UPDATES

വിദേശം

ഉടന്‍ ഇടപെട്ടില്ലെങ്കില്‍ മെഡിറ്ററേനിയൻ കടല്‍ ചോരക്കടലാകും: യു എന്‍

മെഡിറ്ററേനിയൻ കടലില്‍ കപ്പല്‍ തകര്‍ന്ന് മരണപ്പെടുന്ന അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും എണ്ണം ഏക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

മെഡിറ്ററേനിയൻ കടലില്‍ കപ്പല്‍ തകര്‍ന്ന് മരണപ്പെടുന്ന അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും എണ്ണം ഏക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തി. സന്നദ്ധസംഘടനകളുടെ രക്ഷാ കപ്പലുകളുടെ അഭാവവും, ലിബിയയില്‍ തുടരുന്ന സംഘര്‍ഷവും ദുരന്തത്തിന് ആക്കം കൂട്ടുന്നുവെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘നമ്മള്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ അവിടം ചോരക്കടലാകു’മെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ഏജൻസിയായ യു.എൻ.എച്.സി.ആറിന്‍റെ വക്താവ് കാർലോട്ടാ സമി പറഞ്ഞു.

ലിബിയയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായതിനു പുറമേ ശക്തമായ മഴയും വെള്ളപ്പൊക്കവും ജനജീവിതം അതീവ ദുസ്സഹമാക്കിയിരിക്കുകയാണ്. കടലിലെ കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേര്‍ രാജ്യംവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കപ്പലുകള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ് എന്നതും, രക്ഷാബോട്ടുകളുടെ അഭാവവും വലിയ ദുരന്തം ക്ഷണിച്ചുവരുത്തിയേക്കാം. സമീപദിവസങ്ങളിലായി 700-ലധികം ലിബിയന്‍ പൌരന്മാര്‍ തീരം വിട്ടുവെന്ന് സഹായ ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 5 ശതമാനം പേരെ ലിബിയൻ തീരദേശ സേന പിടികൂടി തടവു കേന്ദ്രങ്ങളിലേക്ക് അയച്ചു. നാൽപ്പത് ശതമാനം മാൾട്ടയിലും 11% പേര്‍ ഇറ്റലിയിലും എത്തി. ബാക്കിയുള്ളവരെ കുറിച്ച് ഒരു വിവരും ഇല്ല.

കടല്‍മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെ കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ട് 2,297 അഭയാര്‍ഥികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്ക്. എന്നാലത് 2017-നെ അപേക്ഷിച്ച് കുറവുമാണ്. എന്നാല്‍ ഈ വര്‍ഷം ലിബിയയിൽനിന്ന് യൂറോപ്പിലെത്തിയവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കടലില്‍ മുങ്ങിയവരുടെ എണ്ണമാണ്. യു.എൻ.എച്.സി.ആറിന്‍റെ കണക്കു പ്രകാരം 2019-ന്‍റെ ആരംഭം മുതൽ 1,940 ആളുകൾ വടക്കേ ആഫ്രിക്കയിൽ നിന്നും ഇറ്റലിയിൽ എത്തിയിട്ടുണ്ട്. ഏകദേശം 350 പേർ മരണപ്പെടുകയും ചെയ്തു.

ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ലിബിയയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചവരില്‍ എട്ടില്‍ ഒരാള്‍ വഴിമദ്ധ്യേ മരണപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകളെ അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസ് എന്ന ഇറ്റാലിയന്‍ സംഘടന പറയുന്നു. ‘രാജ്യം വിടുന്നവരുടെ എണ്ണം അനുദിനം ഉയരുകയാണ്. എങ്ങോട്ടാണ് പോകുന്നതെന്നോ എങ്ങിനെ പോകുമെന്നോ സ്വാഭാവികമായും കുടിയേറ്റക്കാര്‍ക്ക് അറിയില്ല. മനുഷ്യക്കടത്തുകാരാണ് അവര്‍ക്കുവേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നത്. ആളുകള്‍ ജീവനോടെയാണോ അല്ലാതെയാണോ മറുകരയില്‍ എത്തുന്നത് എന്നതിനെക്കുറിച്ച് അവര്‍ ബോധവാന്‍മാരല്ല. സമീപകാലങ്ങളിലായി നിരവധി ചെറുബോട്ടുകളാണ് നിറയെ ആളുകളുമായി തീരം വിടുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവരെ ആര് രക്ഷപ്പെടുത്തും’, കാർലോട്ടാ സമി പറഞ്ഞു.

ലിബിയയിൽ 60,000 പേർ അഭയാർഥികളായി മറുതീരം താണ്ടാന്‍ തയ്യാറെടുക്കുന്നതയി യു.എൻ.എച്.സി.ആര്‍ പറയുന്നു. ട്രിപ്പോളിയിലും ചുറ്റുപാടിലും നടന്ന സംഘർഷം മൂലം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മാത്രം 90,500 സാധാരണക്കാരാണ് കുടിയിറക്കപ്പെട്ടത്. ആയിരക്കണക്കിന് അഭയാർഥികളെ തടങ്കലിൽ പാർപ്പിക്കുകയും കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നതായി സന്നദ്ധ സംഘടനകള്‍ പറയുന്നു.

Read More: ഗിരീഷ്‌ കര്‍ണാട്: മി ടു അര്‍ബന്‍ നക്‌സല്‍, കലാകാരന്‍ എന്ന നിലയില്‍ ഒരു സംഘ്പരിവാര്‍ വിരുദ്ധ ആക്ടിവിസ്റ്റിന്റെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍