Top

ഇറാന്‍ ലോകത്തിന് ഭീഷണിയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ; യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ ശക്തമായ ഉപരോധം

ഇറാന്‍ ലോകത്തിന് ഭീഷണിയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ; യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ ശക്തമായ ഉപരോധം
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വിലക്കുകള്‍ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. തീരുമാനത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോയില്ലെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടി ഉപരോധം വ്യാപിപ്പിക്കും. ഇറാന്‍റെ പ്രവൃത്തികള്‍ ലോകത്തിന് തന്നെ അപകടകരമാണെന്നും പോംപിയോ ട്വിറ്ററില്‍ കുറിച്ചു.

2015-ലെ ആണവ കരാറിലെ വ്യവസ്ഥകൾ പ്രകാരം അനുവദനീയമായ അളവിനേക്കാള്‍ അധികം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ തുടരുകയാണ്. അണുബോംബ് നിര്‍മ്മിക്കില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥകളില്‍ ഒന്ന്. അന്താരാഷ്ട്ര ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിന് പകരമായി ആണവ പദ്ധതികള്‍ വന്‍തോതില്‍ ചുരുക്കുമെന്നും ഇന്‍റര്‍നാഷണല്‍ ആറ്റോമിക് എനർജി ഏജൻസി (ഐ‌എ‌ഇ‌എ)-യുടെ പരിശോധനകൾക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍, ട്രംപ് ആ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറുകയും, ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. അതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഹോര്‍മുസ് കടലിലെ കപ്പല്‍ ആക്രമണ ആരോപണവും, അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതും കൂടിയായപ്പോള്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ട്രംപ് ഭരണകൂടം ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അത് ഇറാൻ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടങ്ങൾ നഷ്ടപ്പെടുകയും രാജ്യത്തെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയപ്പോഴും ഇറാന്‍ അത് പിന്തുടര്‍ന്നിരുന്നുവെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ട്രംപ് ഉപരോധത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതോടെയാണ്‌ ഇറാനും ശക്തമായി പ്രതികരിക്കാന്‍ തയ്യാറായത്. ഇപ്പോള്‍ ആയുധ നിർമാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2015-ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശം വയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ, 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് യുഎന്നിന്‍റെ കീഴിലുള്ള രാജ്യാന്തര ആണവോർജ ഏജൻസി റിപ്പോർട്ട് ചെയ്തത്.

ഇഷ്ടമുള്ളത്ര അളവില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി വ്യക്തമാക്കിയിരുന്നു. . അങ്ങിനെ സംഭവിച്ചാല്‍ അത് ഇറാന് കനത്ത തിരിച്ചടിയാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആണവ കരാർ ദുർബലമായാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെകുറിച്ചും തുടർന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഹസ്സൻ റൂഹാനിയുമായി ചര്‍ച്ച നടത്തി. പ്രശ്നത്തില്‍ ഇടപെടാന്‍ യൂറോപ്യന്‍ യൂണിയനുമേലും ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ യൂണിയന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. ട്രംപ് ഏർപ്പെടുത്തിയ ഉപരോധങ്ങളില്‍ നിന്ന് ഇറാനെ സംരക്ഷിക്കാന്‍ കരാർ ഒപ്പിട്ട മറ്റു രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഓരോ 60 ദിവസം കഴിയുമ്പോഴും കരാറിലെ ഓരോ വ്യവസ്ഥകളില്‍ നിന്നും പിന്നോട്ടു പോകുമെന്ന് ഇറാന്‍റെ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

Read More: ‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

Next Story

Related Stories