TopTop
Begin typing your search above and press return to search.

ഇനി പുതിയ മുന്നേറ്റം, പുതിയ പോരാട്ടം: ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റു

ഇനി പുതിയ മുന്നേറ്റം, പുതിയ പോരാട്ടം: ജോര്‍ജ് വിയ ലൈബീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റു

കാല്‍പന്ത് മൈതാനത്ത് നിന്നും ഇനി പ്രസിഡന്റ് കുപ്പായത്തിലേക്ക്. ഫിഫയുടെ മുന്‍ ലോക ഫുട്ബോളര്‍ ജോര്‍ജ്ജ് വിയ ഇന്നലെ ലൈബീരിയന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. 47 വര്‍ഷത്തെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന ജനാധിപത്യപരവും സമാധാനപരവുമായ അധികാരകൈമാറ്റത്തിലൂടെയാണ് രാജ്യത്തിന്റെ സാരഥ്യം വിയ ഏറ്റെടുത്തത്. മൊണ്‍റോവിയയിലെ സാമുവല്‍ ഡിയോ ഫുഡ്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിന് പതിനായിരക്കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്.

മിലന്‍, ചെല്‍സി, പാരിസ് സെന്റ് ജര്‍മ്മന്‍ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള ഈ ബാലന്‍ ഡി'ഓര്‍ പുരസ്‌കാര ജേതാവില്‍ വലിയ പ്രതീക്ഷകളാണ് ലൈബീരിയക്കാര്‍ വച്ചുപുലര്‍ത്തുന്നത്. പുതിയ പ്രസിഡന്റിനെ കാണാന്‍ നൂറുകണക്കിന് മൈലുകള്‍ സഞ്ചരിച്ചാണ് മിക്കവരും രാജ്യത്തിന്റെ തലസ്ഥാനത്ത് എത്തിയത്. തന്റെ ജീവിതം സ്റ്റേഡിയങ്ങളിലായിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്റ്റേഡിയത്തില്‍ നില്‍ക്കുമ്പോള്‍ പ്രത്യേക വികാരമാണ് തോന്നുന്നതെന്നും സ്ഥാനം ഏറ്റെടുത്തുകൊണ്ട് വിയ പറഞ്ഞു. ജനങ്ങളുടെയും സര്‍വശക്തന്റെയും മുന്നിലാണ് താന്‍ പ്രതിജ്ഞ ചെയ്യുന്നതെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് തുരങ്കം വയ്ക്കില്ലെന്നും ചടങ്ങില്‍ വിയ ഉറപ്പുനല്‍കി.

പത്തുവര്‍ഷം നീണ്ട വിയയുടെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമാകുന്നത്. 2005ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിയ മത്സരിച്ചിരുന്നെങ്കിലും മുന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥന്‍ എല്ലെന്‍ ജോണ്‍സണ്‍ ഷെര്‍ലീഫിനോട് പരാജയപ്പെട്ടിരുന്നു. 2011ല്‍ വിന്‍സ്റ്റണ്‍ ടൂബ്മാന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും വിയയ്ക്ക് പരാജയം നേരിടേണ്ടി വന്നു. രാജ്യത്തെ യുവാക്കളുടെയും കമ്പോളത്തില്‍ കച്ചവടം നടത്തി ജീവിക്കുന്ന സ്ത്രീകളുടെയും പിന്തുണ കൊണ്ടാണ് തനിക്ക് ജയിക്കാന്‍ കഴിഞ്ഞതെന്ന് വിയ പറഞ്ഞു. ജനങ്ങളുടെ ഗവണ്‍മെന്റിനായിരിക്കും താന്‍ നേതൃത്വം നല്‍കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ജനസംഖ്യയില്‍ പകുതിയില്‍ അധികവും പട്ടിണിയില്‍ ജീവിക്കുന്ന രാജ്യമാണ് ലൈബീരിയ. ഇവിടുത്തെ പട്ടിണിപ്പാവങ്ങളാണ് വിയയുടെ റാലികളില്‍ പങ്കെടുത്ത ഭൂരിപക്ഷവും. അവരുടെ പ്രതീക്ഷകള്‍ എത്രത്തോളം നിറവേറ്റാന്‍ വിയയ്ക്ക് സാധിക്കും എന്നതാണ് അദ്ദേഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ജോര്‍ജ്ജ് വിയയെ പോലുള്ളവരുടെ കൈയില്‍ മാന്ത്രിക വടിയുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായി ലൈബീരിയയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഇബ്രാഹിം അല്‍-ബാക്രി നേയി ചൂണ്ടിക്കാണിക്കുന്നു. ലൈബീരിയയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിലും അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുന്നതിലും സര്‍ലീഫിന്റെ സവിശേഷ നേതൃത്വപാടവത്തിന് സാധിച്ചെങ്കിലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ കാണിച്ച ദൗര്‍ബല്യമാണ് അവരുടെ യുണൈറ്റഡ് പാര്‍ട്ടിയുടെ വീഴ്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മുന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തികനയങ്ങളും ജനങ്ങളുടെ അപ്രിയത്തിന് കാരണമായി. വിയയെ പിന്തുണയ്ക്കുന്നവരില്‍ ഭൂരിപക്ഷവും ചേരികളില്‍ നിന്നും വരുന്നവരാണ്. വിയയുടെ ഭരണത്തിന് കീഴില്‍ അവരുടെ ജീവിത സാഹര്യങ്ങളില്‍ മാറ്റമുണ്ടാക്കാനും അവസരസമത്വവും മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളും തങ്ങള്‍ക്കും ഉണ്ടാവുമെന്നും അവര്‍ കരുതുന്നു. ഇത് വലിയ വെല്ലുവിളിയാണ് ജോര്‍ജ്ജ് വിയയ്ക്ക് നല്‍കുന്നതെന്ന് നേയി ചൂണ്ടിക്കാണിക്കുന്നു. തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ അഴിമതിക്കെതിരായ പരാമര്‍ശങ്ങള്‍ ജോര്‍ജ്ജ് വിയ നടത്തിയത് ഈ സാഹചര്യത്തിലാണ്. ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണങ്ങള്‍ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പോകുന്നില്ലെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ താന്‍ പരാജയപ്പെട്ടതായി സര്‍ലീഫ് തന്നെ കഴിഞ്ഞ വര്‍ഷം സമ്മതിച്ചിരുന്നു. അവരുടെ മകനെ ഗവണ്‍മെന്റിന്റെ ഉന്നത പദവികളില്‍ പ്രതിഷ്ഠിച്ചതോടെ സ്വജനപക്ഷപാതവും അവര്‍ക്കെതിരെ ആരോപിക്കപ്പെട്ടു. എന്നാല്‍ അഴിമതി തുടച്ചു നീക്കുമെന്നും ലൈബീരിക്കാരുടെ ജീവിതം മാറ്റിമറിക്കുക എന്ന ഒറ്റ ഉദ്ദേശവും ലക്ഷ്യവുമാണ് തനിക്കുള്ളതെന്നും കഴിഞ്ഞ മാസം വിയ പ്രഖ്യാപിച്ചിരുന്നു. കടുത്ത ചൂടിനെ അവഗണിച്ച് മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബക്കാര്‍ കെയ്റ്റയും ഘാന പ്രസിഡന്റ് നാന അക്കുഫോ-അഡോയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അവസാനനിമിഷം ചടങ്ങില്‍ നിന്നും പിന്മാറി. പകരം ജല-ശുചീത്വ മന്ത്രിയാണ് ദക്ഷിണാഫ്രിക്കയെ ചടങ്ങില്‍ പ്രതിനിധീകരിച്ചത്.


Next Story

Related Stories