TopTop

ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയത്തിന് ശിക്ഷിക്കപ്പെട്ട അര്‍പായിയോയുടെ ശിക്ഷ ട്രംപ് ഇളവ് ചെയ്തു

ക്രിമിനല്‍ കുറ്റങ്ങള്‍ നടത്തിയത്തിന് ശിക്ഷിക്കപ്പെട്ട അര്‍പായിയോയുടെ ശിക്ഷ ട്രംപ് ഇളവ് ചെയ്തു
യുഎസിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ തന്റെ കടുത്ത നിലപാടുകളുടെ പേരില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട അരിസോണയുടെ മുന്‍ ഷെരീഫ് ഡോ അര്‍പായിയോയുടെ ജയില്‍ ശിക്ഷ ഇളവ് ചെയ്യാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിവാദമാകുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടിക്കിടയില്‍ അര്‍പായിയോ ഭരണഘടന ലംഘനം നടത്തിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ത്തിയിരുന്ന മനുഷ്യാവകാശ സംഘങ്ങള്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഘോരഘോരം വാദിച്ച ആളാണ് അര്‍പായിയോ. അതിര്‍ത്തി സുരക്ഷ, കുടിയേറ്റക്കാരെ നാടുകടത്തല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ട്രംപിന്റെ കടുത്ത നിലപാടുകളെ അംഗീകരിക്കുന്ന ആളാണ് ഇദ്ദേഹം. അര്‍പായിയോയുടെ സേവനങ്ങള്‍ പ്രകീര്‍ത്തികൊണ്ടുള്ള പ്രസ്താവനയാണ് വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറപ്പെടുവിച്ചത്. കുറ്റകൃത്യങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുള്ള അക്ഷീണ പ്രവര്‍ത്തനങ്ങളാണ് ഷെറീഫ് എന്ന നിലയില്‍ അര്‍പായിയോ നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ 85 വയസുള്ള അര്‍പായിയോ അമ്പത് വര്‍ഷം രാജ്യത്തെ സേവിച്ച ആളാണെന്നും അതിനാല്‍ തന്നെ പ്രസിഡന്റിന്റെ മാപ്പിന് അദ്ദേഹം അര്‍ഹനാണെന്നും വൈറ്റ് ഹൗസ് വാദിക്കുന്നു.

തന്റെ ശിക്ഷാവിധി ഒബാമ ഭരണകൂടത്തിന്റെ വേട്ടയാടലിന്റെ ഫലമായിരുന്നുവെന്നും ശിക്ഷ ഇളവ് ചെയ്ത ട്രംപിനോട് നന്ദിയുണ്ടെന്നുമായിരുന്നു അര്‍പായിയോയുടെ പ്രതികരണം. അമേരിക്കയെ മഹത്തരമാക്കുക എന്ന ട്രംപിന്റെ ആഹ്വാനത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാവും തന്റെ ഭാവി പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറയുന്നു. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഒരാള്‍ക്ക് ശിക്ഷ ഇളവ് ചെയ്യുന്നത്. എന്നാല്‍ നടപടിക്ക് മുമ്പ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിലെ അഭിഭാഷകരുടെ നിയമോപദേശം തേടുക എന്ന കീഴ്‌വഴക്കം പാലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇത് പ്രസിഡന്റ് നല്‍കുന്ന മാപ്പാണ് എന്നാണ് ഇതിന് നല്‍കപ്പെടുന്ന ഔദ്ധ്യോഗിക വിശദീകരണം.


ഭരണഘടന പരമായി മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് അവകാശമുണ്ടെന്നും അതിന് നിയമോപദേശം ആവശ്യമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അര്‍പായിയോയ്ക്ക് ശിക്ഷ ഇളവ് നല്‍കുമെന്ന് നേരത്തെ തന്നെ ട്രംപ് സൂചന നല്‍കിയിരുന്നു. തന്റെ ചുമതല കൃത്യമായി നിര്‍വഹിച്ചതിനാണ് അര്‍പായിയോ ശിക്ഷിക്കപ്പെട്ടതെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബര്‍ അഞ്ചിന് അര്‍പായിയോയുടെ ശിക്ഷ വിധിക്കാനിരിക്കെയാണ് ട്രംപിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വരെ അരിസോണയിലെ അരികോപ കൗണ്ടിയില്‍ ഷെറീഫായിരുന്നു അര്‍പായിയോ. ഒരു വംശീയ വിവരശേഖരണ കേസില്‍ കോടതി ഉത്തരവ് ലംഘിച്ചു എന്ന കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുക മാത്രമല്ല അര്‍പായിയോ ചെയ്തതെന്നും, ആരെന്ത് പറഞ്ഞാലും തന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്ന സന്ദേശം ലോകത്തിനും കീഴ്ഉദ്യോഗസ്ഥന്മാര്‍ക്കും നല്‍കുകു കൂടിയാണ് അദ്ദേഹം ചെയ്തതെന്നും വിധിയില്‍ ജില്ല ജഡ്ജി സുസന്‍ ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു.

ട്രംപിന്റെ തീരുമാനത്തിനെതിരെ പൗരാവകാശ പ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അര്‍പായിയോയുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള തീരുമാനം വംശീയതയെ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് അമേരിക്കന്‍ സിവില്‍ ലിബേര്‍ട്ടീസ് യൂണിയന്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു. നിയമവിരുദ്ധവും പരാജയപ്പെട്ടതുമായ കുടിയേറ്റ നയങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് ട്രംപ് ഒരിക്കല്‍ കൂടി ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ലാറ്റിനോ കുടുംബങ്ങളെ അര്‍പായിയോ നിയമവിരദ്ധമായി വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഫിനിക്‌സിലെ ഡെമോക്രാറ്റിക് മേയര്‍ ഗ്രേഗ് സ്റ്റാന്റോണ്‍ ചൂണ്ടിക്കാണിച്ചു. ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു അരിസോണ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ പ്രതികരണം. നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ടവര്‍ തങ്ങള്‍ പ്രതിജ്ഞ ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ജഡ്ജിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് ലാറ്റിനോകളുടെ ജീവിത ചിത്രം നിയമവിരുദ്ധമായി നിര്‍മ്മികുക എന്ന ക്രിമിനല്‍ പ്രവൃത്തിയില്‍ കുറ്റക്കാരായി കണ്ടെത്തപ്പെട്ട വ്യക്തിയാണ് അര്‍പായിയോ എന്ന് മക്കെയ്ന്‍ ചൂണ്ടിക്കാണിച്ചു. പ്രസിഡന്റിന് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടെങ്കിലും തന്റെ പ്രവൃത്തിയില്‍ അര്‍പായിയോ ഒരിക്കലും ഖേദം പ്രകടിപ്പിച്ചിട്ടില്ല എന്നത് പരിഗണിക്കേണ്ടാതായിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂഡീഷ്യറിയെ അംഗീകരിക്കാനായിരുന്നു പ്രസിഡന്റ് തയ്യാറാവേണ്ടിയിരുന്നതെന്ന് മറ്റൊരു റിപബ്ലിക്കന്‍ സെനറ്ററായ ജെഫ് ഫ്‌ളേക്ക് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച ട്രംപും ഫ്‌ളേക്കും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. മുസ്ലീങ്ങള്‍ക്കുള്ള യാത്ര നിരോധനത്തില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ട്രംപ് ജനുവരിയില്‍ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്ത സാലി യേറ്റ്‌സും പ്രസിഡന്റിന്റെ തീരുമാനത്തെ വിമര്‍ശിച്ചു.

അമേരിക്കയിലെ ഏറ്റവും കര്‍ശനക്കാരനായ ഷെറീഫ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അര്‍പായിയോ, ട്രംപിന്റെ ആദ്യകാല അനുയായികളില്‍ ഒരാളാണ്. ബാരക് ഒബാമ അമേരിക്കിയില്‍ അല്ല ജനിച്ചതെന്ന ആരോപണം ആദ്യം ഉയര്‍ത്തിയവരില്‍ ഒരാളാണ് ഇദ്ദേഹം. എന്നാല്‍ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ല. വംശീയ മുദ്രകുത്തലുകളും കര്‍ക്കശമായ നടപ്പിലാക്കലുകളും കൊണ്ട് വിവാദമായ തന്റെ കുടിയേറ്റ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാനായി സ്ഥിരമായി ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ആള്‍ കൂടിയാണ് അര്‍പായിയോ. 'ടെന്റ് സിറ്റി' എന്ന് വിളിക്കപ്പെടുന്ന തുറന്ന ജയിലുകളില്‍ ആളുകളെ പിങ്ക് അണ്ടര്‍വെയര്‍ ധരിപ്പിച്ച് പാര്‍പ്പിച്ചതിന്റെ പേരിലും ഇദ്ദേഹം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Next Story

Related Stories