UPDATES

വിദേശം

ഈസ്റ്റര്‍ ദിന സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ചാവേറുകള്‍ ഇന്ത്യയിലെത്തിയിരുന്നു എന്നതിന് തെളിവില്ല: ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു ശ്രീലങ്കന്‍ തലവന്‍

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചാവേറുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നു എന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. ബോംബാക്രമണത്തിന് 17 ദിവസം മുമ്പ് ശ്രീലങ്കക്ക് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ഭീകരാക്രമണത്തെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് അയച്ചിരുന്നുവെന്നും, എന്നാല്‍ താന്‍ അത് അറിഞ്ഞില്ലായിരുന്നു എന്നും സിരിസേന പറഞ്ഞു.

‘ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിരുന്നെങ്കില്‍, അത് തടയാൻ ആവശ്യമായ നടപടികൾ ഞാൻ സ്വീകരിക്കുമായിരുന്നു’ എന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സിരിസേന പറഞ്ഞു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദ്ദേഹം. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 250-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏപ്രിൽ 16 മുതല്‍ സിരിസേന വിദേശപര്യടനത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഇൻറലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തിന് വിവരമറിയില്ലായിരുന്നു. എന്നാല്‍ പ്രതിരോധ സെക്രട്ടറിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസും ഈ വിഷയം അന്നുതന്നെ പരസ്പരം കൈമാറ്റം ചെയ്തിരുന്നു. ‘അതിനെകുറിച്ച് എന്തെങ്കിലും അറിയുമായിരുന്നെങ്കില്‍ ഞാന്‍ രാജ്യംവിട്ടു പോവില്ലായിരുന്നു’ എന്നും സിരിസേന വ്യക്തമാക്കി. ‘പ്രതിരോധ സെക്രട്ടറിയുടെ വലിയ വീഴ്ചയായിരുന്നു അത്. അതുകൊണ്ടാണ് പ്രതിരോധ സെക്രട്ടറിയേയും, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിനേയും തല്‍സ്ഥാനങ്ങളില്‍നിന്നും നീക്കിയത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോംബ് സ്ഫോടനത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സിരിസേന പറഞ്ഞു. അന്വേഷണത്തിന് ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Read More: വെള്ളമില്ല, വീടുകള്‍ വിണ്ടുകീറുന്നു, ഗുണ്ടാഭീഷണി; ഒടുവില്‍ ക്വാറിക്കെതിരെ സമരം ചെയ്ത മുണ്ടത്തടം കോളനിയിലെ ദളിതരെയും ആദിവാസികളെയും തല്ലിച്ചതച്ച് പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍