Top

മത, വംശവെറികള്‍ക്കപ്പുറം വേരുകളുള്ള റോഹിങ്ക്യന്‍ പലായന ചരിത്രം

മത, വംശവെറികള്‍ക്കപ്പുറം വേരുകളുള്ള റോഹിങ്ക്യന്‍ പലായന ചരിത്രം
മ്യാന്‍മാറിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നായ റാഖൈനെയിലെ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായി വര്‍ഷങ്ങളായി നടക്കുന്ന പീഡനങ്ങളും അവരുടെ പലായനങ്ങളും സമീപ ആഴ്ചകളില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചത് ലോകമെങ്ങും ചര്‍ച്ച വിഷയമാണ്. മത-ഗോത്ര വ്യത്യാസങ്ങളാണ് പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സ്വന്തം നാട്ടില്‍ നിന്നും അവരെ അടിച്ചോടിക്കുന്നതിനും പ്രധാന കാരണമെന്നാണ് പരക്കെയുള്ള വിശ്വാസം. അരക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയുടെ (എആര്‍എസ്എ) ചെറുത്ത് നില്‍പ്പുകള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രക്തരൂക്ഷിതമാക്കിയിട്ടുമുണ്ട്.

നോബല്‍ സമ്മാന ജേതാവും മ്യാന്‍മറിലെ പ്രധാനമന്ത്രിക്ക് തത്തുല്യ പദവിയായ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സങ് സൂകി ഇന്ന് അതിക്രമങ്ങളെ അപലപിക്കുകയും രാജ്യം ഒറ്റക്കെട്ടായി സമ്പല്‍ സമൃദ്ധിയിലേക്ക് മുന്നേറണമെന്ന് അഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ സുകി പോലും ഈ അതിക്രമങ്ങളെ അപലപിക്കാന്‍ വൈകിയത് വംശീയവിദ്വേഷത്തിന്റെ ഭാഗമായി തന്നെയാണ് വിലയിരുത്തപ്പെട്ടത്. അതിനാല്‍ തന്നെ അവര്‍ പുരസ്‌കാരത്തിന് അര്‍ഹയാണോ എന്ന ചോദ്യവും വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു.

ഈ സാഹചര്യത്തില്‍ രോഹിങ്ക്യകള്‍ വേട്ടയാടപ്പെടുന്നതിന്റെ മറ്റ് ചില കാരണങ്ങള്‍ കൂടി അന്വേഷിക്കുകയാണ് theconversation.com. 135 അംഗീകൃത ഗോത്ര വിഭാഗങ്ങള്‍ (റോഹിങ്ക്യകളെ 1982-ല്‍ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു) ഉള്ള മ്യാന്‍മറില്‍ ഇത്തരം ഒരു വേട്ടയാടലിന്റെ മറ്റ് കാരണങ്ങള്‍ ഇല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന കോണ്‍വര്‍സേഷനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. റോഹിങ്ക്യകളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴെങ്കിലും ആഗോള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍, വേട്ടയാടലിന്റെയും മുറിവേല്‍പ്പിക്കന്നതിന്റെയും കുടിയൊഴിക്കപ്പെടുന്നതിന്റെയും യഥാര്‍ത്ഥകാരണങ്ങള്‍ അന്വേഷിക്കപ്പെടാതെ തുടരുകയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇവിടെ റോഹിങ്ക്യകളുടെ മാത്രമല്ല, മ്യാന്‍മറിലെ മറ്റ് ന്യൂനപക്ഷ സമൂഹങ്ങളായ കച്ചിന്‍, ഷാന്‍, കരെന്‍, ചിന്‍, മോണ്‍ എന്നിവയുടെല്ലാം അവസ്ഥ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമാനമാണ്.ഭൂമി തട്ടിയെടുക്കലും ജപ്തി ചെയ്യലും മ്യാന്‍മാറില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രവണതയാണ്. ഭരണകൂടത്തിന്റെ പിന്‍ബലത്തോടെയാണ് ഇത് നടക്കുന്നത്. 1990കളില്‍ അധികാരം പട്ടാളത്തിന്റെ കൈകളിലായതോടെ, ഒരു നഷ്ടപരിഹാരവും നല്‍കാതെ എല്ലാ മതങ്ങളിലും ഗോത്രങ്ങളിലുംപ്പെട്ട ചെറുകിടക്കാരുടെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. 'വികസനപ്രവര്‍ത്തനങ്ങള്‍'ക്ക് എന്ന ഓമനപ്പേരിലായിരുന്നു ഈ ക്രൂരത. സൈനിക ആസ്ഥാനങ്ങളുടെ നിര്‍മ്മാണം, പ്രകൃതി വിഭവങ്ങളുടെ ചൂഷണവും ഖനനവും, വന്‍കിട കാര്‍ഷിക പദ്ധതികള്‍, പശ്ചാത്തല സൗകര്യം, വിനോദസഞ്ചാരം തുടങ്ങിയ പറഞ്ഞുകേട്ട സര്‍വ്വ പദ്ധതികളും 'വികസനത്തില്‍' ഉള്‍പ്പെട്ടിരുന്നു. ഉദാഹരണത്തിന്, വ്യാപക സ്വര്‍ണ ഖനനം നടത്തുന്നതിനായി കച്ചിന്‍ സംസ്ഥാനത്തെ 500 ഏക്കര്‍ ഗ്രാമീണ ഭൂമിയാണ് സൈന്യം പിടിച്ചെടുത്തത്. അടിച്ചേല്‍പ്പിച്ച വികസന പ്രവര്‍ത്തനപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് രാജ്യത്തിനകത്തും ബംഗ്ലാദേശ്, ഇന്ത്യ, തായ്‌ലന്റ് അതിര്‍ത്തികളിലൂമായി ആയിരക്കണക്കിന് ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ഇവരില്‍ പലരും കടല്‍ മാര്‍ഗ്ഗം ഇന്തോനേഷ്യ, മലേഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതമായി.

2011ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് രാജ്യത്തെ സമ്പദ്ഘടന തുറന്നുകൊടുത്തുകൊണ്ടുള്ള സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ മ്യാന്‍മറില്‍ അരങ്ങേറി. തൊട്ടുപിറകെ, 2012ല്‍ റൈഖനെ സംസ്ഥാനത്ത് റോഹിങ്ക്യകള്‍ക്കെതിരെ വ്യാപകമായും കരെനുകള്‍ക്കെതിരെ കുറഞ്ഞ അളവിലും നടന്നുകൊണ്ടിരുന്ന വേട്ടയാടലിന്റെ മൂര്‍ച്ഛ കൂടി. ഇതോടൊപ്പം കൃഷിഭൂമിയുടെ വിതരണത്തിലും പരിപാലനത്തിലും പുതിയ നിരവധി നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് ഭൂമി തട്ടിയെടുക്കല്‍ പരിപാടിക്ക് സര്‍ക്കാര്‍ ആക്കം കൂട്ടി. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി പിടിച്ചുപറിക്കാന്‍ സഹായിക്കുന്നതാണ് നിയമങ്ങള്‍ എന്ന ആരോപണം വ്യാപകമായിരുന്നു. ഉദാഹരണത്തിന് കാര്‍ഷികവ്യാപാരരംഗത്തെ ആഗോള ഭീമന്മാരായ പോസ്‌കോയെ പോലുള്ളവര്‍ മ്യാന്‍മാറിലേക്ക് പറന്നെത്തി. ചുരുക്കത്തില്‍ ഇന്ത്യയില്‍ ഇന്ന് വികസനത്തിന്റെ പേരില്‍ അരങ്ങേറുന്ന നിയമനിര്‍മ്മാണങ്ങളും പ്രചരണങ്ങളും തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മ്യാന്‍മറില്‍ അരങ്ങേറിയത്.

ഇത് കൂടാതെ പ്രാദേശിക ശക്തികളായ ചൈനയ്ക്കും ഇന്ത്യയ്ക്കും മ്യാന്‍മറില്‍ വ്യക്തമായ താല്‍പര്യങ്ങളുണ്ട്. 1990കള്‍ മുതല്‍ തന്നെ ചൈനീസ് കമ്പനികള്‍ മ്യാന്മാറിലെ വടക്കന്‍ സംസ്ഥാനമായ ഷാനിലെ തടിയും നദികളും ധാതുക്കളും ചൂഷണം ചെയ്യുന്നുണ്ട്. ഇത് പല ആഭ്യന്തര കലഹങ്ങള്‍ക്കും കാരണമായി. സൈനിക ഭരണകൂടവും കച്ചിന്‍ ഇന്റിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷനും (കെഐഒ) തമ്മിലുള്ള സായുധ സംഘര്‍ഷങ്ങള്‍ സാധാരണമായി. കെഐഒയുടെ കിഴക്കന്‍ കച്ചിലെയും വടക്കന്‍ ഷാനിലെയും സഖ്യകക്ഷികളും പോരാട്ടത്തില്‍ അണിചേര്‍ന്നു.

റൈഖനെയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യ-ചൈന അതിര്‍ത്തി ബന്ധങ്ങളുടെ ഭാഗമായുള്ള താല്‍പര്യങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഈ സംസ്ഥാനത്തിലുണ്ട്. പശ്ചാത്തല, പൈപ്പ് ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഈ താല്‍പര്യങ്ങള്‍. ഈ പദ്ധതികള്‍ മ്യാന്‍മറിലാകെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നികുതിയും എണ്ണ, വാതക വരുമാനവും ലഭ്യമാക്കും എന്ന പ്രലോഭിപ്പിച്ചുകൊണ്ട് മേഖലയിലെ രണ്ട് വന്‍ശക്തികള്‍ ഈ കൊച്ചു രാജ്യത്തെ പറ്റിക്കുന്നു. ഉദാഹരണത്തിന് 2013 സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച റൈഖനെയുടെ തലസ്ഥാനമായ സിറ്റ്വയില്‍ നിന്നും ചൈനയിലെ കുണ്‍മിംഗിലേക്കുള്ള പൈപ്പ്‌ലൈനിന്റെ കാര്യം തന്നെയെടുക്കാം. മ്യാന്‍മാറില്‍ നിന്നുള്ള എണ്ണയും വാതകവും മ്യാന്‍മറിലെ ഷ്വെ വാതകപ്പാടങ്ങളില്‍ നിന്നും ചൈനയിലെ ഗുവാംഗ്ഷ്വായില്‍ എത്തിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് കാര്യം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇനി ഇന്ത്യയുടെ കാര്യമെടുക്കാം. കലദാന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി സെറ്റ്വെയില്‍ ഒരു ആഴക്കടല്‍ തുറമുഖത്തിന് ഇന്ത്യ ധനസഹായം നല്‍കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. മിസോറാം സംസ്ഥാനത്തെ ബംഗാള്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുക എന്നതാണ് ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ താല്‍പര്യം. മാത്രമല്ല റൈഖനയുടെ തീരപ്രദേശങ്ങള്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുപോലെ ത്ന്ത്രപ്രാധാന്യമുള്ള മേഖലയാണ്. തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മ്യാന്‍മര്‍ ഭരണകൂടം ഈ പദ്ധതികള്‍ക്കെല്ലാം പച്ചക്കൊടികാട്ടുകയും 'ദ്രുതഗതിയിലുള്ള വികസന'ത്തിന് എന്ന് പാവപ്പെട്ട ജനങ്ങളെ തെറ്റിധരിപ്പിച്ച് ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ കൂടുതല്‍ ചടുലമാക്കുകയും ചെയ്യുന്നു. കൂടാതെ മ്യാന്‍മറില്‍ വംശീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ ബംഗ്ലാദേശിന്റെ ശ്രമങ്ങള്‍ മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്.

മ്യാന്‍മറിലെ ഭൂമി പിടിച്ചുപറിക്ക് ഇരയാവുന്നവര്‍ വളരെ ദുര്‍ബലമായ ഒരവസ്ഥയില്‍ ജീവിക്കുന്നവരാണ്. നടപടി പൂര്‍ത്തിയാവുന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാകുന്നു. രാജ്യത്ത് നിന്ന തന്നെ ജനങ്ങളെ അടിച്ചോടിക്കുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായി ഇപ്പോള്‍ രോഹിങ്ക്യകള്‍ മാറി. ഒരു സമൂഹം പ്രാന്തവല്‍ക്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതോടെ അവരുടെ ദൈന്യത കുറയ്ക്കാനും അവരുടെ ആസ്തി ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ സംരക്ഷിയ്ക്കാനും ബുദ്ധിമുട്ടായി തീരും. രോഹിങ്ക്യകളുടെ കാര്യത്തില്‍ അവസ്ഥ കൂടുതല്‍ ദയനീയമാണ്. രോഹിങ്ക്യകളുടെ ബര്‍മീസ് പൗരത്വം പിന്‍വലിച്ചതോടെ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

ക്രൂരമായ വേട്ടയാടലില്‍ നിന്നും രക്ഷപ്പെടാനായി 1970കള്‍ക്ക് ശേഷം മാത്രം ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തിട്ടുള്ളത്. എത്തപ്പെടുന്ന രാജ്യങ്ങളിലും ദൗര്‍ഭാഗ്യവശാല്‍ അവര്‍ പ്രാന്തവല്‍കൃതരായി തുടരുന്നു. ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു രാജ്യവും തയ്യാറാവാത്തതോടെ ഒരോ സ്ഥലത്തുനിന്നും അവര്‍ അടിച്ചോടിക്കപ്പെടുന്നു. ഈ തന്ത്രം നടപ്പിലാക്കുന്നതിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇവരെ കൂടുതല്‍ ദുര്‍ബലരാക്കുന്നു. മ്യാന്‍മറിലും അയല്‍രാജ്യങ്ങളിലും നടക്കുന്ന ന്യൂനപക്ഷ വേട്ടയുടെയും അടിച്ചിറക്കപ്പെടുന്നതിന്റെയും ഒരു വലിയ ചിത്രമാണ് രോഹിങ്ക്യകള്‍ നല്‍കുന്നത്. മ്യാന്‍മറിലെ മത, ഗോത്ര പ്രശ്‌നങ്ങളുടെ പ്രസക്തിയും സങ്കീര്‍ണതകളും ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ കുടിയൊഴിപ്പിക്കപ്പെലുകളുടെ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മൂലകാരണങ്ങളും അവയുടെ രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലവും അവഗണിക്കാനും സാധിക്കില്ല.

Next Story

Related Stories