TopTop

ചൈനീസ് ഉരുക്കുമുഷ്ടിയെ വെല്ലുവിളിച്ച ലിയു സിയാബോ ബാക്കി വയ്ക്കുന്നത് ആ പ്രസംഗമാണ്

ചൈനീസ് ഉരുക്കുമുഷ്ടിയെ വെല്ലുവിളിച്ച ലിയു സിയാബോ ബാക്കി വയ്ക്കുന്നത് ആ പ്രസംഗമാണ്
സമാധാന നൊബേല്‍ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ലിയു സിയാബോ (61) ഇന്നലെ ചൈനയിലെ ഹോസ്പിറ്റലില്‍ വച്ച് അന്തരിച്ചു. ലിവര്‍ കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ സിയാബോയെ മെഡിക്കല്‍ പരോളിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2010-ലാണ് ലിയുവിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ അതേറ്റു വാങ്ങാന്‍ ചൈനീസ് ഭരണകൂടം അനുവദിച്ചില്ല.

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്ന ലിയു നാട്ടില്‍ മടങ്ങിയെത്തിയത് 1989-ലാണ്. ആ സമയത്ത് ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയിലേയ്ക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ചൈനയില്‍ കത്തിനില്‍ക്കുകയായിരുന്നു. ലിയു ഈ പ്രക്ഷോഭങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു. ചൈനയില്‍ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചാര്‍ട്ടര്‍ 08 പെറ്റീഷന്‍ തയ്യാറാക്കുന്നതില്‍ പങ്ക് വഹിച്ചതായി പറഞ്ഞ് 2009ല്‍ അദ്ദേഹത്തെ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ നാലാമത്തെ ജയില്‍ ശിക്ഷ. ലിയു ഇതൊരു പ്രസംഗമായി തയ്യാറാക്കിയതാണ്. എന്നാല്‍ അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. 2009ല്‍ ഇത് കോടതിയില്‍ പ്രസ്താവനയായി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് അനുമതി കിട്ടിയില്ല.

ലിയുവിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം (2009)


എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സംഭവമായിരുന്നു 1989 ജൂണിലെ സംഭവങ്ങള്‍. 1977ല്‍ സാംസ്‌കാരിക വിപ്ലവത്തിന് ശേഷം കോളേജ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പുനസ്ഥാപിച്ചു. ബിഎ മുതല്‍ പിഎച്ച്ഡി വരെയുള്ള എന്റെ പഠനകാലം വളരെ സുഗമമായിരുന്നു. ബീജിംഗ് സര്‍വകലാശാലയില്‍ ഞാന്‍ അധ്യാപകനായി. വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. ലേഖനും പുസ്തകങ്ങളുമായി ഒരു ബുദ്ധിജീവിയായും അറിയപ്പെട്ട് തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ക്ക് ക്ഷണിക്കപ്പെട്ടു. അമേരിക്കയിലും യൂറോപ്പിലും സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി. ഒരു വ്യക്തിയെന്ന നിലയിലായാലും എഴുത്തുകാരന്‍ എന്ന നിലയിലായാലും സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. 89ല്‍ ഞാന്‍ അമേരിക്കയില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത് ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനാണ്. പ്രതിവിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച് എന്നെ ജയിലിലടച്ചു.

എനിക്ക് എന്റെ പ്രസംഗങ്ങളും സെമിനാറുകളും ലേഖനങ്ങളുമെല്ലാം നഷ്ടമായി. എന്നെ സംബന്ധിച്ചും 30 വര്‍ഷക്കാലമായി പരിഷ്‌കരണ പാതയിലുള്ള ചൈനയെ സംബന്ധിച്ചും ഇത് ദുരന്തമാണ്. ജൂണ്‍ നാലിന് ശേഷം ഞാന്‍ നേരിട്ട ഏറ്റവും നാടകീയമായ അനുഭവങ്ങള്‍ കോടതികളിലായിരുന്നു. പിന്നീട് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ എനിക്ക് കിട്ടിയ അവസരങ്ങളില്‍ ഒന്ന് 1991 ജനുവരിയില്‍ ബീജിംഗ് മുനിസിപ്പല്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോര്‍ട്ടിലും പിന്നെ ഇപ്പോളും. പേരില്‍ വ്യത്യസ്തമായ കുറ്റങ്ങളാണ് രണ്ട് ഘട്ടങ്ങളിലും എന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെങ്കിലും സംഗതി ഒന്ന് തന്നെ - പ്രസംഗ കുറ്റം.20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ജൂണ്‍ നാലിന്റെ പ്രേതങ്ങള്‍ വിട്ടുപോയിട്ടില്ല. ക്വിന്‍ചെങ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം ഞാന്‍ കൂടുതല്‍ ശക്തമായി വിയോജിപ്പിന്റെ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത് ജൂണ്‍ നാലില്‍ നിന്ന് മോചനം നേടാന്‍ കഴിയാത്തതിനാലാണ്. എന്റെ രാജ്യത്ത് പരസ്യമായി സംസാരിക്കാനുള്ള അവസരം നഷ്ടമായി. എനിക്ക് വിദേശമാധ്യമങ്ങളിലൂടെ മാത്രമാണ് സംസാരിക്കാനായത്. ഒരു വര്‍ഷത്തോളം ഞാന്‍ വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലും കടുത്ത നിരീക്ഷണത്തിലുമായിരുന്നു (1995 മേയ് മുതല്‍ 1996 ജനുവരി വരെ). 1996 ഒക്ടോബര്‍ മുതല്‍ 99 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നിര്‍ബന്ധിത തൊഴില്‍ - പുനര്‍വിദ്യാഭ്യാസ പദ്ധതിക്ക് വിധേയനാക്കി. എന്നോട് ശത്രുത കാണിക്കുകയും എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂടത്തോട് എനിക്ക് പറയാനുള്ളത്, എനിക്ക് ആരോടും ശത്രുതയോ പകയോ ഇല്ലെന്നാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂണ്‍ സെക്കണ്ട് ഹംഗര്‍ സ്‌ട്രൈക്ക് ഡിക്ലറേഷനില്‍ വ്യക്തമാക്കിയ അതേ ബോധ്യങ്ങള്‍ തന്നെയാണ് എനിക്കിപ്പോഴുമുള്ളത്. എന്നെ നിരീക്ഷിക്കുകയും അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്ത പൊലീസുകാരോ എനിക്കുമേല്‍ കുറ്റം ആരോപിച്ച പ്രോസിക്യൂട്ടര്‍മാരോ എന്നെ വിചാരണ ചെയ്ത ജഡ്ജിമാരോ ഒന്നും എന്റെ ശത്രുക്കളല്ല. നിങ്ങളുടെ നിരീക്ഷണമോ അറസ്‌റ്റോ കുറ്റാരോപണങ്ങളോ വിധികളോ ഒന്നും ഞാന്‍ അംഗീകരിക്കുന്നില്ലെങ്കിലും നിങ്ങളുടെയെല്ലാം തൊഴിലിനേയും ആത്മാര്‍ത്ഥതയേയും ഞാന്‍ ബഹുമാനിക്കുന്നു.

ഒരു വ്യക്തിയുടെ ബുദ്ധിയേയും മന:സാക്ഷിയേയും വെറുപ്പിന് ഇല്ലാതാക്കാന്‍ കഴിയില്ല. ശത്രുതാമനോഭാവം ഈ രാജ്യത്തെ നശിപ്പിക്കും. സഹിഷ്ണുതയേയും മനുഷ്യത്വത്തേയും ഇല്ലാതാക്കും. സ്വാതന്ത്ര്യത്തിലേയ്ക്കും ജനാധിപത്യത്തിലേയ്ക്കുമുള്ള ഒരു സമൂഹത്തിന്റെ വളര്‍ച്ചയെ അത് തടയും. നമ്മുടെ രാജ്യത്തിന്റെ വികസനവും സാമൂഹ്യമാറ്റവും സാദ്ധ്യമാക്കിയത് പരിഷ്‌കാരങ്ങളും ഉദാര സമീപനങ്ങളുമാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് തുടക്കം കുറിച്ചത് മാവോ കാലഘട്ടത്തില്‍ വര്‍ഗസമരത്തെ മാര്‍ഗനിര്‍ദ്ദേശ തത്വമായി കണ്ടുകൊണ്ടുള്ള ഗവണ്‍മെന്റ് നയം മാറുകയും പകരം സാമ്പത്തിക വികസനത്തിനും സാമൂഹ്യഐക്യത്തിനും പ്രാധാന്യം കൊടുത്തുള്ള നയം വന്നു. സമരം എന്ന ചിന്ത ഒഴിവാക്കിയതിലൂടെ ശത്രുതാമനോഭാവവും കുറഞ്ഞുവന്നു. വെറുപ്പിന്റെ മനശാസ്ത്രം ദുര്‍ബലപ്പെട്ടു. വിവിധ താല്‍പര്യങ്ങളും മൂല്യങ്ങളുമുള്ള മനുഷ്യര്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെ സാഹചര്യമുണ്ടായി. വിദേശനയത്തില്‍ പുലര്‍ത്തിയ സാമ്രാജ്യത്വവിരുദ്ധതയും റിവിഷനിസ്റ്റ് (പരിഷ്‌കരണവാദ വിരുദ്ധതയും അതുപോലെ രാജ്യത്ത് വര്‍ഗസമരവും ഒഴിവാക്കിയതിലൂടെ പരിഷ്‌കരണങ്ങള്‍ക്കും തുറന്ന വ്യവസ്ഥിതിക്കും വഴിയായി. കമ്പോളവത്കൃത സമ്പദ്‌വ്യവസ്ഥയും സാംസ്‌കാരിക ബഹുസ്വരതകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതുമെല്ലാം ശത്രുതാമനോഭാവം കുറച്ചുകൊണ്ടുവരുന്നതില്‍ സഹായകമായി.രാഷ്ട്രീയരംഗത്ത് വളരെ പതുക്കെയാണ് മാറ്റങ്ങള്‍ വരുന്നത്. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്നതില്‍ കുറവ് വന്നിട്ടുണ്ട്. 1989ലെ പ്രക്ഷോഭത്തെ കലാപമെന്ന് വിശേഷിപ്പിച്ച് വന്നതില്‍ നിന്ന് രാഷ്ട്രീയ സംഘര്‍ഷം എന്നതിലേയ്ക്ക് മാറിയിട്ടുണ്ട്. രാജ്യത്ത് ഈ ശത്രുതാമനോഭാവം കുറച്ചുകൊണ്ട് വന്നതിലൂടെ ആഗോളതലത്തിലും മനുഷ്യാവകാശങ്ങളെ പരിഗണിക്കാന്‍ ചൈനീസ് ഗവണ്‍മെന്റ് തയ്യാറായി. 1997ലും 98ലും ഐക്യരാഷ്ട്ര സംഘടനയുടെ രണ്ട് മനുഷ്യാവകാശ ഉടമ്പടികളില്‍ ഒപ്പുവയ്ക്കാന്‍ ചൈന തയ്യാറായി. 2004ല്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഭരണഘടന ഭേദഗതി ചെയ്തു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും അത് ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് ആദ്യമായി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഭരണത്തോടുള്ള സമീപനത്തില്‍ സിപിസി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന) മാറ്റം വരുത്തിയിട്ടുണ്ട്. എന്റെ അറസ്റ്റിന് ശേഷമുള്ള വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന് എനിക്കിത് ബോധ്യമായിട്ടുണ്ട്.

അതേസമയം ഞാന്‍ നിരപരാധിയാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്റെ മേല്‍ കുറ്റങ്ങള്‍ ചുമത്തിയത് ഭരണഘടനാവിരുദ്ധമായാണ്. ഒരു വര്‍ഷത്തിലധികമായി എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടിടങ്ങളിലായി ഞാന്‍ തടവില്‍ കഴിഞ്ഞു. വിചാരണക്ക് മുമ്പ് നാല് പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലൂടെ കടന്നുപോയി. മൂന്ന് പ്രോസിക്യൂട്ടര്‍മാരുടേയും രണ്ട് ജഡ്ജിമാരുടേയും വിചാരണയിലൂടെയും കടന്നുപോയി. ഇവരാരും എന്നോട് മര്യാദയില്ലാതെ പെരുമാറിയിട്ടില്ല. കുമ്പസാരങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. യുക്തിസഹമായും മിതത്വം പാലിച്ചുമുള്ള പെരുമാറ്റമായിരുന്നു അവരുടേത്. ജൂണ്‍ 23ന് എന്നെ വീട്ടുതടങ്കലില്‍ നിന്ന് ബീജിംഗ് മുനിസിപ്പല്‍ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ബെയ്കാന്‍ എന്ന ഡിറ്റന്‍ഷന്‍ സെന്ററിലേയ്ക്ക് മാറ്റി. ബെയ്കാനിലെ ആറ് മാസത്തെ തടവിനിടയില്‍ ജയില്‍ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നതായി ഞാന്‍ മനസിലാക്കി.1996ല്‍ ബാന്‍ബുക്യാവോയിലുള്ള പഴയെ ബെയ്കാനില്‍ ഞാന്‍ കഴിഞ്ഞിരുന്നു. പഴയ ബെയ്കാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ ബെയ്കാന് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തടവുകാരുടെ അവകാശങ്ങള്‍ ബഹുമാനിക്കപ്പെടുന്നുണ്ട്. മാഗസിനുകളും ഭക്ഷണത്തിന് മുമ്പ് പാട്ടും നടത്തവും എല്ലാം അവര്‍ക്ക് കിട്ടുന്നുണ്ട്. തടവുകാര്‍ക്കിടയിലുണ്ടാവുന്ന സംഘട്ടനങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ സെല്ലിന്റെ ചാര്‍ജുണ്ടായിരുന്ന കറക്ഷണല്‍ ഓഫീസര്‍ ലിയു സെങുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തടവുകാരോട് വളരെ ബഹുമാനത്തോടെയും സൗഹാര്‍ദ്ദപരമായും ശ്രദ്ധയോടെയുമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ചൈനയുടെ രാഷ്ട്രീയ പുരോഗതി നിലയ്ക്കില്ലെന്ന ഉറച്ച വിശ്വാസമാണ് ഇത്തരം അനുഭവങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി ചൈന ഒരു ദിവസം മാറും. ഒരു ശക്തിക്കും ഈ സ്വാതന്ത്യ വാഞ്ഛയെ തടയാനാവില്ല. ഈ വിചാരണയിലും ഇത്തരം മാറ്റങ്ങള്‍ പ്രതിഫലിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ചരിത്രത്തിന്റെ പരിശോധനയ്ക്ക് വിധേയമാകുന്ന ഒന്നാണിത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്റെ ഭാര്യ ലിയു സിയയുടെ നിസ്വാര്‍ത്ഥമായ സ്‌നേഹമാണ്. അവളെ ഒരു നിരീക്ഷകയായി ഇന്നീ കോടതിമുറിയില്‍ കൊണ്ടുവരാനാകില്ല. നിനക്ക് എന്നോടുണ്ടായിരുന്ന സ്‌നേഹം എന്നും അങ്ങനെ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് മാത്രമാണ് എനിക്ക് എന്റെ പ്രിയപ്പെട്ടവളോട് പറയാനുള്ളത്. സ്വാതന്ത്ര്യമില്ലാതെ ഞാന്‍ കഴിഞ്ഞ ഇക്കാലമത്രയും നമ്മുടെ സ്‌നേഹം ബാഹ്യസാഹചര്യങ്ങളാല്‍ കഷ്ടതകളിലൂടെയാണ് മുന്നോട്ടുപോയത്. ഞാന്‍ മൂര്‍ത്തമായ തടവറയില്‍ കഴിയുന്നു. നിന്റെ സ്‌നേഹം ബാക്കിയുള്ള വിചാരണ നേരിടാന്‍ എനിക്ക് കരുത്ത് പകരുന്നുണ്ട്. ഇതുവരെയുള്ള എന്റെ തിരഞ്ഞെടുപ്പുകളിലൊന്നും കുറ്റബോധമില്ല. പശ്ചാത്തപിക്കേണ്ട കാര്യമില്ല.വ്യത്യസ്ത ചിന്തകളും അഭിപ്രായങ്ങളും മൂല്യങ്ങളും പങ്കുവയ്ക്കുന്നവരുടെ പ്രസംഗങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കപ്പെടുന്ന ഒരു രാജ്യമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യം. എല്ലാ പൗരന്മാര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ക്ക് പരിഗണന ലഭിക്കുന്ന രാജ്യം. വ്യത്യസ്തമായ ആശയങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും സാധ്യമാകുന്ന രാജ്യം. ഭൂരിപക്ഷത്തിന്റേയും ന്യൂനപക്ഷത്തിന്റേയും കാഴ്ചപ്പാടുകള്‍ക്ക് ഇടം ലഭിക്കുന്ന രാജ്യം. രാഷ്ട്രീയ അഭിപ്രായങ്ങള്‍ ഭയമില്ലാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയുന്ന രാജ്യം. ചൈനയുടെ ലിറ്റററി ഇന്‍ക്വിസിഷന് വിധേയനാകുന്ന അവസാന ഇര ഞാനായിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. പ്രസംഗത്തിന്റെ പേരില്‍ ഇനിയാരും ഇതുപോലെ പീഡിപ്പിക്കപ്പെടാതിരിക്കട്ടെ. ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളാണ് മനുഷ്യാവകാശങ്ങളുടെ അടിത്തറ. അതാണ് മനുഷ്യത്വം. അതാണ് സത്യം. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. അത് സത്യത്തെ തമസ്‌കരിക്കലാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കണമെങ്കില്‍ ഒരു ചൈനീസ് പൗരനെന്ന നിലയിലുള്ള സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റണം. ഞാനൊരു കുറ്റവും ചെയ്തിട്ടില്ല. പൗരനെന്ന നിലയിലുള്ള സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രമിച്ചതുകൊണ്ടാണ് നിങ്ങള്‍ എന്റെ പേരില്‍ ഈ കുറ്റങ്ങള്‍ ചുമത്തിയതെങ്കില്‍ എനിക്ക് പരാതികളുമില്ല.

എല്ലാവര്‍ക്കും നന്ദി

Next Story

Related Stories