TopTop

ഇത് 'സാമ്പത്തിക ഭീകരവാദം' - അമേരിക്കന്‍ ഉപരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍

ഇത്
ഇറാനെതിരെ സാമ്പത്തിക ഭീകരവാദമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിലെ (ഐ‌എ‌ഇ‌എ) ഇറാനിയൻ അംബാസഡർ കസീം ഗാരിബ് അബാദി. വിയന്നയിൽ നടക്കുന്ന ഐ‌എ‌ഇ‌എ-യുടെ അടിയന്തര യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉപരോധം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ പല രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക സാമ്പത്തിക ഭീകരത അടിച്ചേൽപ്പിക്കുകയാണെന്ന്’ അദ്ദേഹം പറഞ്ഞു.

പരമാധികാര രാജ്യങ്ങളുടെമേലും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെമേലും നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധങ്ങൾ അടിച്ചേല്‍പ്പിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന അമേരിക്കയുടെ മനോഭാവം അവസാനിപ്പിക്കണമെന്നും അബാദി ആവശ്യപ്പെട്ടു. ഇറാന്‍റെ ആണവക്കരാർ ലംഘനവും തുടർന്ന് പശ്ചിമേഷ്യയിലുണ്ടായിട്ടുള്ള സംഘർഷാവസ്ഥയും പഠിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷകസംഘം വിയന്നയിൽ പ്രത്യേക യോഗം ചേരുന്നത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാനാണ് വന്‍ശക്തികളായ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന ഇറാന്‍റെ ആരോപണം നിലനില്‍ക്കെയാണ് യോഗം നടക്കുന്നത്.

2015-ലെ ആണവ കരാറിലെ വ്യവസ്ഥകൾ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സംബുഷ്ടീകരണം നടത്തിയതായി ഐ‌എ‌ഇ‌എ കണ്ടെത്തിയിരുന്നു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ അമേരിക്കന്‍ ഉപരോധത്തിന്‍റെ ആഘാതം ലഘൂകരിക്കുന്നതിന് കരാറില്‍ അവശേഷിക്കുന്ന കക്ഷികൾ, പ്രത്യേകിച്ചും യുകെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങള്‍, കൂടുതൽ ഒന്നും ചെയ്യാത്തിടത്തോളം കാലം കരാറിലെ ചില വ്യവസ്ഥകള്‍ അവഗണിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ അഭ്യർഥനമാനിച്ചാണ് അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസിയിൽ ഉൾപ്പെടുന്ന 35 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ചർച്ച നടത്തിയത്.

കരാർ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിക്കാനും ആണവപദ്ധതികൾ പുനരാരംഭിക്കാനുമുള്ള നീക്കത്തിൽനിന്ന് ഇറാൻ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇറാന്‍ നടത്തുന്നത് ‘ആണവ തട്ടിപ്പാണെന്നും, അന്താരാഷ്ട്ര സമൂഹത്തില്‍നിന്നും കൂടുതല്‍ പണം കൈക്കലാക്കാനുള്ള അപരിഷ്‌കൃത ശ്രമമാണിതെന്നും യു.എസ് പ്രതിനിധി ജാക്കി വോൾക്കോട്ട് പ്രതികരിച്ചു. ആണവക്കരാറിലെ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്ന് ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചൊവ്വാഴ്ച ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനുമായുള്ള പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാക്കിയത് അമേരിക്കയുടെ ഏകപക്ഷീയമായ ഇടപെടലുകളാണെന്ന ആരോപണവുമായി ചൈന രംഗത്തുവന്നിരുന്നു.
അമേരിക്കയാണ് ആദ്യം കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറിയത്. അതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായി.

ഹോര്‍മുസ് കടലിലെ കപ്പല്‍ ആക്രമണ ആരോപണവും, അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതും കൂടിയായപ്പോള്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതോടെ ഇറാൻ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടങ്ങൾ നഷ്ടപ്പെടുകയും രാജ്യത്തെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു. അതോടെ, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനി വ്യക്തമാക്കി. 2015-ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശം വയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാൽ, 300 കിലോഗ്രാമിൽ കൂടുതൽ ആണവ ഇന്ധനം ഇറാൻ ശേഖരിച്ചതായാണ് ഐ‌എ‌ഇ‌എ കണ്ടെത്തിയത്.

Next Story

Related Stories