുതപ്പെടുന്നത്. ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോൾ രാജി പിൻവലിക്കുകയും ചെയ്തിരുന്നു.

ബിൻ സൽമാൻ രാജകുമാരന്റെ ഏകാധിപത്യം

ഏകാധിപത്യ പ്രവണതകളുള്ളയാളാണ് ബിൻ സൽമാൻ രാജകുമാരനെന്ന് വ്യാപകമായ വിമർശനങ്ങളുണ്ട്. രാജകുമാരൻ തന്നെ അധ്യക്ഷനായി നിയമിക്കപ്പെട്ട ഒരു അഴിമതി വിരുദ്ധ കമ്മറ്റി മുഖാന്തിരമാണ് ആദ്യത്തെ വെട്ടിനിരത്തലുകൾ നടന്നത്. സല്‍മാന്റെ എതിരാളികളായ രാജ്യത്തെ പ്രമുഖര്‍ പലരും ഈ വെട്ടിനിരത്തലിൽ വീണു. രാജാവ് അബ്ദുള്ളയുടെ മകനും നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയുമായിരുന്ന മിതെബ് ബിന്‍ അബ്ദുള്ള രാജകുമാരനാണ് ഇവരിലൊരാൾ. ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നും നീക്കം ചെയ്തു. ശതകോടിശ്വരനായ അല്‍ വലീദ് ബിന്‍ തലാലിനെയും സൽമാൻ ജയിലിലടച്ചു. പുരോഗമനകാരിയായി അറിയപ്പെട്ടിരുന്ന വാലിദിന്റെ അറസ്റ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

സൗദി കോൺസുലേറ്റ് സന്ദർശിച്ച മാധ്യമപ്രവർത്തകൻ തിരിച്ചുവന്നില്ല; സൽമാൻ രാജകുമാരന്റെ വിമർശകനു വേണ്ടി കോളം ഒഴിച്ചിട്ട് വാഷിങ്ടൺ പോസ്റ്റ്

സൗദിയിലെ അധികാരമാറ്റം അഥവാ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാര വിപ്ലവം

അൽ സഊദും വഹാബിസവും വേർ പിരിയുമോ?

സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍