വിദേശം

പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വധിക്കാന്‍ ശ്രമിച്ച മനുഷ്യാവകാശപ്രവര്‍ത്തക ആസ്മ ജഹാംഗീര്‍ അന്തരിച്ചു

Print Friendly, PDF & Email

സൈനികഭരണകാലത്ത് രാഷ്ട്രീയാവകാശങ്ങളും മൌലികാവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനത്തില്‍ പങ്കാളിയായതിന് 1983ല്‍ ആസ്മ ജഹാഗീറിനെ ആദ്യം വീട്ടുതടങ്കലിലും പിന്നീട് ജയിലിലും അടച്ചു.

A A A

Print Friendly, PDF & Email

പാകിസ്ഥാനിലെ പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകയും മുതിര്‍ന്ന അഭിഭാഷകയുമായിരുന്ന ആസ്മ ജഹാംഗീര്‍ ലാഹോറില്‍വെച്ച് അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. 66 വയസ്സായിരുന്നു. “ഇന്നു രാവിലെ ആസ്മക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഉടന്‍ തന്നെ ഹമീദ് ലതീഫ് ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെവെച്ച് അവര്‍ അന്ത്യശ്വാസം വലിച്ചു. ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല” എന്ന് മുതിര്‍ന്ന അഭിഭാഷകനായ അദീല്‍ രാജ പറഞ്ഞു.

തന്റെ ജീവിത കാലം മുഴുവന്‍ ജനാധിപത്യത്തിന് വേണ്ടിയും സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും പോരാടിയ അസ്മ ജഹാംഗീര്‍ 1952ലാണ് ജനിച്ചത്. ജഹാംഗീര്‍ ജീസസ് ആന്റ് മേരി കോണ്‍വെന്റിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം 1978ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി ബിരുദം നേടി. 1987ല്‍ നിലവില്‍ വന്ന പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ സഹസ്ഥാപകയാണ് അസ്മ ജഹാംഗീര്‍. 1993ല്‍ കമ്മീഷന്റെ അധ്യക്ഷയായി ഉയര്‍ത്തപ്പെടുന്നതുവരെ അതിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു. പിന്നീട്, സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

‘സൌത്ത് ഏഷ്യന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സി’ന്റെ സഹഅധ്യക്ഷയായിരുന്നു. കോടതിയിതരമോ നിയമാനുസൃതമല്ലാത്തതോ ചോദ്യംചെയ്യാതെയുള്ളതോ ആയ വധശിക്ഷകളെ സംബന്ധിച്ച കാര്യങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യക വക്താവായിരുന്നു. പിന്നീട്, മതത്തില്‍നിന്നോ വിശ്വാസത്തില്‍നിന്നോ ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളവയുടെ വക്താവായി മാറി.

സൈനികഭരണകാലത്ത് രാഷ്ട്രീയാവകാശങ്ങളും മൌലികാവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനത്തില്‍ പങ്കാളിയായതിന് 1983ല്‍ ജഹാഗീര്‍ ആദ്യം വീട്ടുതടങ്കലിലും പിന്നീട് ജയിലിലും ആയിരുന്നു. പാകിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ മുഹമ്മദ് ചൌധരിയെ ഭരണഘടനാവിരുദ്ധമായി സസ്പെന്‍ഡ് ചെയ്തതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ അഭിഭാഷകരുടെ കൂടെ പങ്കെടുത്തതിന് 2007 നവംബറില്‍ അവരെ വീണ്ടും വീട്ടുതടങ്കലിലാക്കി. അസ്മയെ വധിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു എന്ന വിവരം അഞ്ചു വര്‍ഷം മുന്‍പ് ചോര്‍ന്നിരുന്നു. തന്നെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തണം എന്നു അവര്‍ പാക് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

2010ലെ സിതാര-ഇ-ഇംതിയാസും ഹിലാല്‍-ഇ-ഇംതിയാസും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മനുഷ്യാവകാശസംസ്കാരത്തിന്റെ പ്രചാരത്തിനായി യുനെസ്കോയുടെ പുരസ്കാരം, ഫ്രാന്‍സിലെ ഒഫീസ്യ ദെ ല ദ്ന്യോര്‍ എന്നിവയും ലഭിച്ചിട്ടുണ്ട്. 2010ലെ ഫ്രീഡം അവാര്‍ഡും 2014ലെ റൈറ്റ് ലൈവ്‍ലിഹുഡ് അവാര്‍ഡും കരസ്ഥമാക്കിയത് ആസ്മ ജഹാംഗീറായി‌രുന്നു.

ആസ്മ ജഹാംഗീറിന് രണ്ടു പെണ്‍മക്കളും ഒരു മകനുമുണ്ട്. അവരുടെ മകള്‍ മുനീസ ജഹാംഗീര്‍ ടിവി അവതാരകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍