TopTop

ജെര്‍മി കോര്‍ബിന്‍ 'കമ്മ്യൂണിസ്റ്റ് ചാര'നാണെന്നതിന് തെളിവില്ലെന്ന് ചെക് ഇന്റലിജന്‍സ്

ജെര്‍മി കോര്‍ബിന്‍
ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവും എംപിയുമായ ജെര്‍മി കോര്‍ബിന്‍ കമ്മ്യൂണിസ്റ്റ് ചാരനാണെന്നതിന് തെളിവില്ലെന്ന് ചെക് റിപ്പബ്ലിക്കിലെ ഇന്റലിജന്‍സ് ഏജന്‍സി. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചെക്കോസ്ലൊവാക്യന്‍ ഇന്റലിജന്‍സിന്റെ പക്കലുണ്ടായിരുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇക്കാര്യം പറയുന്നത്. ചെക് റിപ്പബ്ലിക് പ്രതിരോധ മന്ത്രാലയത്തില്‍ അനലിസ്റ്റായ റാഡക് ഷൊവാനക് 25 വര്‍ഷമായി ഈ രേഖകള്‍ പരിശോധിച്ച് വരുകയാണ്. 1989ല്‍ ബ്രിട്ടന്‍ പുറത്താക്കിയ ഇന്റലിജന്‍സ് ഓഫീസര്‍ ജാന്‍ സര്‍കോസി, ജെര്‍മി കോര്‍ബിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണ് എന്ന് റാഡക് ഷൊവാനക് അഭിപ്രായപ്പെടുന്നു.

ദ സണ്‍ പത്രം ആണ് ജെര്‍മി കോര്‍ബിനെതിരായ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. “Corbyn and the Commie Spy” എന്ന സ്‌റ്റോറിയുമായി. ദ ടെലഗ്രാഫ്, ഡെയ്‌ലി മെയ്ല്‍. ടൈംസ് തുടങ്ങിയ പ്രമുഖ പത്രങ്ങളും ഇ്ത് ഏറ്റുപിടിച്ചു. അതേസമയം പച്ചക്കള്ളങ്ങളാണ് ഈ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഇന്നലെ വൈകീട്ട് പുറത്തിറക്കിയ വീഡിയോയില്‍ ജെര്‍മി കോര്‍ബിന്‍ കുറ്റപ്പെടുത്തി. ചെക്കോസ്ലൊവാക്യന്‍ ചാര സംഘടനയായിരുന്ന എസ്ടിബിയുടെ ഏജന്റ് ആയിരുന്നു ജെര്‍മി കോര്‍ബിനെന്ന് ജാന്‍ സര്‍കോസി ആരോപിക്കുന്നു. മറ്റ് പല മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാക്കന്മാരും എസ്ടിബിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും 1,000 പൗണ്ട് മുതല്‍ 15,000 പൗണ്ട് വരെ, വിവരം ചോര്‍ത്തലിന് പ്രതിഫലമായി കൈപ്പറ്റിയിട്ടുണ്ടെന്നും ജാന്‍ സര്‍കോസി ആരോപിക്കുന്നു.

അതേസമയം കോര്‍ബിനെക്കുറിച്ച് ഇത്തരത്തില്‍ യാതൊരു വിവരവും ഇന്റലിജന്‍സ് രേഖകളിലില്ലെന്ന് റാഡെക് ഷൊവാനെക് ചൂണ്ടിക്കാട്ടി. റോമന്‍ കത്തോലിക്കനും യാഥാസ്ഥിതിക ചിന്താഗതിക്കാരനുമായ തനിക്ക് കോര്‍ബിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും വ്യക്തിപരമായി അദ്ദേഹത്തെ ഇഷ്ടമല്ലെന്നും അതേസമയം വ്യക്തികള്‍ക്കെതിരെ ഇത്തരത്തില്‍ കള്ള പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും റാഡക് പറയുന്നു. ശീത യുദ്ധ കാലത്ത് നിരവധി പുസ്തകങ്ങള്‍ ചെക്കോസ്ലൊവാക്യയില്‍ നിന്ന് പടിഞ്ഞാറന്‍ മുതലാളിത്ത രാജ്യങ്ങളിലേയ്ക്ക് കടത്തിയിട്ടുള്ളയാളാണ് റാഡക് ഷൊവാനക്.1977 ഓഗസ്റ്റില്‍ ചെക്കോസ്ലോവാക്യയിലെത്തിയപ്പോളാണ് ജെര്‍മി കോര്‍ബിന്‍ രഹസ്യരേഖകളില്‍ ഇടം പിടിച്ചത്. അതേസമയം ജെര്‍മി കോര്‍ബിന് സോവിയറ്റ് യൂണിയനോട് ഒരു തരത്തിലുള്ള അനുഭാവവുമുണ്ടായിരുന്നില്ലെന്ന് 1980കള്‍ മുതല്‍ അദ്ദേഹവുമായി അടുപ്പമുള്ള മുന്‍ എംപിമാര്‍ പറയുന്നു. സോവിയറ്റ് യൂണിയന്റേയും അമേരിക്കയുടേയും നയങ്ങളെ കോര്‍ബിന്‍ ഒരു പോലെ എതിര്‍ത്തിരുന്നു. ഇരു ചേരികളും ലോക സമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. 1989 ഡിസംബറില്‍ നാല് ബ്രിട്ടീഷ് എംപിമാര്‍ ചെക്കോസ്ലൊവാക്യയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വന്ന ഒരു പ്രമേയത്തില്‍ ഒപ്പുവച്ചിരുന്നു. ചെക്കോസ്ലൊവാക്യയിലെ സ്റ്റാലിനിസ്റ്റ് ഗവണ്‍മെന്റിനും അഴിമതിക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും എതിരെ സമരം ചെയ്ത തൊഴിലാളികളെ അഭിനന്ദിച്ചുകൊണ്ടുള്ള ആ പ്രമേയത്തില്‍ ഒപ്പ് വച്ച നാല് എംപിമാരില്‍ ഒരാള്‍ ജെര്‍മി കോര്‍ബിന്‍ ആയിരുന്നു.

1950കളിലും 60കളിലുമായി മൂന്ന് ബ്രിട്ടീഷ് എംപിമാരെ ചെക്കോസ്ലൊവാക്യ വിലയ്‌ക്കെടുത്തിരുന്നു. ലേബര്‍ പാര്‍ട്ടി എംപിമാരായ ജോണ്‍ സ്‌റ്റോണ്‍ഹൗസ്, വില്യം ഓവന്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റേയ്മണ്ട് മോബി എന്നിവരെ. വില്യം ഓവന് എസ്ടിബി നല്‍കിയിരുന്ന നിക് നെയിം Greedy Bastard എന്നായിരുന്നു. 5000 പൗണ്ട് ആയിരുന്നു വിവരം ചോര്‍ത്തുന്നതിന് അദ്ദേഹത്തിന് ചെക്കോസ്ലോവാക്യ നല്‍കിയിരുന്ന പ്രതിഫലം. വില്യം ഓവന്‍ 15 വര്‍ഷവും മറ്റുള്ളവര്‍ 10 വര്‍ഷവും എസ്ടിബിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഏജന്റുമാരുടെ A വിഭാഗത്തിലാണ് ഇവരുടെ ഫയലുകളുള്ളത്. ഇത് സംബന്ധിച്ച് ആയിരക്കണക്കിന് പേജുകള്‍ വരുന്ന രേഖകളുണ്ട്. ഭാവി പദ്ധതികള്‍, തന്ത്രങ്ങള്‍, റിക്രൂട്ട്‌മെന്റ്, യോഗങ്ങളുടെ മിനുട്ട്‌സ്, ഏജന്റുമാര്‍ - അവരുടെ പെര്‍ഫോമന്‍സ് തുടങ്ങിയവയെല്ലാം വിശദമായി പരാമര്‍ശിക്കുന്നു. സ്റ്റോണ്‍ഹൗസും മോബിയും ചെക്കോസ്ലൊവാക്യക്ക് വേണ്ടി ചാരപ്പണി നടത്തുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ ബ്രിട്ടീഷ് ചാര സംഘടനയായ എംഐ 5ന് ലഭിച്ചിരുന്നു.

സോവിയറ്റ് ചാര സംഘടനയായ കെജിബിയുമായി ബന്ധം പുലര്‍ത്തി എന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ ലിറ്റററി എഡിറ്ററായിരുന്ന റിച്ചാര്‍ഡ് ഗോട്ട് 1994ല്‍ രാജി വച്ചത്. എന്തായാലും കോര്‍ബിനുമായി ബന്ധപ്പെട്ട് സ്റ്റാസി (ഈസ്റ്റ് ജര്‍മ്മന്‍ രഹസ്യ പൊലീസ്) ഫയലുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കോര്‍ബിനുമായി ബന്ധപ്പെട്ട രേഖകളില്ലെന്നാണ് ജര്‍മ്മന്‍ രഹസ്യാന്വേഷണ സംഘടനകള്‍ പറയുന്നത്.

Next Story

Related Stories