TopTop
Begin typing your search above and press return to search.

Explainer: ലാവലിന്‍ കേസില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെക്കുമോ?

Explainer: ലാവലിന്‍ കേസില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെക്കുമോ?

എസ്എന്‍സി ലാവലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഏപ്രില്‍ ആദ്യവാരം സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. അതേസമയം ലാവലിന്‍ കമ്പനിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാനഡയില്‍ ഇവിടത്തെ പോലെയല്ല കാര്യങ്ങള്‍. കാനഡ ഗവണ്‍മെന്റിനേയും പ്രധാനമന്ത്രി ട്രൂഡോയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് എസ്എന്‍സി ലാവലിന്‍ കമ്പനി ഉള്‍പ്പെട്ട അഴിമതി ആരോപണം.

എന്താണ് കാനഡയില്‍ നടക്കുന്നത്?

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് നേരിടുന്നത്. എസ്എന്‍സി ലാവലിന്‍ കമ്പനിയെ പണ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷിക്കുന്നതില്‍ ഉപദേശകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അറ്റോണി ജനറല്‍ ജോഡി വില്‍സണ്‍ റോബൗള്‍ഡ് അടക്കമുള്ളവര്‍ പങ്ക് വഹിച്ചതായി ആരോപണമുണ്ട്. ട്രൂഡോയുടെ ദീര്‍ഘകാല സുഹൃത്തായ ജെറാര്‍ഡ് ബട്‌സ് അദ്ദേഹത്തിന്റെ ഉപദേശക സ്ഥാനം രാജി വച്ചത് രണ്ടാഴ്ച മുമ്പാണ്. അറ്റോണി ജനറല്‍ വില്‍സണ്‍ റേബോള്‍ഡും രാജി വച്ചു. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയ്ക്ക് ഈ അഴിമതി ആരോപണം വലിയ അവമതിപ്പുണ്ടാക്കി. ഈ വര്‍ഷം ഒക്ടോബറില്‍ കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

എന്താണ് ലാവലിന്‍ കമ്പനിക്കെതിരായ ആരോപണം?

കാനഡയിലെ മോണ്‍ട്രിയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ 48 മില്യണ്‍ കനേഡിയന്‍ ഡോളറിന്റെ അഴിമതി ആരോപണമാണ് ഉള്ളത്. കരാറുകള്‍ നേടുന്നതിനായി ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ കുടുംബത്തിന് ഈ തുക കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 2001നും 2011നുമിടെയാണ് ആരോപണത്തിന് ആധാരമായ ഇടപാടുകള്‍ നടന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനിയെ 10 വര്‍ഷത്തേയ്ക്ക് രാജ്യത്തെ പദ്ധതികളില്‍ നിന്ന് വിലക്കും.

പിഴയടച്ച് രക്ഷപ്പെടാനും കരാറുകളിലെ വിലക്ക് ഒഴിവാക്കാനുമാണ് കമ്പനിയുടെ നീക്കം. അതേസമയം വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. പ്രധാനമന്ത്രിയും സഹായികളും ധനകാര്യ മന്ത്രിയും മുന്‍ അറ്റോണി ജനറല്‍ വില്‍സണില്‍ സമ്മര്‍ദ്ദം ചെലുത്തിയതിലും ഡിഫേഡ് പ്രോസിക്യൂഷന്‍ എഗ്രിമെന്റ് അംഗീകരിക്കുന്നതിലും സമ്മര്‍ദ്ദം ചെലുത്തിയതായാണ് ആരോപണം.

കമ്പനിയുടെ പശ്ചാത്തലം

ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. കാനഡയില്‍ മാത്രം 9000ത്തിലധികം പേര്‍ ജോലി ചെയ്യുന്നു. 2013ല്‍ ബംഗ്ലാദേശിലെ പാലം നിര്‍മ്മാണ കരാറില്‍ ക്രമക്കേട് ആരോപിച്ച് കമ്പനിയെ ലോകബാങ്ക് 10 വര്‍ഷത്തേയ്ക്ക് കരാര്‍ ബിഡ്ഡിംഗുകളില്‍ വിലക്കിയിരുന്നു.

എന്താണ് മുന്‍ അറ്റോണി ജനറല്‍ ജോഡി വില്‍സണ്‍ പറയുന്നത്?

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മന്ത്രിമാരും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സൂചന മുന്‍ അറ്റോണി ജനറല്‍ നല്‍കുന്നു. പ്രോസിക്യൂഷന്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് ജോഡി വില്‍സണ്‍ പറയുന്നു. പ്രിവി കൗണ്‍സില്‍ ക്ലര്‍ക്കും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുമായ മൈക്കള്‍ വെര്‍ണിക് കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞത് ഭീഷണികള്‍ സംബന്ധിച്ചാണ്. എസ്എന്‍സി ലാവലിന്‍ കമ്പനി ലണ്ടനിലേയ്ക്ക് മാറിയേക്കുമെന്നും കുറേ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കുമെന്നുമാണ് ധന മന്ത്രിയടക്കമുള്ളവര്‍ ജോഡി വില്‍സണോട് പങ്കുവച്ചത്.

തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ട്രൂഡോ

വില്‍സണ്‍ റേയ്‌ബോള്‍ഡുമായും അവരുടെ സ്റ്റാഫുമായും സംസാരിച്ച കാര്യം ട്രൂഡോ നിഷേധിച്ചിട്ടില്ല. അതേസമയം യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്ന് ട്രൂഡോ പറയുന്നു.

ഇതൊരു വലിയ വിഷയമാണോ?

പ്രതിപക്ഷ നേതാവ് ആന്‍ഡ്ര്യു ഷീര്‍, പ്രധാനമന്ത്രി ട്രൂഡോ രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ട്രൂഡോ ആവശ്യം തള്ളിക്കളഞ്ഞു. മറ്റ് കക്ഷി നേതാക്കളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എത്തിക്‌സ് കമ്മീഷണറുടെ അന്വേഷണവും നടക്കുന്നുണ്ട്. ബുധനാഴ്ച ജസ്റ്റിസ് കമ്മിറ്റി ഹിയറിംഗ് നടത്തും. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ ഒറ്റക്കെട്ടാണ്. വില്‍സണ്‍ റേയ്‌ബോള്‍ഡിന് വലിയ പിന്തുണയൊന്നും ലഭിക്കുന്നില്ല.

കനേഡിയന്‍ മാധ്യമങ്ങള്‍ എന്ത് പറയുന്നു?

വ്യാഴാഴ്ച വില്‍സണ്‍ റേയ്‌ബോള്‍ഡിന്റെ മൊഴി രാജ്യത്തെ പ്രധാന പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലുണ്ടായിരുന്നു. മുന്‍ അറ്റോണി ജനറലിന്റെ നാടകീയ ചിത്രങ്ങളുമായി. നാഷണല്‍ പോസ്റ്റും ടൊറന്റോ സ്റ്റാറും വില്‍സണിന്റെ പ്രസ്താവനകളുമായാണ് ഇറങ്ങിയത്. “I Said ‘No’, My Mind Had Been Made Up എന്ന് നാഷണല്‍ പോസ്റ്റ്. “Wilson-Raybould Speaks Her Truth,” ടൊറന്റോ സ്റ്റാര്‍. “Wilson-Raybould points accusing finger at PM,” എന്ന് വാന്‍കൂവര്‍ സണ്‍. “An effort to politically interfere.” എന്ന് വാര്‍ത്ത പുറത്തുകൊണ്ടുവന്ന ഗ്ലോബ് ആന്‍ഡ് മെയില്‍.

ഇനിയെന്ത്?

ക്യൂബെക് പ്രവിശ്യയില്‍ എസ്എന്‍സി ലാവലിനുള്ള ട്രൂഡോയുടെ പിന്തുണ പോസിറ്റീവായാണ് ജനങ്ങള്‍ കാണുന്നത്. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത് ട്രൂഡോയുടെ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്‌തേക്കാം.


Next Story

Related Stories