Top

തുര്‍ക്കി പ്രസിഡന്റ് എർദോഗന് വീണ്ടും തിരിച്ചടി; ഇസ്താംബുള്‍ മേയർ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് ലോകം ഉറ്റുനോക്കി?

തുര്‍ക്കി പ്രസിഡന്റ് എർദോഗന് വീണ്ടും തിരിച്ചടി; ഇസ്താംബുള്‍ മേയർ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് ലോകം ഉറ്റുനോക്കി?
തുർക്കിയിലെ ഇസ്താംബുള്‍ മേയർ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വീണ്ടും തിരിച്ചടി. പ്രസിഡന്റ് റെസിപ് തയിപ് എർദോഗന്‍റെ പാര്‍ട്ടി വീണ്ടും തോല്‍വി ഏറ്റ് വാങ്ങി. പ്രതിപക്ഷ സ്ഥാനാർത്ഥി എക്രെം ഇമാമോഗ്ലു ഭൂരിപക്ഷം നേടി. മുൻ പ്രധാനമന്ത്രികൂടിയായ ബിനാലി യിദ്രിമായിരുന്നു എതിർ സ്ഥാനാർത്ഥി. ജനാധിപത്യം പരാജയപ്പെടുമെന്ന് പലരും ഭയപ്പെടുന്ന ഒരു രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ വിജയം പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാനുന്നത്.

കഴിഞ്ഞ മാർച്ചിൽ നടന്ന ആദ്യറൗണ്ടിലും എർദോഗന്‍റെ എകെ പാര്‍ട്ടിയെ എക്രെം പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ തോല്‍വിക്കു കാരണം തെരഞ്ഞെടുപ്പു അട്ടിമറിയാണെന്ന് ആരോപിച്ച് വീണ്ടും നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിനാലി യിദ്രിം വിജയിക്ക് ആശംസകള്‍ അറിയിച്ചു. മാർച്ച് 31-ലെ തിരഞ്ഞെടുപ്പ് തുർക്കിയുടെ ദുർബലമായ ജനാധിപത്യ സ്ഥാപനങ്ങളുടെയും, എർദോഗന്‍റെ ഭാവിയുടെയും മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഒരു പരീക്ഷണവുമായിരുന്നു.

ഈ തോല്‍വി സഖ്യകക്ഷി സർക്കാരിനുള്ളിൽ പുതിയ അധികാര പോരാട്ടങ്ങൾക്ക് ശക്തമായ കാരണമാകും. എ.കെ.പി-യുടെ തോല്‍‌വിയില്‍ പ്രതിപക്ഷം മതിമറന്ന് ആഘോഷിക്കുകയാണ്. ‘ഞങ്ങൾ ഇസ്താംബൂളിൽ പുതിയൊരു അദ്ധ്യായം ആരംഭിക്കുകയാണ്. ഈ അദ്ധ്യായത്തില്‍ നീതിയും, സമത്വവും, സ്നേഹവും ഉണ്ടാകും. 16 ദശലക്ഷം ഇസ്താംബുള്‍ നിവാസികള്‍ ജനാധിപത്യത്തിലുള്ള അവരുടെ വിശ്വാസം പുതുക്കിയ ദിനമാണിത്’- ഇമാമോഗ്ലു പ്രതികരിച്ചു. ‘തുര്‍ക്കിയിലെ ജനാധിപത്യം ഇപ്പോഴും സംരക്ഷിക്കപ്പെടുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത എല്ലാ വോട്ടര്‍മാരോടും’
അദ്ദേഹം നന്ദി പറഞ്ഞു.

99 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ പീപ്പിൾസ് റിപ്പബ്ലിക്കൻ പാർട്ടി (സിഎച്ച്പി) സ്ഥാനാർത്ഥി 54% വോട്ടുകള്‍ നേടി വിജയമുറപ്പിച്ചപ്പോള്‍തന്നെ അഭിനന്ദനവുമായി എര്‍ദോഗന്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇമാമോഗ്ലുവിനെ അഭിനന്ദിച്ചത്. എര്‍ദോഗന് വ്യക്തിപരമായിതന്നെ കനത്ത തിരിച്ചടിയാണിത്.

നേരത്തെ, എ.കെ.പിയുടെ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് ഇമാമോഗ്ലുവിന്‍റെ വിജയം തിരഞ്ഞെടുപ്പ് ബോർഡ് റദ്ദാക്കിയത്. ബാലറ്റ് പേപ്പര്‍ അട്ടിമറിയായിരുന്നു ആരോപണം. അത് ഭരണകക്ഷിയുടെ അണികൾക്കിടയില്‍ പോലും പ്രകോപനം സൃഷ്ടിച്ചു. രണ്ടാംഘട്ട പ്രചാരണത്തില്‍ തന്‍റെ എതിരാളിയുമായുള്ള വിടവ് നികത്താൻ യിദ്രിമിന് കഠിനമായി പരിശ്രമിക്കേണ്ടി വന്നു. തൊഴിലാളിവർഗവും യാഥാസ്ഥിതികരും ഉള്‍പ്പടെയുള്ള പാർട്ടിയുടെ അടിത്തറയിലേക്ക് പമാവധി ഇറങ്ങിച്ചെല്ലാന്‍ അദ്ദേഹം പരിശ്രമിച്ചു. തുർക്കി നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാരിന് ഇങ്ങനെയൊരു മറുപടി കൊടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. എന്തുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ഭരണപക്ഷം പരാജയപ്പെട്ടിരുന്നു.

തുര്‍ക്കിയുടെ ഭാവിക്കുവേണ്ടി എന്ന മുദ്രാവാക്യമാണ് എക്രെം ഇമാമോഗ്ലു പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചത്. നഗരത്തിലെ മത, വർഗ്ഗ, വംശീയ വിഭാഗങ്ങളില്‍ ഉടനീളം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അതാണ്‌ അദ്ദേഹത്തിന്‍റെ വിജയത്തില്‍ നിര്‍ണ്ണായകമായത്.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

Next Story

Related Stories