വിദേശം

‘ഇറാന്‍ സൈന്യം സിറിയയിലുള്ളിടത്തോളം കാലം അവിടെ നിന്ന് ഞങ്ങളും പിന്മാറില്ല’: അമേരിക്ക

ബാഷര്‍ അല്‍-അസദിന്റെ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇറാന്റെ ലക്ഷ്യമെന്നും ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും വിമാനവേധ പ്രതിരോധ സംവിധാനങ്ങളുമെല്ലാം വികസിപ്പിക്കുക എന്നതും അവരുടെ ലക്ഷ്യമാണെന്നും അമേരിക്ക

ഇറാന്‍ എത്രകാലം സിറിയയില്‍ തുടരുന്നുവോ അത്രയും കാലം അമേരിക്കയും അവിടെത്തന്നെയുണ്ടാകുമെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. ‘ഇറാന്‍ സൈന്യം ഇറാനിയന്‍ അതിര്‍ത്തിക്ക് പുറത്തുള്ളിടത്തോളം കാലം ഞങ്ങളും പിന്മാറില്ല’ എന്നാണ് യു.എസില്‍ നടന്നുവരുന്ന യു.എന്‍. പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവേ ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞത്. ഐ എസിനെ (ഇസ്ലാമിക് സ്റ്റേറ്റ്) ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് തങ്ങള്‍ കിഴക്കന്‍ സിറിയയില്‍ 2,000 സൈനികരെ വിന്യസിച്ചിട്ടുള്ളത് എന്ന അമേരിക്കന്‍ നയത്തിന്റെ പ്രകടമായ വ്യതിചലനമാണിത് എന്നു ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തുവന്ന സിറിയയിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജെയിംസ് എഫ് ജെഫ്രി പറഞ്ഞത്, സിറിയയില്‍ അമേരിക്കന്‍ സൈന്യം തുടരേണ്ട യാതൊരു ആവശ്യവുമില്ലെന്നും, ഇത് ഇറാനെ പുറത്താക്കുവാനുള്ള കേവല രാഷ്ട്രീയ സമ്മര്‍ദ്ദം മാത്രമാണെന്നുമാണ്. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സിറിയയില്‍ വെച്ച് ഇറാനെതിരെ യുദ്ധം ചെയ്യാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്നും അനുമാനിക്കാവുന്ന നല്ല കാര്യം. എന്നാല്‍, സിറിയയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കക്ക് ഇപ്പോഴും ഒരു യഥാര്‍ത്ഥ നയം ഇല്ല എന്നത് മോശം കാര്യവുമാണ്.

ബാഷര്‍ അല്‍-അസദിന്റെ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇറാന്റെ ലക്ഷ്യമെന്നും ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും വിമാനവേധ പ്രതിരോധ സംവിധാനങ്ങളുമെല്ലാം വികസിപ്പിക്കുക എന്നതും അവരുടെ ലക്ഷ്യമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ജഫ്രി പറഞ്ഞു. ‘ഇസ്രായേല്‍ നടത്തിയ 200-ലധികം വ്യോമാക്രമണങ്ങള്‍ക്കും ഇറാനെ തടയാന്‍ സാധിച്ചിട്ടില്ല. യു. എന്‍. സമാധാന സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനെയാണ് അസദ് ഭരണകൂടം ശക്തമായി എതിര്‍ക്കുന്നത്. ഇറാനും റഷ്യക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പരിഹാരമുണ്ടായാല്‍ ഇറാന്‍ പിന്മാറുന്ന സാഹചര്യമുണ്ടാകും എന്നതാണ് കണക്കുകൂട്ടുന്നത്’.

അവശേഷിക്കുന്ന വിമത കേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കുക, കിഴക്കന്‍ സിറിയയില്‍ നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുക, പുനര്‍നിര്‍മ്മാണത്തിനുള്ള അന്താരാഷ്ട്ര സഹായം ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ, 2018-ല്‍ റഷ്യയും അസദ് ഭരണകൂടവും തയ്യാറാക്കിയ, പദ്ധതികളെല്ലാം പരാജയപ്പെട്ടുവെന്ന് ജഫ്രി വിശദീകരിക്കുന്നു. സിറിയയില്‍ നിന്നും പിന്‍വാങ്ങാനിരുന്ന അമേരിക്കന്‍ പട്ടാളത്തെ അവിടെത്തന്നെ നിറുത്താനാണ് ട്രംപ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും, ഒരു രാഷ്ട്രീയ പരിഹാരമുണ്ടാകുന്നതുവരെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായം നല്‍കേണ്ടതില്ല എന്നതാണ് അമേരിക്കയും യൂറോപ്പും തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലെ അവസാന വിമതകേന്ദ്രമായ ഇദ്ലിബും പിടിച്ചടക്കുവാന്‍ റഷ്യ തയ്യാറായിരുന്നുവെങ്കിലും, നഗരത്തെ ബഫര്‍ സോണായി പ്രഖ്യാപിക്കാന്‍ റഷ്യയിലെ സോച്ചിയില്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായിരുന്നു. ഇദ്ലിബ് ആസ്ഥാനമാക്കിയ അല്‍ നുസ്റ അടക്കമുള്ള ഭീകര സംഘടനകള്‍ ഇദ്ലിബ് വിടണമെന്നാണ് വ്യവസ്ഥ. ഇത് യഥാര്‍ത്ഥത്തില്‍ ജെഫ്രിയുടെ നയതന്ത്രത്തിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നു. എന്നാല്‍, അമേരിക്കക്ക് ഇപ്പോഴും അസ്സദ് ഭരണകൂടത്തെ അര്‍ത്ഥപൂര്‍ണ്ണമായി സ്വാധീനിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. തുര്‍ക്കിയും ഇസ്രയേലും റഷ്യയുമെല്ലാം സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങിവരുമെന്നതും, ഇറാന്‍ മേഖലയില്‍ നിന്നും പിന്മാറുമെന്നതും ഒരു പ്രതീക്ഷ മാത്രമാണ്. അല്ലാത്തപക്ഷം സിറിയയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാനോ പിന്മാറാനോ കഴിയാതെ അമേരിക്ക കുടുങ്ങിപ്പോകും.

കൂടുതല്‍ വായിക്കൂ: വാഷിംഗ്ടണ്‍ പോസ്റ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍