ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സേനയിൽ നിന്ന് ഇറാഖിനോ സിറിയക്കോ യാതൊരു ഭീഷണിയും ഇല്ലെന്ന് ബ്രിട്ടീഷ് മേജര്‍ ജനറല്‍. ഇറാഖിലും സിറിയയിലും ഐസിസ് തീവ്രവാദത്തിനെതിരെ പോരാടുന്ന ഓപ്പറേഷൻ ഇൻഹറെന്റ് റിസോള്‍വിന്റെ (ഒ.ഐ.ആര്) ഡെപ്യൂട്ടി കമാന്‍ഡറാണ് മേജര്‍ ജനറല്‍ ക്രിസ്റ്റഫർ ഘിക. ഇതോടെ പശ്ചിമേഷ്യയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുന്നതിന് അമേരിക്ക മുന്നോട്ടു വെക്കുന്ന എല്ലാ വാദങ്ങളും പൊളിയുകയാണ്.
എന്നാല്‍, തൊട്ടുപിറകെ ക്രിസ്റ്റഫർ ഘികയുടെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് പെന്റഗണ്‍ രംഗത്തെത്തി. ഇറാഖിലെയും സിറിയയിലെയും സൈന്യങ്ങൾ ഇറാനില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ജാഗ്രതയിലാണെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
സിറിയും ഇറാഖും ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷിയാ സഖ്യത്തില്‍ നിന്നും കനത്ത ഭീഷണി നേരിടുകയാണെന്ന വാര്‍ത്തകളെ ശക്തിയുക്തം ചോദ്യം ചെയ്യുകയാണ് ക്രിസ്റ്റഫർ ഘിക. ഇക്കാരണം പറഞ്ഞാണ് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് 52 ബോംബര്‍ വിമാനങ്ങളും, സര്‍വ്വ സജ്ജമായ വിമാനവാഹിനി കപ്പലുകളും അമേരിക്ക അയച്ചത്. “ഇപ്പോള്‍ ഒരു ആശങ്കയുമില്ല, തീവ്രവാദികളുടേയും അവരെ സഹായിക്കുന്നവരുടേയും സാന്നിദ്ധ്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. അവരേ വ്യക്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഷിയാ വിഘടനവാദികള്‍ നിരീക്ഷണത്തിലാണ്. അസാധാരണമായ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കും” എന്നാണ് ഘിക വ്യക്തമാക്കിയത്.
അതേസമയം ഒ.ഐ.ആര് ഡെപ്യൂട്ടി കമാൻഡറുടെ ഈ അഭിപ്രായ പ്രകടനത്തെ പൂര്‍ണ്ണമായും തള്ളുന്ന തരത്തിലാണ് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചത്. മേഖലയിൽ ഇറാനിയൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും ഭീഷണിയുണ്ട് എന്ന് അമേരിക്കന്‍ സഖ്യസേനക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തെളിവുകളില്‍നിന്ന് വ്യക്തമാണെന്ന് അവര്‍ പറയുന്നു. ഇതോടെ ഘിക സ്വന്തം സേനക്ക് ലഭിക്കുന്ന വിവരങ്ങള്‍ പോലും അറിയുന്നില്ലേ എന്ന വിമര്‍ശമാണ് ഉയരുന്നത്. ഇറാഖ് അധിനിവേശത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു അധിനിവേശത്തിനുകൂടെ അമേരിക്ക തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇറാന്റെ ബിനാമികളായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ അമേരിക്കാന്‍ സഖ്യസേനയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നു എന്നതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചതായി യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ യൂറോപ്പിലെ സഖ്യകക്ഷികളെ ബോധ്യപ്പെടുത്താന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയൊ ബ്രസ്സൽസിലേയ്ക്ക് തിരിച്ചു. ‘അമേരിക്കക്ക് ഇറാനുമായി ഒരു യുദ്ധത്തിന് ഒട്ടും താല്പര്യമില്ലെന്നും പക്ഷെ, ഇറാന് അതാണ് ആഗ്രഹിക്കുന്നതെന്നും പോംപിയൊ മാധ്യമാങ്ങളോട് പറഞ്ഞു.
അമേരിക്കയുമായുള്ള ഭിന്നത സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി ഇറാനും രംഗത്തെത്തി. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു.