Top

ഖഷോഗിയുടെ തിരോധാനം: വിരട്ടലും വിലപേശലും വേണ്ടെന്ന് അമേരിക്കയോട് സൗദി, അടിച്ചാല്‍ തിരിച്ചടിക്കും

ഖഷോഗിയുടെ തിരോധാനം: വിരട്ടലും വിലപേശലും വേണ്ടെന്ന് അമേരിക്കയോട് സൗദി, അടിച്ചാല്‍ തിരിച്ചടിക്കും
തുര്‍ക്കിയിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കാണാതാവുകയും കൊല്ലപ്പെട്ടതായി സംശയിക്കുന്നയാളുമായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കേസില്‍ തങ്ങളെ ഭീഷണിപ്പെടുത്താനോ സമ്മര്‍ദ്ദത്തിലാക്കാനോ ആരും ശ്രമിക്കേണ്ടെന്ന് സൗദിയുടെ മുന്നറിയിപ്പ്. ഭീഷണികള്‍ക്ക് വഴങ്ങില്ല. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിക്കാനറിയാം - അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് സൗദി മുന്നറിയിപ്പ് നല്‍കി. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന്‍ യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തൊന്‍ നടത്തിയ നീക്കങ്ങളില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് ഇതെന്നാണ് സൂചന. സൗദി അറേബ്യയാണ് ഖഷോഗിയെ വധിച്ചതെന്ന് വ്യക്തമായാല്‍ കടുത്ത ശിക്ഷാ നടപടി അവര്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് സൗദി ഗവണ്‍മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ വ്യാപാരത്തില്‍ അടക്കം തങ്ങളെ വിശ്വസിക്കാമെങ്കില്‍ അത് എല്ലാത്തിലും ആവാം എന്നതാണ് സൗദിയുടെ നിലപാട്. അതേസമയം വാഷിംഗ്ടണിലെ സൗദി എംബസി മയപ്പെട്ട നിലപാടാണ് ട്വീറ്റ് ചെയ്തിരുന്നത്. അന്വേഷണത്തില്‍ തെറ്റായ നിഗമനത്തില്‍ എത്താതിരിക്കുന്ന യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി എന്നാണ് ഇതില്‍ പറയുന്നത്.
സൗദി ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന വിമത മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സൗദി സൈനികരും സുരക്ഷാഭടന്മാരും അടങ്ങുന്ന സംഘമാണ് ഇസ്താംബുളിലെ കോണ്‍സുലേറ്റില്‍ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് തുര്‍ക്കി തുടക്കം മുതല്‍ ആരോപിച്ചിരുന്നെങ്കിലും സൗദി ഇത് നിഷേധിക്കുകയായിരുന്നു. ഖഷോഗി കോണ്‍സുലേറ്റിന് പുറത്തേയ്ക്ക് വരുന്ന ഒരു ദൃശ്യം പോലും ഇതുവരെ വന്നിട്ടില്ല. ഖഷോഗിയുടെ തിരോധാനം വലിയ അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് സൗദിക്ക് മേലുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും സംഭവത്തില്‍ ആശങ്ക അറിയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണത്തിന് സംയുക്ത സംഘത്തെ നിയോഗിക്കാനുള്ള സന്നദ്ധത സൗദി അറിയിച്ചു. അതേസമയം സഹകരിച്ചുള്ള അന്വേഷണമല്ല, ഖഷോഗിയുടെ തിരോധാനം ചര്‍ച്ച ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നു പിന്നീട് സൗദി വിശദീകരിച്ചു. സല്‍മാന്‍ രാജാവ് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. തങ്ങളുടെ കയ്യില്‍ കൊലപാതകത്തിന്റെ എല്ലാ തെളിവുകളുമുണ്ടെന്നാണ് തുര്‍ക്കി പറഞ്ഞിരുന്നതെങ്കിലും ഇത് പുറത്തുവിടാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൗദി ഉദ്യോഗസ്ഥരാണ് ഖഷോഗിയെ വധിച്ചത് എന്നായിരുന്നു തുര്‍ക്കി ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച വിവരങ്ങളായി അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

https://www.azhimukham.com/world-saudi-isolation-grows-over-khashoggi-disappearance/
https://www.azhimukham.com/foreign-jamalkhashoggi-missing-journalist-controversy/

Next Story

Related Stories