TopTop
Begin typing your search above and press return to search.

ചൈനയ്ക്കെതിരെ ജനാധിപത്യ വാദികള്‍ വീണ്ടും തെരുവില്‍; ഹോങ്കോങ്ങ് കൈമാറ്റ വാര്‍ഷികം സംഘര്‍ഷഭരിതം

ചൈനയ്ക്കെതിരെ ജനാധിപത്യ വാദികള്‍ വീണ്ടും തെരുവില്‍; ഹോങ്കോങ്ങ് കൈമാറ്റ വാര്‍ഷികം സംഘര്‍ഷഭരിതം

ഹോങ്കോങിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ വീണ്ടും പ്രധാന റോഡുകൾ കയ്യടക്കി. ഹോങ്കോങ്ങ് ചൈനയ്ക്ക് കൈമാറിയതിന്‍റെ വാർഷികത്തോടനുബന്ധിച്ച് വലിയ ജനാധിപത്യ അനുകൂല റാലിയാണ് അവിടെ നടക്കുന്നത്. അർദ്ധ സ്വയംഭരണ നഗരമായ ഹോങ്കോങ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി വമ്പിച്ച ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കുറ്റവാളികളെ ചൈനക്ക് കൈമാറാന്‍ സാഹചര്യമൊരുക്കുന്ന ബില്ലിനെതിരെയാണ് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രക്ഷോഭ പരിപാടികള്‍ അവിടെ അരങ്ങേറിയത്. സമരത്തിനുമുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിരുന്നു.

മുഖംമൂടിധാരികളായ ചെറുപ്പക്കാരാണ് മൂന്ന് പ്രധാന പാതകൾ കയ്യടക്കിയിരിക്കുന്നത്. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘ദുഷിച്ച നിയമം പിൻവലിക്കൂ’ എന്നാണ് അവര്‍ മുഴക്കുന്ന മുദ്രാവാക്യം. പ്രതിഷേധക്കാർക്കിടയിയിലേക്ക് പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനീസ് അനുകൂലികളായ ചില നേതാക്കളുടെ പിന്‍ബലത്തോടെ നഗരത്തിന്റെ സ്വാതന്ത്ര്യത്തെയും സംസ്കാരത്തെയും തകർക്കാനാണ് ചൈന ശ്രമിക്കുന്നത് എന്ന ആശങ്കയാണ് പ്രതിഷേധക്കാര്‍ പങ്കുവയ്ക്കുന്നത്.

1997 ജൂലൈ 1-നാണ് ഹോങ്കോങിനെ ബ്രിട്ടണ്‍ ചൈനക്ക് കൈമാറുന്നത്. ‘ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ’ എന്ന ക്രമീകരണത്തിലാണ് ഇവിടെ ഇപ്പോഴും ഭരണം നടക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയില്‍ കാണാത്ത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് ഹോങ്കോങുകാര്‍ അനുഭവിക്കുന്നത്. എന്നാല്‍ ചൈന കരാറില്‍നിന്നും പിന്മാറുന്നുവെന്ന ഭയപ്പാടിലാണ് ജനങ്ങള്‍.

ഹോങ്കോങിന്‍റെ പരമാധികാരം ചൈനക്ക് കൈമാറിയതിന്‍റെ വാർഷികത്തോടനുബന്ധിച്ച് എല്ലാ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടക്കാറുണ്ട്. വലിയ സർക്കാർ വിരുദ്ധ പ്രതിഷേധവും അതേ ദിവസം തന്നെ നടക്കും. നഗരത്തിലെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം അടക്കമുള്ള കൂടുതൽ ജനാധിപത്യ സ്വാതന്ത്ര്യമാണ് അവര്‍ ആവശ്യപ്പെടുന്നത്. സമരങ്ങളില്‍ അടുത്ത കാലത്തായി വലിയ ബഹുജന പങ്കാളിത്തമാണ് ഉണ്ടാകുന്നതെങ്കിലും ചൈന ഒട്ടും അനുകൂലമായല്ല പ്രതികരിക്കുന്നത്. ഹോങ്കോങില്‍ ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ബഹുജന പ്രതിഷേധമാണിത്.

അതേസമയം, പ്രതിഷേധക്കാരോട് ക്ഷാമാപണം നടത്തിയ ഹോങ് കോങ് ഭരണാധിപ കാരി ലാം ‘സര്‍ക്കാര്‍ വളരെയധികം മെച്ചപ്പെടാനുണ്ടെന്നു ബോധ്യപ്പെട്ടതായും’ പറഞ്ഞു. ‘പൊതു വികാരങ്ങൾ കൃത്യമായി മനസിലാക്കേണ്ടന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു രാഷ്ട്രീയക്കാരിയെന്ന നിലയിൽ ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയാണ്. ഭരണപരമായ കാര്യക്ഷമത സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങളെ ക്ഷമയോടെ കേള്‍ക്കേണ്ടതുണ്ട്’- കാരി ലാം പറഞ്ഞു. വിവാദ ബില്‍ അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് അവര്‍ നടത്തിയ ധിക്കാരപരമായ പ്രസ്ഥാവനയില്‍നിന്നും തീര്‍ത്തും വിഭിന്നമായ അഭിപ്രായ പ്രകടനമാണിത്. നഗരത്തെ പിടിച്ചുകുലുക്കിയ നിരവധി പ്രതിഷേധ പരമ്പരകൾ യുവാക്കളടക്കമുള്ള പൊതുസമൂഹത്തെ കേള്‍ക്കണമെന്നാണ് പഠിപ്പിക്കുന്നതെന്ന് അവര്‍ ഇപ്പോള്‍ പറയുന്നു.

രണ്ടു തരത്തിലുള്ള പ്രധിഷേധ പ്രകടനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒന്ന് ചൈനയെ അനുകൂലിക്കുന്നവര്‍ നടത്തുന്നതും രണ്ട്, ചൈനയെ എതിര്‍ക്കുന്നവര്‍ നടത്തുന്നതും. ആഘോഷപരിപാടികളില്‍ ചൈനയില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

Read More: രാജ് കുമാറിന്‍റേത് പൊലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്

Next Story

Related Stories