Top

പുരോഹിതന്റെ ബാലപീഡനം; വത്തിക്കാനിലെ ക്രിമിനല്‍ വിദഗ്ധര്‍ ചിലിയിലേക്ക്

പുരോഹിതന്റെ ബാലപീഡനം; വത്തിക്കാനിലെ ക്രിമിനല്‍ വിദഗ്ധര്‍ ചിലിയിലേക്ക്
രാജ്യത്തെ ഏറ്റവും കുപ്രസിദ്ധ ബാലപീഢകനായ പുരോഹിതനെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന് ഇരകള്‍ ആരോപിക്കുന്ന ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതിനായി വത്തിക്കാനിലെ ഏറ്റവും പ്രമുഖരായ ക്രിമിനല്‍ വിദഗ്ധരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചിലിയിലേക്ക് അയച്ചു. ചിലി ബിഷപ്പായ റെവറന്റ് ജുവാന്‍ ബാരോസിനെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പറയുന്നത് കേള്‍ക്കുന്നതിനായി മാള്‍ട്ട് ആര്‍ച്ച്ബിഷപ്പ് ചാള്‍സ് സ്‌കിക്ലൂന ആ രാജ്യത്തേക്ക് പോകുമെന്ന് വത്തിക്കാന്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇക്കഴിഞ്ഞ ചിലി സന്ദര്‍ശന വേളയില്‍ ബാരോസ് വിവാദം മേല്‍ക്കൈ നേടിയിരുന്നു. പുരോഹിതരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനകേസുകളില്‍ മാര്‍പ്പാപ്പ മൃദുസമീപനമാണ് പുലര്‍ത്തുന്നതെന്ന ആരോപണവും ശക്തമാണ്. അദ്ദേഹത്തിന്റെ അടുത്ത ഉപദേശകരില്‍ ഒരാളായ കര്‍ദിനാള്‍ സീന്‍ ഒ'മക്കെല്ലി തന്നെ മാര്‍പ്പാപ്പയുടെ മൃദുസമീപനത്തെ വിമര്‍ശിച്ച് രംഗത്തുവരികയും അദ്ദേഹത്തെ തിരുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2011ല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഢിപ്പിച്ചുവെന്ന് വത്തിക്കാന്‍ തന്നെ കണ്ടെത്തിയ രാഷ്ട്രീയ സ്വാധീനമുള്ള റെവറന്റ് ഫെര്‍ണാണ്ടോ കരഡിമയെ സംരക്ഷിക്കുന്നവെന്നാണ് ബാരോസിനെതിരെയുള്ള ആരോപണം.

ചെറിയ കുട്ടികളെ കരഡിമ ചുംബിക്കുന്നത് ബരോസും ചില സഹവൈദികരും കണ്ടിരുന്നതായും പുരോഹിതന്റെ മനോവൈകല്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും ചിലി അധികൃതര്‍ നേരത്തെ കണ്ടെത്തിയരുന്നു. കരഡിമയെ നിരോധിച്ചുകൊണ്ട് വത്തിക്കാന്‍ തീരുമാനം എടുത്തതിന് ശേഷം ബാരോസിനെയും കരഡിമ പരിശീലിപ്പിച്ച മറ്റ് രണ്ട് വൈദികരെയും രാജിവെക്കാന്‍ പ്രേരിപ്പിക്കണമെന്ന് ചിലിയില്‍ നിന്നുള്ള ഒരും സംഘം ബിഷപ്പുമാര്‍ വത്തിക്കാന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2015ല്‍ അയച്ച കത്ത് അന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നതുമാണ്.

എന്നാല്‍ ഈ വൈദികര്‍ക്കെതിരായ തെളിവുകള്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി മാര്‍പ്പാപ്പ തന്നെ ഈ ആവശ്യത്തിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. പ്രാദേശിക ബിഷപ്പുമാരുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് 2015 ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബാരോസിനെ ഒസോര്‍ണോ രൂപതയുടെ തലവനായി നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടി ഓസോര്‍ണോ രൂപതയില്‍ വിഭജനം സൃഷ്ടിച്ചിരുന്നു. ഒരു സംഘം പുരോഹിതരും അല്‍മായക്കാരും നിയമനത്തിനെതിരെ രംഗത്തുവരികയും അദ്ദേഹത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

എന്നാല്‍ ബാരോസിനെതിരായ ആരോപണങ്ങള്‍ വെറും അപവാദങ്ങള്‍ മാത്രമാണെന്നും ശക്തമായ തെളിവുകള്‍ ഇല്ലാതെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആവില്ലെന്നുമുള്ള നിലപാടില്‍ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉറച്ചുനിന്നത്. എന്നാല്‍ കരഡിമയുടെ ഇരകള്‍ ബാരോസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്ന വസ്തുത മാര്‍പ്പാപ്പ മനസിലാക്കിയിരുന്നില്ല എന്നാണ് അനുമാനിക്കപ്പെടുന്നത്. ദീര്‍ഘകാലമായി വത്തിക്കാന്റെ ശിശൂ പീഢന കേസുകളില്‍ വാദം കേള്‍ക്കുന്ന വ്യക്തിയാണ് സ്‌കിക്ലൂന. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും കുപ്രസിദ്ധനായ ശിശുപീഢകനും ലീജിയണ്‍ ഓഫ് ക്രൈസ്റ്റ് എന്ന വിശ്വാസി സമൂഹം സ്ഥാപിച്ച വ്യക്തിയുമായ റെവറന്റ് മാര്‍ഷ്യന്‍ മസീലിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.

Next Story

Related Stories