TopTop
Begin typing your search above and press return to search.

കോണ്‍സുലേറ്റ് ഏറ്റുമുട്ടലില്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി; കരുതലോടെ അമേരിക്ക

കോണ്‍സുലേറ്റ് ഏറ്റുമുട്ടലില്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി; കരുതലോടെ അമേരിക്ക

ഇസ്താംബുളിലെ കോണ്‍സുലേറ്റിലുണ്ടായ ഏറ്റുമുട്ടലില്‍ വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ജമാല്‍ ഖഷോഗിയെ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട 15 അംഗ സംഘം വധിച്ചതായുള്ള ആരോപണങ്ങളെ ഭാഗികമായി ശരിവയ്ക്കുകയാണ് സൗദി. വാക്ക് തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ഖഷോഗി കൊല്ലപ്പെട്ടത് എന്നാണ് സൗദി പറയുന്നത്. 18 സൗദി പൗരന്മാരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും സൗദി ഗവണ്‍മെന്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ആരുടേയും പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധമുള്ള സൗദ് അല്‍ ഖത്താനിയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയതായി സൗദി അറിയിച്ചു. സൗദി ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹമ്മദ് അല്‍ അസീരി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പുറത്താക്കിയിട്ടുണ്ട്. സല്‍മാന്റെ ഉപദേശകന്‍ കൂടിയാണ് മേജര്‍ അസീരി. ഇവരെ പുറത്താക്കിയത് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണോ എന്ന് വ്യക്തമാക്കാന്‍ സൗദി തയ്യാറായിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കരുതലോടെയാണ് യുഎസിന്റെ പ്രതികരണം. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ സൗദി സ്വീകരിച്ച നടപടിയെ അംഗീകരിക്കുന്നു എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് സാറ ഹക്കബിയുടെ പ്രതികരണം. ഇടയ്ക്ക് സൗദിയെ പ്രതിരോധിച്ചും തെളിവില്ലാതെ കുറ്റാരോപണം നടത്താനാകില്ലെന്നുമെല്ലാം പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരുന്നു. സൗദിയാകട്ടെ കൊലപാകതവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാദങ്ങളാണ് അവതരിപ്പിച്ചുകൊണ്ടിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഖഷോഗി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാദവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. റിയാദില്‍ വിളിച്ചുചേര്‍ത്ത നിക്ഷേപക സംഗമത്തില്‍ പിന്മാറുന്നതായി യുഎസും യൂറോപ്യന്‍ രാജ്യങ്ങളും മാധ്യമങ്ങളും അറിയിച്ചിരുന്നു.

ഖഷോഗിയെ തങ്ങള്‍ വധിച്ചു എന്ന ആരോപണം സൗദി ഇതുവരെ നിഷേധിക്കുകയായിരുന്നു. ഖഷോഗി കോണ്‍സുലേറ്റ് വിട്ടിരുന്നു എന്നാണ് സൗദി ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് പിന്തിരിയുകയായിരുന്നു. കോണ്‍സുലേറ്റിനുള്ളില്‍ കടന്ന് മിനിട്ടുകള്‍ക്കകം തന്നെ ഖഷോഗിയെ വധിച്ചിരുന്നതായും അദ്ദേഹത്തിന്റെ വിരലുകളും തലയും വെട്ടി മാറ്റി ശരീരം ചിന്നഭിന്നമാക്കിയിരുന്നതായും തുര്‍ക്കി ആരോപിക്കുന്നു. ഫോട്ടോ, ഓഡിയോ, വീഡിയോ തെളിവുകള്‍ ഗവണ്‍മെന്റ് അനുകൂല മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി തുര്‍ക്കി ഭരണകൂടം പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഫോട്ടോ, വീഡിയോ തെളിവുകള്‍ സല്‍മാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹിറ്റിംഗ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതായി തുര്‍ക്കി പറഞ്ഞിരുന്നു. അന്വേഷണം തന്റെ വീട് കേന്ദ്രീകരിച്ച് വരുന്നതിനെ തുടര്‍ന്ന് സൗദി കോണ്‍സല്‍ ജനറല്‍ കഴിഞ്ഞ ദിവസം റിയാദിലേയ്ക്ക് പോന്നിരുന്നു. ഖഷോഗി കൊല്ലപ്പെട്ടെന്നാണ് കരുതുന്നതെന്നും ഉത്തരവാദികള്‍ കര്‍ശന ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സൗദിയില്‍ സല്‍മാന്‍ രാജകുമാരന്റെ അപ്രമാദിത്വത്തോടും പരിഷ്‌കാര നടപടികളോടും എതിര്‍പ്പുള്ള അല്‍ സൗദ് രാജകുടുംബാംഗങ്ങളും മതപുരോഹിതരും സല്‍മാനെ പുറത്താക്കാനുള്ള ചരടുവലികള്‍ നടത്തുന്നതിനിടെയാണ് ഖഷോഗിയുടെ കൊലപാതകം അവസരമായിരിക്കുന്നത്. അതേസമയം സല്‍മാന്‍ രാജകുമാരന് പങ്കുണ്ടെന്ന ആരോപണം തള്ളി മറ്റ് വഴികളിലേയ്ക്ക് തിരിച്ചുവിടാനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്. സ്വയം പരിഷ്‌കരണവാദിയായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചും സ്ത്രീകളുടെ അവകാശങ്ങളിലുള്‍പ്പടെ കാലോചിതമായ പരിഷ്‌കാരങ്ങള്‍ സൗദിയില്‍ കൊണ്ടുവന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ കയ്യടി വാങ്ങിയ സല്‍മാന്‍ രാജകുമാരന്‍, അധികാര കേന്ദ്രീകരണത്തിന്റെയും സ്വേച്ഛാധിപത്യ നടപടികളുടേയും പേരില്‍ സൗദി രാജകുടുംബത്തിലും മതപുരോഹിതര്‍ക്കിടയിലും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഏഷ്യയില്‍ ഇറാനെതിരായ നീക്കങ്ങളില്‍ സൗദിയെ മുഖ്യ പങ്കാളിയായി കണ്ട് അമേരിക്കയ്ക്ക് കൂടി തിരിച്ചടിയാണ് ഖഷോഗി വധത്തിലെ സൗദിയുടെ പങ്ക്.

ഒക്ടോബര്‍ രണ്ടിനാണ് വ്യക്തിപരമായ ആവശ്യത്തിനായി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണാതായത്. സൗദി ഭരണകൂടത്തേയും സല്‍മാനേയും നിശിതമായി വിമര്‍ശിച്ചിരുന്ന ഖഷോഗി 2016ല്‍ രാജ്യം വിട്ട് യുഎസിലേയ്ക്ക് കുടിയേറിയിരുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.

https://www.azhimukham.com/foreign-turkeyofficial-reveal-audioclip-suggest-he-was-killed-instantly-within-minutes-entering-consulate/

https://www.azhimukham.com/world-saudi-arabia-delivers-pledged-money-to-u-s/

https://www.azhimukham.com/foreign-saudi-warns-retaliation-us-journalist-khashoggi-missing-death/

https://www.azhimukham.com/world-saudi-isolation-grows-over-khashoggi-disappearance/


Next Story

Related Stories