TopTop
Begin typing your search above and press return to search.

യുകെയിലെ മാധ്യമ സ്വാതന്ത്ര്യ സമ്മേളനത്തില്‍ റഷ്യന്‍ മാധ്യമങ്ങള്‍ ആര്‍ടിക്കും സ്പുട്‌നിക്കിനും പ്രവേശനമില്ല

യുകെയിലെ മാധ്യമ സ്വാതന്ത്ര്യ സമ്മേളനത്തില്‍ റഷ്യന്‍ മാധ്യമങ്ങള്‍ ആര്‍ടിക്കും സ്പുട്‌നിക്കിനും പ്രവേശനമില്ല
ലണ്ടനിൽ‌ നടക്കാന്‍ പോകുന്ന മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ‌ പങ്കെടുക്കുന്നതിൽ‌ നിന്നും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവമായ പങ്ക്’ വഹിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് റഷ്യന്‍ ടൈംസ്‌ (ആര്‍.ടി) ടി.വി ചാനലിനും, സ്പുട്‌നിക് ന്യൂസ് ഏജന്‍സിക്കും ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വിലക്കേര്‍പ്പെടുത്തിയത്.

കാനഡയുടെ സഹകരണത്തോടെ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന സമ്മേളനത്തില്‍ അറുപതോളം മന്ത്രിമാരും, 1,000 മാധ്യമപ്രവർത്തകരും, പൊതുജനങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെറ്റായ വിവരങ്ങൾ‌ പ്രചരിപ്പിക്കുന്നതിൽ‌ ഈ രണ്ടു മാധ്യമങ്ങളും മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാലാണ് അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ബ്രിട്ടീഷ് വിദേശകാര്യ വക്താവ് പറഞ്ഞു. ‘അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കാന്‍ കഴിയില്ല. എന്നാല്‍, റഷ്യയിൽ നിന്നടക്കം ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുന്നുമുണ്ട്’- അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടന്‍റെ നീക്കത്തെ അപലപിച്ച റഷ്യൻ എംബസി ഇത് ‘രാഷ്ട്രീയ പ്രേരിതവും വിവേചനവുമാണ്’ എന്ന് പ്രസ്താവിച്ചു. ‘മാധ്യമ സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോള്‍ തന്നെ വിമത ശബ്ദങ്ങള്‍ നിരോധിക്കുകയും ബദൽ മാധ്യമങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രത്യേകതരം കാപട്യമാണ്’ ഇതെന്ന് ആര്‍.ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജ വാർത്തകൾ ഉൾപ്പെടെയുള്ള മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് അന്താരാഷ്ട്ര ചർച്ചയും സഹകരണവും വർദ്ധിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ ഉദ്ദേശമെന്ന് സംഘാടകർ പറയുന്നു. കിഴക്കൻ യൂറോപ്പിലുടനീളം തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനും, ടിഞ്ഞാറൻ ബാൽക്കണിലെ സ്വതന്ത്ര മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായി 18 മില്യൺ ഡോളർ ചിലവഴിക്കുമെന്ന് സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൺ പ്രഖ്യാപിച്ചു.

Next Story

Related Stories