TopTop

ട്രംപിനെ വരച്ച വരയില്‍ നിര്‍ത്തുന്ന യുദ്ധവെറിയന്‍; കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയുടെ യുദ്ധങ്ങളുടെ പിന്നില്‍ ഈ മനുഷ്യനാണ്

ട്രംപിനെ വരച്ച വരയില്‍ നിര്‍ത്തുന്ന യുദ്ധവെറിയന്‍; കഴിഞ്ഞ നാല് പതിറ്റാണ്ടായി അമേരിക്കയുടെ യുദ്ധങ്ങളുടെ പിന്നില്‍ ഈ മനുഷ്യനാണ്
പശ്ചിമേഷ്യ സംഘര്‍ഷഭരിതമാണ്. ഇറാഖും സിറിയയും യമനുമെല്ലാം നാശത്തിന്‍റെ പടുകുഴിയിലായി. ഇപ്പോഴിതാ ഇറാനിലേക്കും ഒരു അധിനിവേശത്തിന്‍റെ കാഹളം മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. അമേരിക്കക്ക് വേണ്ടി കഴിഞ്ഞ നാലു പതിറ്റാണ്ടായി എല്ലാ കരുനീക്കങ്ങളും നടത്തുന്നത് ജോൺ ബോൾട്ടനാണ്. അമേരിക്ക നയിക്കുകയാണെങ്കില്‍ മാത്രമേ ഈ ലോകം സുരക്ഷിതവും സുന്ദരവുമാകൂ എന്നാണ് ബോള്‍ട്ടണ്‍ സ്വയം കരുതുന്നത്. അമേരിക്കയുടെ പ്രഖ്യാപിത കാർട്ടർ ചാർട്ടര്‍ പോലും തിരുത്തിക്കുറിച്ച യുദ്ധവെറിയനാണ് ബോള്‍ട്ടണ്‍.

ഒബാമ കാലഘട്ടത്തിൽ ടെലിവിഷന്‍ ചര്‍ച്ചകളിലെ നിറ സാന്നിദ്ധ്യമായിരുന്നു ബോള്‍ട്ടണ്‍. മിക്കവാറും ‘ഫോക്സ് ന്യൂസില്‍’. എന്നാലിന്ന് അദ്ദേഹം തന്ത്രപരമായ വിദേശ നയങ്ങളിലെ അവസാന വാക്കാണ്‌. ഉത്തര കൊറിയയുമായുള്ള രണ്ടാംവട്ട ചര്‍ച്ച പരാജയപ്പെടുന്നതില്‍ ബോള്‍ട്ടന്‍റെ പങ്ക് വളരെ വലുതാണ്‌. കിം ജോങ് ഉന് ഒരിക്കലും പിന്തുടാരാന്‍ കഴിയാത്ത വിധത്തിലുള്ള ആവശ്യങ്ങളായിരുന്നു അമേരിക്ക മുന്നോട്ടു വച്ചിരുന്നത്. ഇപ്പോള്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്.

സമാനമായ കാര്യങ്ങളാണ് ഇറാനോടും ചെയ്തത്. ഇറാന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള ആവശ്യങ്ങള്‍ മാത്രം മുന്നോട്ടുവച്ചു. ഒബാമ തുടങ്ങിവെച്ച എല്ലാ സമാധാന നീക്കങ്ങളും പൊളിച്ചെഴുതി. സ്ഥാനമേൽക്കും മുമ്പു തന്നെ ഇറാനെ അമേരിക്ക ആക്രമിക്കണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് അദ്ദേഹം.

വെനസ്വേലയിലും തീക്കളിയാണ് അദ്ദേഹം കളിക്കുന്നത്. മഡൂറോയെ താഴെയിറക്കാന്‍ യു.എസ്. നടത്തിയ എല്ലാ ശ്രമങ്ങളും പാളിപ്പോയിരുന്നു. അതോടെ അരിശം മൂത്ത ബോള്‍ട്ടണ്‍. മഡൂറോയെ പുറത്താക്കാന്‍ ‘ഏതറ്റം വരെയും പോകു’മെന്ന ട്രംപ് ഭരണകൂടത്തിന്‍റെ അതേ വാക്കുകള്‍ അവിടുത്തെ പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വീഡോയെക്കൊണ്ടും വിളിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇറാഖ് അധിനിവേശ കാലത്തുതന്നെ ജോർജ് ബുഷ് ഗൾഫിൽ വിന്യസിച്ച പടക്കപ്പലാണ് യു.എസ്.എസ് അബ്രഹാം ലിങ്കൺ. കഴിഞ്ഞ മാസം തന്നെ ഈ പടക്കപ്പൽ സാധാരണനിലയിൽ വിന്യസിക്കുന്നതായി പെന്‍റഗൺ അറിയിച്ചിരുന്നതാണ്. എന്നാല്‍ അതിനെ ഇറാൻ ഭീഷണിയുമായി കൂട്ടിക്കെട്ടി മേഖലയില്‍ അശാന്തി പടര്‍ത്താന്‍ ബോള്‍ട്ടണ്‍ ശ്രദ്ധിച്ചു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതു മാത്രമായിരുന്നു നേരത്തെ അമേരിക്ക നടത്തിയ അധിനിവേശങ്ങളുടെയെല്ലാം കാതല്‍. എന്നാല്‍ ഇറാനെതിരെ നീങ്ങുമ്പോള്‍ ബോള്‍ട്ടണ്‍ പറയുന്ന ന്യായം അവരുടെ സഖ്യകക്ഷികളുടെ താല്‍പ്പര്യംകൂടെയാണ്.

ജോർജ് ഡബ്ല്യു. ബുഷിനെ ഇറാൻ ആക്രമണത്തിന് പ്രേരിപ്പിച്ചിരുന്ന ഡിക് ചെനിയുടെ ശ്രമത്തോടാണ് ബോൾട്ടന്‍റെ സമീപനങ്ങളെ അമേരിക്കന്‍ നിരീക്ഷകര്‍ ഉപമിക്കുന്നത്. ചെനിക്ക് ബുഷിനെ നിയന്ത്രിക്കാന്‍ ഒരു പരിധിക്കപ്പുറം കഴിഞ്ഞിരുന്നില്ല. എന്നാല്‍ ട്രംപിനെ വരച്ച വരയില്‍നിര്‍ത്താന്‍ ബോള്‍ട്ടണ് നന്നായി അറിയാം. അദ്ദേഹത്തെ സൈനിക ഉപദേഷ്ടാവായി നിയമിച്ചപ്പോള്‍തന്നെ മുൻ പ്രസിഡൻറ് ജിമ്മി കാർട്ടർ ട്രംപിനു മുന്നറിയിപ്പു നല്‍കിയിരുന്നു. നിയമനത്തെ രാജ്യത്തിന്‍റെ ദുരന്തം എന്നാണ് കാര്‍ട്ടര്‍ വിശേഷിപ്പിച്ചത്. ട്രംപിന്‍റെ ഏറ്റവും മോശമായ തീരുമാനമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പ്രകടനങ്ങളാണ് എങ്ങും കാണുന്നത്.

Read More: സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

Read More: The Guardian

Next Story

Related Stories