UPDATES

വിദേശം

പാക് അധീന കശ്മീരിനെ ആക്രമിക്കാൻ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്ന് ഇമ്രാൻ ഖാൻ, പ്രതിരോധിക്കാൻ ‘അവസാനം വരെ പോരാടു’മെന്നും പാക് പ്രധാനമന്ത്രി

പാകിസ്താന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാക് അധീന കശ്മീരിലെ മുസാഫറാബാദ് പ്രസംഗിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍

പാക്കിസ്ഥാനെ ആക്രമിക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ടെന്നും അതിനെ പ്രതിരോധിക്കാൻ ‘അവസാനം വരെ പോരാടു’മെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ആര്‍എസ്എസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാക് അധീന കശ്മീരിൽ ഇന്ത്യ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നതിനെക്കുറിച്ച് പാക് സൈന്യത്തിന് പൂർണമായ വിവരമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. ‘ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ നടത്തിയാൽ അവസാനം വരെ പോരാടുമെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങൾ പ്രതികരിക്കും, യുദ്ധം ചെയ്യേണ്ടി വന്നാല്‍ പാകിസ്ഥാൻ സൈന്യത്തെ രാജ്യം മുഴുവൻ പിന്തുണയ്ക്കും. മുസ്ലീങ്ങൾ അല്ലാഹുവിനു മുമ്പിലല്ലാതെ മറ്റാരുടെയും മുമ്പിൽ തലകുനിക്കില്ല. കാശ്മീരില്‍ നിങ്ങള്‍ നിങ്ങളുടെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ ഞങ്ങൾ നിങ്ങളെ (മോദിയെ) ഒരു പാഠം പഠിപ്പിക്കും’- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മുസ്‍ലിം ഭൂരിപക്ഷരാജ്യങ്ങളുൾപ്പെടെയുള്ള മുഴുവൻ ലോകവും യു.എന്നിലേക്ക് കണ്ണുനട്ടിരിക്കുകയാണെന്നും ആരൊക്കെ പാകിസ്‍താനെ പിന്തുണയ്ക്കുമെന്ന് സെപ്റ്റംബറിൽ നടക്കുന്ന യു.എൻ. പൊതുസഭാസമ്മേളനത്തിൽ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ കണ്ണുകൾ കശ്മീരിലും പാകിസ്താനിലുമാണ്. എല്ലാ അന്താരാഷ്ട്രവേദികളിലും ഞാൻ കശ്മീരിന്റെ ശബ്ദമാകും. കശ്മീർ നടപടിയിലൂടെ നയതന്ത്രപരമായ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. അവർ കശ്മീർവിഷയത്തെ ഇപ്പോൾ അന്താരാഷ്ട്രവത്കരിച്ചിരിക്കുകയാണ്. നിരോധനാജ്ഞക്കാലത്ത് കശ്മീരിലുണ്ടായ സംഭവങ്ങൾക്ക് ഉത്തരവാദി ഇന്ത്യയാണെന്ന് ലോകസമൂഹത്തോടു വിളിച്ചുപറയുമെന്നും ഇമ്രാൻ പറഞ്ഞു.

ആർ‌എസ്‌എസിന്‍റെ പ്രത്യയശാസ്ത്രം നാസികളുടേതു പോലെതന്നെ അപകടകരമാണെന്നും ആർട്ടിക്കിൾ 370 പിൻവലിക്കുക എന്നതാണ് അവര്‍ മുന്നോട്ടുവെക്കുന്ന ‘അന്തിമ പരിഹാര’മെന്നും ഖാൻ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, നിയന്ത്രണ രേഖയെ (Line of Control) ‘വെടിനിർത്തൽ രേഖ’ (Ceasefire Line) എന്ന് പുനർനാമകരണം ചെയ്യുമെന്ന് പാക് അധീന കാശ്മീരിലെ പ്രധാനമന്ത്രി രാജാ ഫാറൂഖ് ഹൈദർ അതേ സമ്മേളനത്തിൽ പറഞ്ഞു. നിയമസഭ അതിനായുള്ള പ്രമേയം കൊണ്ടുവരുമെന്നും, പുനർനാമകരണം ചെയ്തുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ രേഖ എന്നുതന്നെയായിരുന്നു ഈ മേഖല അറിയപ്പെട്ടിരുന്നത്. 1972 ലെ സിംല കരാറിന്‍റെ ഭാഗമായാണ് നിയന്ത്രണ രേഖയെന്ന് പുനര്‍നാമകരണം ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍