UPDATES

വിദേശം

‘അമ്മയോട് പറയണം, ഞാനമ്മയെ സ്നേഹിച്ചിരുന്നെന്ന്’; സൈബീരിയന്‍ മാള്‍ തീപിടുത്തത്തില്‍ മരിച്ച പതിനൊന്നുകാരി അവസാനമായി പറഞ്ഞു

ഞായറാഴ്ച സൈബീരിയന്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീ പിടിത്തത്തില്‍ 64 പേരാണ് മരിച്ചത്

സിനിമ തിയറ്ററില്‍ തീ പടര്‍ന്നുതുടങ്ങിയ നേരത്ത് കുട്ടികളുടെ ഒരു സിനിമയായിരുന്നു കാണിച്ചുകൊണ്ടിരുന്നത്. പ്രദര്‍ശനശാല നിറച്ചും ആളുണ്ടായിരുന്നു. അധികവും കുട്ടികള്‍. അതില്‍ നിരവധിപേര്‍ മരിച്ചുപോയി. പലരും മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമങ്ങളും വഴി കണ്ണീരോടെ വിടവാങ്ങി.

ഞായറാഴ്ച ഒരു സൈബീരിയന്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീ പിടിത്തത്തില്‍ 64 പേരാണ് മരിച്ചത്. പരിഭ്രാന്തരായ കാണികള്‍ പുറത്തേക്കുള്ള വഴികള്‍ നോക്കി ഓടിയപ്പോള്‍ അവ അടച്ചിട്ടുണ്ടായിരുന്നു.

വിക്ടോറിയ പൊച്ചങ്കിന എന്ന 11-കാരിയും തീപിടിത്തത്തില്‍ മരിച്ച 64 പേരില്‍ ഉള്‍പ്പെടുന്നു.

“അവളെന്നെ അവസാനമായി വൈകീട്ട് 4:11നു വിളിച്ച്. അവിടെയെല്ലാം തീകത്തുകയാണെന്നും പ്രദര്‍ശനശാലയുടെ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പുറത്തുകടക്കാന്‍ ആകുന്നില്ലെന്നും പറഞ്ഞു,” വിക്ടോറിയയുടെ അമ്മായി യെവഗ്നിയാ ഒഗ്നെസ്യാന്‍ പറഞ്ഞു.

“ഞാന്‍ പറഞ്ഞു, വിക്ക, നിന്റെ കുപ്പായം ഊരി അത് നിന്റെ മൂക്കിന് ചുറ്റും കെട്ടൂ, തുണികള്‍ക്കിടയിലൂടെ ശ്വാസം വിടൂ,” ഒഗ്നെസ്യാന്‍ പറഞ്ഞു. “അവളെന്നോട് പറഞ്ഞു, ‘അമ്മയോട് പറയണം, ഞാന്‍ അമ്മയെ സ്നേഹിച്ചിരുന്നു എന്ന്.”

മോസ്കോയില്‍ നിന്നും 2,000 മൈലുകള്‍ കിഴക്കുമാറിയുള്ള, അര ദശലക്ഷത്തോളം പേര്‍ താമസിക്കുന്ന കെമെറോവോ എന്ന നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ് റഷ്യന്‍ അധികൃതര്‍. വ്യാപാര കേന്ദ്രത്തിന്റെ അടിയന്തര ബഹിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് തിങ്കളാഴ്ച്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു സുരക്ഷാ കാവല്‍ക്കാരന്‍ തീപിടിത്തമുണ്ടായാല്‍ അടിക്കേണ്ട അപായമണി പ്രവര്‍ത്തനരഹിതമാക്കി വെച്ചു എന്നും അവര്‍ പറയുന്നു.

തീയില്‍പ്പെട്ട ഉറ്റവര്‍ പറഞ്ഞ സമാനമായ കാര്യങ്ങള്‍ ബന്ധുക്കള്‍, അവരെ സഹായിക്കാനാകാത്ത വേദനയോടെ ഓര്‍ക്കുന്നു. തീ പടര്‍ന്നപ്പോള്‍ തങ്ങളുടെ മൂന്നു പെണ്‍മക്കള്‍ ‘ഷെര്‍ലക് ഗ്നോമെസ്’ കാണുകയായിരുന്നു എന്ന് അലെക്സാണ്ടറും ഓള്‍ഗ ലിലെവ്യാലിയും പറഞ്ഞു.

“എന്റെ മോള്‍ എന്നെ വിളിച്ചുകൊണ്ടേയിരുന്നു,” നിറഞ്ഞ കണ്ണുകളോടെ ലിലെവ്യാലി പറഞ്ഞു.

“എങ്ങനെയെങ്കിലും പുറത്തുകടക്കാന്‍ ഞാനവളോട് ഉറക്കെ വിളിച്ചുപറഞ്ഞു. പക്ഷേ എനിക്കൊന്നും ചെയ്യാനായില്ല. എന്റെ മുന്നില്‍ തീ മാത്രമായിരുന്നു.”

കച്ചവടക്കാരനായ ഈഗോര്‍ വോസ്ത്രിക്കോവിന് തന്റെ മൂന്നു മകളേയും ഭാര്യ യെലേനയെയും സഹോദരിയെയുമാണ് തീപിടിത്തത്തില്‍ നഷ്ടപ്പെട്ടത്. അവരെല്ലാം സിനിമാ ശാലയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി.

“ലെന എന്നെ അവിടെനിന്നും വിളിച്ചു. അവള്‍ അലറിവിളിച്ചു, ‘ഞങ്ങളെ രക്ഷിക്കൂ, രക്ഷിക്കൂ, ഞങ്ങള്‍ കുടുങ്ങിപ്പോയിരിക്കുന്നു’ എന്ന്.”

വൈകീട്ട് 5 മണിയോടെയാണ് മൂന്നു സിനിമാശാലകളും ഒരു സ്കെയ്റ്റിങ് റിംഗും കുട്ടികള്‍ക്കുള്ള ഒരു കളിസ്ഥലവുമുള്ള നാലാം നിലയില്‍ തീ പടരാന്‍ തുടങ്ങിയത്.

വിദ്യാലയ അവധി തുടങ്ങുന്നത് ആഘോഷിക്കാന്‍ വന്ന ഒരുമിച്ചു പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികളും അവിടെയുണ്ടായിരുന്നു. കെമെറോവോയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ട്രെശ്യോവ്സ്കി ഗ്രാമത്തില്‍ നിന്നായിരുന്നു അവര്‍ വന്നത്.

തീപിടിത്തത്തില്‍ 6 പെണ്‍കുട്ടികളും മരിച്ചു. മരിക്കുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളിലിട്ട അവസാന സന്ദേശത്തില്‍ വിലേന ചേര്‍ണിക്കോവ എന്ന പെണ്‍കുട്ടി എഴുതി, “ഞാന്‍ എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കുന്നു.”

കുട്ടികളുടെ വിനോദ മുറിയിലെ ചവിട്ടുപായയിലാണ് തീ പടര്‍ന്നതെന്ന് കെമെറോവോ പ്രദേശത്തിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ വ്ലാഡിമിര്‍ ചേര്‍നോവ് പറഞ്ഞു. സമുച്ചയത്തിന്റെ മേല്‍ക്കൂരയിലൂടെയും ജനാലകളിലൂടെയും പുക പടരുന്നത്, താഴെ വീഴ്ച്ചയുടെ ആഘാതം ചെറുക്കാന്‍ ഒന്നുമില്ലാഞ്ഞിട്ടും ആളുകള്‍ മുകളില്‍ നിന്നും ചാടുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.

6 പേരെക്കുറിച്ച് ഇപ്പൊഴും അറിവില്ല. 13 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

കെട്ടിടത്തിന്റെ ഉടമകളും അറ്റകുറ്റപ്പണികള്‍ക്ക് ചുമതലപ്പെട്ടവരുമായ 5 പേരെ കസ്റ്റഡിയില്‍ എടുത്തതായി റഷ്യന്‍ അധികൃതര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചെങ്കിലും ആരുടെയെങ്കിലും പേര്‍ക്ക് കുറ്റം ചുമത്തണോയെന്നു തീരുമാനിച്ചിട്ടില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ക്കിടന്നാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിക്കേണ്ടിവന്നതെന്നതില്‍ ബന്ധുക്കള്‍ രോഷാകുലരാണ്. രക്ഷാപ്രവര്‍ത്തനത്തിലെ പോരായ്മകള്‍ക്ക് പലരും അധികാരികളെ കുറ്റപ്പെടുത്തി.

“എന്റെ അമ്മ അവിടെ ഉടനെ വന്നു, മൂന്നു മിനിറ്റിനുള്ളില്‍,” വോസ്ട്രിക്കോവ് പറഞ്ഞു. “സിനിമാ ശാലയുടെ വാതില്‍ തുടക്കാന്‍ അവര്‍ കരഞ്ഞു പറഞ്ഞു. അവരെ രക്ഷിക്കാനാകുമായിരുന്നു. മൂന്നു സിനിമാശാലകളില്‍ വാതില്‍ തുറന്ന ഒന്നില്‍ ആരും മരിച്ചില്ല.”

ചില മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കരിഞ്ഞുപോയതുകൊണ്ട് DNA പരിശോധനയില്‍ക്കൂടി മാത്രമേ തിരിച്ചറിയാന്‍ കഴിയൂ എന്ന് റഷ്യന്‍ ആരോഗ്യമന്ത്രി പറഞ്ഞു. സമുച്ചയം തകര്‍ക്കുമെന്നും അധികൃതര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍