UPDATES

വിദേശം

ഇറാന്‍: പശ്ചിമേഷ്യയിലേക്ക് 10,000 പട്ടാളക്കാരെ കൂടി അയക്കാന്‍ പെന്റഗണ്‍

വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അമേരിക്ക

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടി കൂടുതല്‍ സേനയെ അയക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. പതിനായിരത്തിലേറെ പട്ടാളക്കാരെ അങ്ങോട്ടേക്ക് അയക്കാനുള്ള പദ്ധതി പെന്‍റഗണ്‍ വൈറ്റ് ഹൌസിനു സമര്‍പ്പിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും, ആവശ്യപ്പെട്ടതനുസരിച്ച് മുഴുവന്‍ സൈന്യത്തെയോ അല്ലെങ്കില്‍ ഭാഗികമായെങ്കിലോ അയക്കുമോ എന്ന് പറയാനാകില്ല എന്നും അധികൃതർ പറഞ്ഞു. ഇറാനിൽ നിന്നും പുതുതായി എന്തെങ്കിലും ഭീഷണി ഉയര്‍ന്നതുകൊണ്ടല്ല ഈ നീക്കം. മറിച്ച് മേഖലയിലെ സുരക്ഷ അല്‍പ്പംകൂടെ ശക്തമാക്കാനാണ് എന്ന് പെന്‍റഗണ്‍ വിശദീകരിച്ചു. കൂടാതെ, ഇറാനെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ പാട്രിയറ്റ് മിസൈലുകളും കപ്പലുകളും അയക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു വരികയാണെന്നും അവര്‍ വ്യക്തമാക്കി. പദ്ധതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് പറഞ്ഞതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനുമായുള്ള പിരിമുറുക്കം ശക്തമായി തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈറ്റ് ഹൌസില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സേനയെ അയക്കാനുള്ള തീരുമാനം ഉണ്ടായാല്‍ അത് ട്രംപിന്‍റെ വക്കുകളില്‍ നിന്നുള്ള പ്രകടമായ വ്യതിയാനമാകും. മേഖലയിലുള്ള അമേരിക്കന്‍ പട്ടാളത്തിന്‍റെ സാന്നിദ്ധ്യം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പലതവണ പറഞ്ഞിരുന്നു. നേരത്തെ, അമേരിക്കന്‍ സെനറ്റുമായുള്ള യോഗത്തില്‍, ഇറാനുമായി ഒരു യുദ്ധത്തിന് താല്‍പ്പര്യമില്ലെന്നും, സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

“ഇറാന്‍ യുദ്ധത്തിന് ഒരുങ്ങുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യമായിരിക്കും” എന്നു കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. സമീപകാലത്ത് ട്രംപ് ടെഹ്റാനെതിരെ മുഴക്കിയ ഏറ്റവും കടുത്ത ഭീഷണിയാണ് ഇത്.

തുടര്‍ന്ന് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ്‌ സരീഫ്. ‘അലക്സാണ്ടര്‍ക്കും, ചെങ്കീസ് ഖാനുമൊക്കെ ചെയ്യാന്‍ കഴിയാത്തതാണ് ട്രംപ് ചെയ്തുകാണിക്കുമെന്ന് പറയുന്നത്. സഹസ്രാബ്ദങ്ങളായി ഇത്തരം കടന്നുകയറ്റങ്ങളെയൊക്കെ അതിജീവിച്ച പാരമ്പര്യമാണ് ഇറാനുള്ളത്. സാമ്പത്തിക തീവ്രവാദംകൊണ്ടോ, ഉന്മൂലന സിദ്ധാന്തംകൊണ്ടോ ഒന്നും ഇറാനെ തകര്‍ക്കാന്‍ കഴിയില്ല’, എന്നാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്രംപിനേയും ജോണ്‍ ബോള്‍ട്ടനേയും ടാഗ് ചെയ്തുകൊണ്ടാണ് സരീഫിന്‍റെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍