വിദേശം

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതായി ആരോപണം; കാനഡയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി റദ്ദാക്കി

കാനഡയിലായാലും ലോകത്തിന്റെ ഏത് ഭാഗത്തായാലും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി കാനഡ നിലകൊള്ളുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശം എന്ന് പറയുന്നത് മനുഷ്യാവകാശം തന്നെയാണെന്നും ക്രിസ്റ്റിയ സൗദിയെ ഓര്‍മ്മിപ്പിച്ചു.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതായി ആരോപിച്ച് കാനഡയുമായുള്ള ബന്ധം മുറിക്കാന്‍ സൗദി അറേബ്യ. കാനഡ അംബാസഡറെ പുറത്താക്കുകയും കാനഡയിലെ സൗദി അംബാസഡറെ തിരിച്ചുവിളിക്കുകയും വ്യാപാര ബന്ധവും നിക്ഷേപങ്ങളും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ റിയാദില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് റദ്ദാക്കി. സ്ത്രീകള്‍ അടക്കമുള്ള പൗരാവകാശ പ്രവര്‍ത്തകരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കാനഡ വിദേശകാര്യ മന്ത്രാലയവും കനേഡിയന്‍ എംബസിയും സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദി ഗവണ്‍മെന്റിനെ പ്രകോപിപ്പിച്ചത്. സ്ത്രീകളുടെ ഡ്രൈവിംഗ് അവകാശത്തിന് വേണ്ടിയും സ്ത്രീകള്‍ക്ക് മേലുള്ള പുരുഷ രക്ഷാകര്‍തൃത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നവരെയാണ് സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

അതേസമയം ജയിലിലുള്ള പൗരാവകാശ പ്രവര്‍ത്തകരുടെ വിവരം പുറത്തുവിടാന്‍ സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്. സൗദിയുടെ നടപടികളില്‍ പ്രതികരണവുമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രംഗത്തെത്തി. കാനഡയിലായാലും ലോകത്തിന്റെ ഏത് ഭാഗത്തായാലും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി കാനഡ നിലകൊള്ളുമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശം എന്ന് പറയുന്നത് മനുഷ്യാവകാശം തന്നെയാണെന്നും ക്രിസ്റ്റിയ സൗദിയെ ഓര്‍മ്മിപ്പിച്ചു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന അറിയപ്പെടുന്ന ആക്ടിവിസ്റ്റ് സമര്‍ ബദാവി അടക്കമുള്ളവരെയാണ് സൗദി ജയിലിലാക്കിയിരിക്കുന്നത്. എന്നാല്‍ കാനഡയുടെ ആവശ്യം മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ കൈകടത്തലും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായതുമാണെന്നാണ് സൗദിയുടെ വിമര്‍ശനം. ഈ പ്രശ്‌നത്തില്‍ തങ്ങള്‍ സൗദിയെ പിന്തുണക്കുന്നതായി ബഹ്‌റൈനും യുഎഇയും വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍