വിദേശം

ജനപിന്തുണയില്‍ തെരേസ മേയേക്കാള്‍ കോര്‍ബിന്‍ മുന്നില്‍; പ്രധാനമന്ത്രിയാകണമെന്ന് ആവശ്യം

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 32 ശതമാനം പേര്‍ ജെര്‍മി കോര്‍ബിനേയും 30 ശതമാനം തെരേസ മേയേയും പിന്തുണക്കുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കും അവരുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും (ടോറി) തലവേദനയായി പുതിയ അഭിപ്രായ സര്‍വേ ഫലം. തെരേസ മേയേക്കാള്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ജനങ്ങള്‍ പിന്തുണക്കുന്നത് ലേബര്‍ പാര്‍ട്ടി നേതാവായ ജെര്‍മി കോല്‍ബിനെ ആണെന്ന് സര്‍വേ ഫലം പറയുന്നു. Independent പത്രത്തിന് വേണ്ടി ബിഎംജി റിസര്‍ച്ച് ആണ് സര്‍വേ സംഘടിപ്പിച്ചത്. തെരേസ മേയെ അപേക്ഷിച്ച് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കോര്‍ബിന് രണ്ട് പോയന്റ് ലീഡും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അപേക്ഷിച്ച് ലേബര്‍ പാര്‍ട്ടിക്ക് അഞ്ച് പോയിന്റ് ലീഡുമാണുള്ളത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തെരേസയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ബോറിസ് ജോണ്‍സണെ പോലുള്ള നേതാക്കള്‍ തെരേസക്കെതിരെ ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം മുന്‍ പാര്‍ട്ടി ചെയര്‍മാനും എംപിയുമായ ഗ്രാന്റ് ഷാപ്‌സ് തെരേസ മേയ്‌ക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരായ ലീഡര്‍ഷിപ്പ് ചാലഞ്ചിന് നിലവില്‍ 30 എംപിമാരുടെ പിന്തുണയുണ്ടെന്നാണ് ഗ്രാന്‍ഡ് ഷാപ്‌സ് അവകാശപ്പെടുന്നത്. ഇവരുടെ ഒപ്പുകള്‍ ശേഖരിച്ച് കഴിഞ്ഞു. നേതൃമാറ്റത്തിനായി ഇത്തരമൊരു ചാലഞ്ച് നടക്കണമെങ്കില്‍ 48 ഒപ്പുകള്‍ വേണം. അതേസമയം ആന്‍ഡ്രിയ ലീഡ്‌സം, സ്‌കോട്ടിഷ് ടോറി നേതാവ് റൂത്ത് ഡേവിഡ്‌സണ്‍ തുടങ്ങിയവര്‍ ഷാപ്‌സിനെതിരെ ശകാരവുമായി രംഗത്തെത്തിയിരിക്കുന്നു. മിണ്ടാതിരിക്കാനാണ് അവര്‍ ഷാപ്‌സിനോട് ആവശ്യപ്പെട്ടത്.

ഫ്രാന്‍സ്, ജര്‍മ്മന്‍ നേതാക്കളടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ചെലുത്തുന്ന സമ്മര്‍ദ്ദവുമുണ്ട്. സര്‍വേയില്‍ 42 ശതമാനം പിന്തുണ ലേബര്‍ പാര്‍ട്ടിക്ക് കിട്ടിയപ്പോള്‍ 37 ശതമാനം പിന്തുണയാണ് ടോറികള്‍ക്കുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് 32 ശതമാനം പേര്‍ ജെര്‍മി കോര്‍ബിനേയും 30 ശതമാനം തെരേസ മേയേയും പിന്തുണക്കുന്നു. സെപ്റ്റംബറില്‍ നടത്തിയ സര്‍വേയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി കോര്‍ബിന്റെ വ്യക്തിഗത പിന്തുണ വളരെയധികം ഉയര്‍ന്നിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍