UPDATES

വിദേശം

‘ബീജിങ്ങിലെ കശാപ്പുകാരൻ’ എന്നറിയപ്പെട്ടിരുന്ന മുൻ ചൈനീസ് പ്രധാനമന്ത്രി ലി പെങ് അന്തരിച്ചു

തിങ്കളാഴ്ച വൈകുന്നേരം ബീജിങ്ങിലായിരുന്നു അന്ത്യം

ടിയാനൻമെൻ സമരത്തെ നേരിടാന്‍ സൈന്യത്തിന് ഉത്തരവ് കൊടുത്തതിന്റെ പേരിൽ ‘ബീജിംഗിലെ കശാപ്പുകാരൻ’ എന്നറിയപ്പെട്ടിരുന്ന മുൻ ചൈനീസ് പ്രധാനമന്ത്രി ലി പെങ് (90) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ബീജിങ്ങിലായിരുന്നു അന്ത്യം. മരണകാരണമായ അസുഖം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 1980-കളിലും 1990-കളിലും ചൈനയിലെ നിരവധി ഉന്നത സ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

1989-ൽ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്‍റെ ഭാഗമായി ടിയാനൻമെൻ സ്ക്വയറിൽ നടന്ന ആക്രമണത്തിൽ നിരായുധരായ നൂറുകണക്കിന് സാധാരണക്കാരെ സൈനികർ കൊന്നിരുന്നു. അതില്‍ ലി പെങ് വഹിച്ച പങ്കാണ് അദ്ദേഹത്തിന് ‘ബീജിങ്ങിലെ കശാപ്പുകാരൻ’ എന്ന ദുഷ്പേര് നേടിക്കൊടുത്തത്. അത് ‘അനിവാര്യമായ നടപടി’യായിരുന്നുവെന്നാണ് പിന്നീടദ്ദേഹം ന്യായീകരിച്ചത്. ‘ടിയാനൻമെൻ പ്രതിഷേധത്തിനിടെ അശാന്തി പടര്‍ത്തുന്നത് തടയുന്നതിനും വിപ്ലവകരമായ അക്രമങ്ങൾ തടയുന്നതിനും ലി നിർണ്ണായക നടപടികൾ സ്വീകരിച്ചു’വെന്നാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിൻ‌ഹുവ അനുസ്മരിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ചൈന സ്ഥിരമായി സെൻസർ ചെയ്യുന്നുണ്ട്. അതിനിടയിൽ നടന്ന ഏതെങ്കിലും അതിക്രമങ്ങളുമായി കൂട്ടക്കൊലയെ ചേര്‍ത്ത് പരാമർശിക്കുന്നതുപോലും ഒഴിവാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. ‘ലി പെങ് മരിച്ചതിൽ സന്തോഷമുണ്ടെന്ന്’ ടിയാനൻമെൻ സമരത്തിന്‍റെ മുന്‍നിര പോരാളിയും, ഇപ്പോള്‍ വിദേശത്ത് അഭയത്തില്‍ കഴിയുകയും ചെയ്യുന്ന വുർ കൈക്സി ബിബിസിയോട് പറഞ്ഞു. 1989 ജൂണിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ടിയാൻമെൻ സ്‌ക്വയർ കൂട്ടക്കൊല

ചൈനയില്‍ മാവോ സെ തുങ്ങിന് ശേഷം നടന്ന പരിഷ്‌ക്കാരങ്ങളെ എതിർത്തുകൊണ്ട് 1980-കളുടെ അവസാനത്തില്‍ ചൈനയില്‍ നിരവധി പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. 1989 മേയിൽ വിദ്യാർഥികളുൾപ്പെടെ 10 ലക്ഷത്തിലേറെ ചൈനക്കാർ ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധിച്ചു. ജനാധിപത്യാവകാശങ്ങളും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ രാജിയും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മൂന്നാഴ്ചനീണ്ട പ്രക്ഷോഭത്തെ നേരിടാൻ സർക്കാർ പട്ടാളത്തെയിറക്കി. ജൂൺ നാലിന്‌ പുലർച്ചെ 50 സൈനിക ട്രക്കുകളും 10,000 പട്ടാളക്കാരും ഇവരെ നേരിട്ടു. പ്രക്ഷോഭകാരികളെ സൈനികവാഹനങ്ങൾ ഇടിച്ചുവീഴ്ത്തി ചതച്ചരയ്ക്കുകയും വെടിവെച്ചു കൊല്ലുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍