TopTop

അഭയാര്‍ത്ഥികള്‍ക്ക് അതിര്‍ത്തികള്‍ തുറന്നുകൊടുത്തത്തില്‍ കുറ്റബോധമില്ല: ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍

അഭയാര്‍ത്ഥികള്‍ക്ക് അതിര്‍ത്തികള്‍ തുറന്നുകൊടുത്തത്തില്‍ കുറ്റബോധമില്ല: ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍
ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കാന്‍ 2015-ല്‍ താന്‍ എടുത്ത തീരുമാനത്തില്‍ ഒരു കുറ്റബോധവുമില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. തീരുമാനത്തെ ചോദ്യം ചെയ്യുന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് തന്നെ തടയാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ജര്‍മ്മനിയിലേക്ക് എത്താന്‍ ഇടയാക്കിയ തന്റെ തുറന്ന വാതില്‍ സമീപനത്തില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു. മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേരിതിരിവുകള്‍ക്കും അവരുടെ ആരാധകര്‍ക്കിടയില്‍ അനിഷ്ടത്തിനും തീരുമാനം കാരണമായിരുന്നു.

സപ്തംബര്‍ 24-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 38 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന അഭിപ്രായ സര്‍വെകള്‍ പുറത്തുവരുന്നതിനിടയിലാണ് മെര്‍ക്കല്‍ തന്റെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിലവില്‍ മധ്യ-ഇടതു പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റുകളെക്കാള്‍ (എസ്പിഡി) 15 പോയിന്റ് മുന്നിലാണ് ഭരണകക്ഷി. എന്നാല്‍ 2013-ലെ തിരഞ്ഞെടുപ്പില്‍ 41.5 ശതമാനം വോട്ടുകള്‍ നേടിയാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തിലെത്തിയത്.

2015-ല്‍ എടുത്ത തീരുമാനങ്ങള്‍ ഇപ്പോഴാണെങ്കില്‍ താന്‍ ആവര്‍ത്തിക്കുമെന്ന് അഭിമുഖത്തില്‍ അവര്‍ തുറന്നടിച്ചു. രാഷ്ട്രീയമായും മാനുഷികമായും തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ വല്ലപ്പോഴും മാത്രമാണ് ഇത്തരം അസാധാരണ സംഭവവികാസങ്ങള്‍ ഉണ്ടാവുക. അപ്പോള്‍ സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ തനിക്ക് നടപടികള്‍ സ്വീകരിക്കേണ്ടി വരും. അത് മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ മെര്‍ക്കലിന്റെ അഭയാര്‍ത്ഥി അനുകൂല നടപടികള്‍ തീവ്രവലതുപക്ഷമായ ആര്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ (എഎഫ്ഡി) ജനകീയ അടിത്തറ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സപ്തംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്തുശതമാനം വോട്ടുവരെ എഎഫ്ഡി നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാലാം ഊഴം തേടുന്ന മെര്‍ക്കലിന്റെ അഭയാര്‍്ഥി നയത്തിനെതിരെ തീവ്രമായ വ്രിമര്‍ശനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അലയടിക്കുന്നത്, മെര്‍ക്കലിന്റെ ജന്മസ്ഥലമായ കിഴക്കന്‍ ജര്‍മ്മനിയിലെ മുന്‍ കമ്മ്യൂണിസ്റ്റ് ഭരണമേഖലയിലാണ് പ്രതിഷേധങ്ങള്‍ അതിശക്തം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ തനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.

2016-ല്‍ അഭയാര്‍ത്ഥി പ്രവാഹം കുറയുകയും 2017-ന്റെ തുടക്കത്തിലുള്ള ആദ്യത്തെ ഏഴ് മാസത്തില്‍ അത് 106,000 ആയി മാറുകയും ചെയ്തതോടെയാണ് മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സാധിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുമാത്രം ഗ്രീസും ഇറ്റലിയും അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഭാരം ഏറ്റെടുക്കണം എന്ന് പറയുന്നത് അന്യായമാണെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനില്‍ എമ്പാടുമായി ന്യായമായ രീതിയില്‍ അഭയാര്‍ത്ഥികളെ വിഭജിച്ച് എടുക്കണമെന്ന തന്റെ ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി. ചില രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മടിക്കുന്നത് യൂറോപ്പിന്റെ ആദര്‍ശങ്ങളെ നിരാകരിക്കുന്നതാണെന്ന് മെര്‍ക്കല്‍ ആരോപിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സമയവും ക്ഷമയും ആവശ്യമാണെന്നും അഞ്ജല മെര്‍ക്കല്‍ പറഞ്ഞു.

Next Story

Related Stories